ലണ്ടൻ:
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ പോയിന്റ് പട്ടികയിൽ മുന്നിലുള്ള മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും ജയം. സിറ്റി സ്വന്തം തട്ടകത്തിൽ വാറ്റ്ഫോഡിനെ 3-1 നു കീഴടക്കിയപ്പോൾ ലിവർപൂൾ 4-2 നു ബേണ്‍ലിയെ മറികടന്നു. കിരീടത്തിനായി ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. 30 മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ സിറ്റി 74 പോയിന്റുമായി ഒന്നാം സ്ഥാനത്തും ലിവർപൂൾ 73 പോയിന്റുമായി രണ്ടാമതുമാണ്.
സ്ട്രൈക്കർ റഹിം സ്റ്റെർലിങിന്റെ ഹാട്രിക്കിലാണ് സിറ്റി, വാറ്റ്ഫഡിനെ 3–1നു തോൽപ്പിച്ചത്. 13 മിനിറ്റിനുള്ളിലായിരുന്നു താരത്തിന്റെ ഹാട്രിക്ക്. പ്രീമിയർ ലീഗിലെ ഏറ്റവും വേഗമേറിയ രണ്ടാമത് ഹാട്രിക്കാണ് സ്റ്റർലിംഗ് സ്വന്തമാക്കിയത്. ഗോളില്ലാതെ തീർന്ന ആദ്യപകുതിക്കു ശേഷമായിരുന്നു സ്റ്റെർലിങിന്റെ ഗോളുകൾ. 46–ാം മിനിറ്റിൽ സ്റ്റെർലിങ് പന്ത് വലയിലെത്തിച്ചത് ആദ്യം റഫറി ഓഫ്സൈഡ് വിളിച്ചെങ്കിലും പിന്നീട് ലൈൻസ്മാനുമായി ചർച്ച ചെയ്ത് ഗോൾ അനുവദിച്ചു. നാലു മിനിറ്റിനു ശേഷം ഡേവിഡ് സിൽവ, റിയാദ് മഹ്റെസ് എന്നിവർ തുടക്കമിട്ട മുന്നേറ്റം സ്റ്റെർലിങ് വീണ്ടും വലയിലെത്തിച്ചു. പത്തു മിനിറ്റിനകം സ്റ്റെർലിങ് തന്റെ ഹാട്രിക്ക് പൂർത്തിയാക്കി.
സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ റോബർട്ടോ ഫിൻമിനോ (19, 67 മിനിറ്റുകൾ), സാഡിയോ മാനെ (29, 90+3-ാം മിനിറ്റ്) എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്. ആറാം മിനിറ്റിൽ വാസ്റ്റ് വുഡിലൂടെ മുന്നിൽകടന്നശേഷമായിരുന്നു ബേണ്‍ലിയുടെ തോൽവി. പിന്നിലായശേഷം ഹോം മത്സരങ്ങളിൽ തുടർച്ചയായി നാല് ജയം സ്വന്തമാക്കുന്ന ടീമെന്ന നേട്ടം ലിവർപൂളിനെ തേടിയെത്തി. 2013ലും 2015ലും ചെൽസി ഈ നേട്ടം സ്വന്തമാക്കിയശേഷം ഇതാദ്യമാണ് പ്രീമിയർ ലീഗിൽ ഒരു ടീം ഇത്തരം ജയം നേടുന്നത്.
എന്നാൽ ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ടോട്ടനം ഹോട്സ്പർ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി. തരംതാഴ്ത്തൽ ഭീഷണിയിലായിരുന്ന സതാംപ്ടനാണ് ടോട്ടനമിനെ 2–1നു അട്ടിമറിച്ചത്. 26–ാം മിനിറ്റിൽ ഹാരി കെയ്ന്റെ ഗോളിൽ ടോട്ടനം മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിലെ അവസാനം രണ്ടു ഗോളുകളിൽ സതാംപ്ടൻ ജയിച്ചു കയറി.
മറ്റൊരു മത്സരത്തിൽ ആർസനൽ, മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2–0നു തോൽപ്പിച്ചു. ഗ്രാനിറ്റ് ഷാക്ക, പിയെറി എമെറിക് ഔബെമെയാങ് എന്നിവരുടെ ഗോളിലാണ് ആർസനൽ വിജയം.