കൊച്ചി:
ചക്കരപ്പറമ്പ് തെക്കേപ്പാടത്ത് പുല്ലുവീട്ടില്‍ ജിബിന്‍ വര്‍ഗീസിന്റെ (32) കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേരെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം റോഡുവക്കില്‍ തള്ളാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ കാക്കനാട് ഓലിമുകള്‍ പള്ളിക്ക് സമീപം ഗ്രൗണ്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
കാക്കനാട് പാലച്ചുവട് പാലത്തിനു സമീപം ശനിയാഴ്ച പുലര്‍ച്ചെ വാഹനാപകടം എന്നു തോന്നിക്കുന്ന രീതിയില്‍ ജിബിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത് ജിബിന്റെ ബൈക്ക് സമീപത്തു മറഞ്ഞുകിടക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. പരിസരത്ത് അപകടം നടന്നതിന്റെ സൂചനകള്‍ കണ്ടെത്താനായിരുന്നില്ല. പ്രാഥമിക പരിശോധനയില്‍ തന്നെ കൊലപാതമാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പോലീസ് ജിബിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയായിരുന്നു.
ഓലിക്കുഴിയിലെ യുവതിയുമായി ജിബിന് ബന്ധമുണ്ടെന്നും ശനിയാഴ്ച പുലര്‍ച്ചെ 12 ഓടെ ജിബിന്‍ ഇവരുടെ വീട്ടില്‍ പോയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. യുവതിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘത്തിന് കൊലപാതകത്തെക്കുറിച്ചും പ്രതികളെക്കുറിച്ചും സൂചന ലഭിച്ചു.
യുവതിയുടെ ഫോണില്‍ നിന്നും രാത്രി വീട്ടിലേക്ക് വരണമെന്നാവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാര്‍ ജിബിന് സന്ദേശമയക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ജിബിനെ, യുവതിയുടെ പിതാവ് അസീസ്, സഹോദരന്‍ മനാഫ്, ഭര്‍ത്താവ് അസീസ് മറ്റു ബന്ധുക്കൾ, അയല്‍വാസികൾ എന്നിവർ ചേര്‍ന്ന് കെട്ടിയിട്ട് രണ്ട് മണിക്കൂറോളം മര്‍ദിക്കുകയായിരുന്നു.
മര്‍ദ്ദനത്തെത്തുടര്‍ന്ന് മരിച്ച ജിബിന്റെ മൃതദേഹം ഓട്ടോയില്‍ കയറ്റി കാക്കനാട് ഉപേക്ഷിക്കുകയായിരുന്നു. യുവതിയുടെ സഹോദരങ്ങള്‍ ജിബിന്റെ ബൈക്കും മൃതദേഹത്തിനടുത്ത് ഇട്ടു കടന്നു കളയുകയായിരുന്നു.
യുവതിയുടെ സഹോദരന്‍ അടക്കം മൂന്ന് പേരെ സംഭവ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാലുപേരെ തിങ്കളാഴ്ച പിടികൂടി. പ്രധാന പ്രതിയടക്കം ആറുപേര്‍ ജില്ലയ്ക്ക് പുറത്ത് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. കാക്കനാട് പാലച്ചുവട്ടിലെ കടകളിലെ സി.സി.ടി.വി. പരിശോധിച്ചപ്പോള്‍ പ്രതികള്‍ കൊലയ്ക്കു ശേഷം ഓട്ടോയും കാറും ഉപയോഗിച്ചതായി കണ്ടെത്തി. കാറില്‍, പ്രതികള്‍ ജില്ല വിട്ടെന്നാണ് സൂചന. തൃക്കാക്കര എ.സി.പി സ്റ്റുവര്‍ട്ട് കീലര്‍ നേരിട്ടാണ് അന്വേഷണം നടത്തുന്നത്.
തലയ്‌ക്കേറ്റ ക്ഷതംമൂലമാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടതു കണ്ണിനു മുകളിലും പരിക്കുകളുണ്ട്. സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്. നെഞ്ചിനു ഗുരുതരമായ ചതവുകളുണ്ട്. പുലര്‍ച്ചെ രണ്ടു മണിക്കും മൂന്ന് മണിക്കും ഇടയിലാണ് മരണം.