തിരുവനന്തപുരം:
ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേരളത്തില്‍ ആദ്യഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലകളില്‍ സ്‌ക്വാഡ് രൂപീകരിച്ചു. ഉദ്യോഗസ്ഥര്‍ക്കുള്ള പ്രാഥമിക പരിശീലനം പൂര്‍ത്തിയായി. നോഡല്‍ ഓഫീസര്‍മാര്‍ക്കു കീഴില്‍ പ്രത്യേക ടീം രൂപവല്‍ക്കരിച്ചാണ് പ്രവര്‍ത്തനങ്ങള്‍.
ഉദ്യോഗസ്ഥര്‍ക്കു തിരഞ്ഞെടുപ്പ് ചുമതല നല്‍കുന്ന പ്രവര്‍ത്തനം പുരോഗമിക്കുന്നു. പൊലീസിന്റെ നേതൃത്വത്തില്‍ സുരക്ഷ ക്രമീകരിക്കാനുള്ള നടപടികളും തുടങ്ങി.
വോട്ടര്‍പട്ടികയില്‍ ഓണ്‍ലൈന്‍ ആയി പേരു ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്കു 10 ദിവസം മുന്‍പു വരെ പേരു ചേര്‍ക്കാം. പേരുകള്‍ വോട്ടര്‍പട്ടികയില്‍ ഉണ്ടോ എന്നറിയാന്‍ www.nvsp.in എന്ന വെബ്‌സൈറ്റില്‍ സൗകര്യമുണ്ട്. വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ നമ്പര്‍ 1950.
സംസ്ഥാനത്താകെ 24,970 പോളിങ് സ്റ്റേഷനുകളാണുള്ളത്. ജനുവരി 31 വരെയുള്ള വോട്ടര്‍പട്ടികയിലെ കണക്കുപ്രകാരം കേരളത്തില്‍ ആകെയുള്ളത് 2,54,08711 വോട്ടര്‍മാര്‍. പുരുഷന്മാര്‍ 1,22,97403. സ്ത്രീകള്‍ 1,31,11189. ഭിന്നലിംഗക്കാര്‍ 119. ആകെ വോട്ടര്‍മാരില്‍ 64,584 പേര്‍ പ്രവാസികളാണ്.