Mon. Dec 23rd, 2024
മുംബൈ:

നിയമം അനുസരിച്ച്, വിദേശിയോ, വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരോ അല്ലാത്ത എല്ലാ തടവു പുള്ളികൾക്കും മാതാപിതാക്കൾ, ഭാര്യ, തുടങ്ങിയവരുടെ മരണത്തിനു പതിനാലു ദിവസത്തെ അടിയന്തര പരോളിന് അർഹതയുണ്ടെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. സാധുവായ കാരണങ്ങൾ രേഖപ്പെടുത്താതെ അനുവദനീയമായ പതിനാലു ദിവസങ്ങൾ കുറയ്ക്കാൻ അധികാരികൾക്കു കഴിയില്ലെന്നും കോടതി പറഞ്ഞതായി ലൈവ്ലോ.ഇൻ റിപ്പോർട്ട് ചെയ്തു.

ദിലീപ് പവാർ, മുസമ്മിൽ ഷെയ്ഖ് എന്നിവർ നൽകിയ റിട്ട് ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ.എസ് ഓക്ക, ജസ്റ്റിസ് എ.എസ്. ഗഡ്കരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ വിധി. ദിലീപ് പവാറിന്റെയും മുസമ്മിൽ ഷെയ്ഖിന്റെയും പിതാക്കന്മാർ മരണപ്പെടുകയും. ദിലീപ് പവാറിന് രണ്ടു ദിവസത്തെയും, മുസമ്മിൽ ഷെയ്ഖിന് ഒരുദിവസത്തെയും പരോളും, ഒപ്പം പോലീസ് അകമ്പടിയും ആണ് പതിനാലു ദിവസത്തെ പരോളിനു പകരം അനുവദിച്ചത്. ഇതിനെതിരെയാണ് ഇരുവരും ഹർജി നൽകിയത്.

പതിനാലു ദിവസത്തെ പരോൾ നല്കാൻ അധികാരപ്പെട്ടവർ അതു നൽകാത്ത സാഹചര്യത്തിൽ, അതിനുള്ള കാരണം രേഖാമൂലം ബോധ്യപ്പെടുത്തണം. പോലീസ് അകമ്പടിയോടെ പരോൾ അനുവദിക്കുമ്പോൾ അത് എന്തിനായിരുന്നു എന്ന കാരണവും രേഖപ്പെടുത്തണം. അടിയന്തര പരോൾ ഫലപ്രദമാകണമെങ്കിൽ പകൽ സമയം പ്രതി കുടുംബാംഗങ്ങളോടൊപ്പം കഴിഞ്ഞു, രാത്രി തൊട്ടടുത്തുള്ള ജയിലിൽ കഴിയണമെന്ന് നിർബ്ബന്ധം പിടിക്കുന്നതും ന്യായമല്ലെന്ന് കോടതി പറഞ്ഞു. അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ചാൽ കുടുംബാംഗങ്ങളുടെ കൂടെ ചിലവഴിക്കുന്നതിനും മറ്റുമാണ് അടിയന്തര പരോൾ അനുവദിക്കുന്നതെന്നും, അതിനാൽത്തന്നെ ഇത്തരം നിബന്ധനകൾ പരോളിന്റെ ലക്ഷ്യത്തെ ഇല്ലാതാക്കുമെന്നും കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *