ബെംഗളൂരു:
ബെംഗളൂരു എഫ്.സി. തുടർച്ചയായ രണ്ടാം സീസണിലും ഐ.എസ്.എൽ ഫൈനലിൽ പ്രവേശിച്ചു. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ രണ്ടാം പാദ സെമിയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്താണ് ബെംഗളൂരു ഫൈനൽ ബർത്ത് നേടിയത്.
നോർത്ത് ഈസ്റ്റിന്റെ മൈതാനത്ത് നടന്ന ആദ്യ പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു ബെംഗളൂരു തോൽവി വഴങ്ങിയിരുന്നു. സ്വന്തം മൈതാനത്ത് ഈ കടം വീട്ടിയ ബെംഗളൂരു, തകർപ്പൻ വിജയത്തോടെ ഫൈനലിൽ കടന്നു. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളുടെയും പിറവി. മിക്കു (72), ദിമാസ് (87), സുനിൽ ഛേത്രി (90+2) എന്നിവരാണ് ലക്ഷ്യം കണ്ടത്. ഇതോടെ ഇരുപാദങ്ങളിലുമായി 4–2ന്റെ ലീഡ് നേടിയാണ് ബെംഗളൂരുവിന്റെ ഫൈനൽ പ്രവേശം.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ബെംഗളൂരു നിരവധി അവസരങ്ങൾ പാഴാക്കിയിരുന്നു. രണ്ടാം പകുതിയിലാണ് ഗോളുകള്‍ മുഴുവന്‍ വീണത്. 72ാം മിനിറ്റില്‍ മികുവിലൂടെ ബെംഗളൂരു എഫ്‌സി ഗോള്‍ വേട്ടക്ക് തുടക്കമിട്ടു. ഉദാന്ത സിങ്ങിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. 87ാം മിനിറ്റില്‍ ഡെല്‍ഗാഡോ ലീഡുയര്‍ത്തി. ഉദാന്തയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചപ്പോള്‍ ഡെല്‍ഗാഡോ ഗോളാക്കി മാറ്റുകയായിരുന്നു. ഇഞ്ചുറി സമയത്ത് ആതിഥേയര്‍, നോര്‍ത്ത് ഈസ്റ്റിന്റെ പെട്ടിയില്‍ അവസാന ആണിയും അടിച്ചു. മിക്കുവാണ് ഇത്തവണ ഗോളിന് അവസരമൊരുക്കിയത്.
എഫ്.സി ഗോവയും മുംബൈ സിറ്റി എഫ്.സിയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളുമായാണ് ബെംഗളൂരു കലാശപ്പോരിൽ ഏറ്റുമുട്ടുക. മുംബൈയുടെ മൈതാനത്തു നടന്ന ആദ്യപാദത്തിൽ 5–1 ന്റെ കൂറ്റൻ വിജയം നേടിയ എഫ്.സി ഗോവയ്ക്കാണ് ഫൈനൽ സാധ്യത കൂടുതൽ. ഐ.എസ്.എല്ലിൽ അരങ്ങേറിയ കഴിഞ്ഞ സീസണിലും ബെംഗളൂരു ഫൈനലിൽ കടന്നിരുന്നെങ്കിലും ചെന്നൈയിൻ എഫ്.സിയോടു തോൽക്കുകയായിരുന്നു.