Mon. Dec 23rd, 2024
വയനാട്:

കേരളത്തില്‍ 38 ക്ഷേത്രങ്ങളില്‍ ശബരിമല ഇടത്താവളങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആശ്വാസമെന്ന നിലയ്ക്കാണ് പദ്ധതി. ശബരിമല ഇടത്താവളത്തിന്റെ ശിലാസ്ഥാപനം മുണ്ടേരി മണിയങ്കോട്ടപ്പന്‍ ക്ഷേത്ര പരിസരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017-ല്‍ ശബരിമല ഇടത്താവളമെന്ന ആശയം മുഖ്യമന്ത്രിയാണ് മുന്നോട്ടുവച്ചത്. നിരവധി ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.

ആദ്യഘട്ടത്തില്‍ പത്ത് ക്ഷേത്രങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഇതിലൊന്നാണ് മണിയങ്കോട്ടപ്പന്‍ ക്ഷേത്രം. കിഫ്ബി വഴി പത്ത് കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മ്മാണം. കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ‘വാപ്കോസി’നാണ് നിര്‍മ്മാണച്ചുമതല. മികച്ച ഗുണനിലവാരത്തോടെ സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വാപ്കോസിനെയാണ് ഏല്‍പ്പിച്ചത്.
600 പേരെ ഉള്‍ക്കൊള്ളുന്ന അന്നദാന മണ്ഡപം, വിരിപ്പന്തല്‍, ഓഡിറ്റോറിയം, ഓപ്പണ്‍സ്റ്റേജ്, ആധുനിക പാചകമുറി, ടോയ്ലറ്റ് സൗകര്യം, ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് കൗണ്ടര്‍, ഇന്റര്‍നെറ്റ് വൈഫൈ സംവിധാനം, ലോക്കര്‍ സൗകര്യം, ഭക്തര്‍ക്ക് ആവശ്യമായ സാധനസാമഗ്രികള്‍ ലഭിക്കുന്ന സ്റ്റോര്‍ തുടങ്ങിയവ ശബരിമല ഇടത്താവള സമുച്ചയത്തിന്റെ ഭാഗമാണ്. സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും, ഏതു സാഹചര്യത്തിലും അവരുടെ താത്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *