അഡിസ് അബാബ:
149 യാത്രക്കാരും എട്ട് ജീവനക്കാരുമായി
എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിൽനിന്ന് കെനിയയിലെ നയ്റോബിയിലേക്കു പോയ എത്യോപ്യൻ എയർലൈൻസിന്റെ വിമാനം തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന 157 പേരും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. പ്രതിദിന സർവ്വീസ് നടത്തുന്ന ബോയിങ് 737– 800 എം.എ.എക്സ് വിമാനമാണ് അപകടത്തിൽപെട്ടത്.
അഡിസ് അബാബയിലെ ബോലെ വിമാനത്താവളത്തിൽനിന്ന് പ്രാദേശിക സമയം രാവിലെ 8.38 നാണ് വിമാനം പറന്നുയർന്നത്. 8.44 കഴിഞ്ഞതോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അഡിസ് അബാബയിൽനിന്ന് 62 കിലോമീറ്റർ അകലെയുള്ള ബിഷോഫ്ടു നഗരത്തിനു സമീപമാണ് അപകടമുണ്ടായത്.
വിമാന ദുരന്തത്തിൽ നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്നു റിപ്പോർട്ട്. 33 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. കെനിയക്കാരായ 32 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. കാനഡയിൽനിന്നുള്ള 18 പേരും എത്യോപ്യക്കാരായ ഒമ്പതുപേരും വിമാനത്തിലുണ്ടായിരുന്നു. ഇറ്റലി, ചൈന, യുഎസ്എ എന്നീ രാജ്യങ്ങളിൽനുള്ള എട്ടു പേർ വീതവും ബ്രിട്ടന്റേയും ഫ്രാൻസിന്റെയും പാസ്പോർട്ടുള്ള ഏഴു പേരും മരിച്ചവരിൽ ഉൾപ്പെടും. ഈജിപ്തുകാരായ ആറു പേരും നെതർലൻഡ്സിൽനിന്നുള്ള അഞ്ചുപേരും ദുരന്തത്തിൽ കൊല്ലപ്പെട്ടു. മരിച്ചവരിൽ നാലു പേർ യുഎൻ പാസ്പോർട്ട് ഉള്ളവരായിരുന്നു.
അതിനിടെ ഇസ്താംബുളില്‍ നിന്ന് ന്യൂയോർക്കിലേക്ക് പോയ തുർക്കിഷ് എയർലെയിൻസ് വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 29 യാത്രക്കാർക്ക് പരുക്കേറ്റു. വിമാനം അടിയന്തരമായി നിലത്തിറക്കി. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനു മുന്‍പായിരുന്നു അപകടം. 329 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. നാലു യാത്രക്കാരുടെ നില ഗുരതരമാണ്. ഒരാളുടെ കാലിന് പൊട്ടലുണ്ട്. മിക്കവരുടെയും തലയും കൈകാലുകളും പൊട്ടി രക്തം വന്നു. പെട്ടെന്നുണ്ടായ കുലുക്കത്തെ തുടർന്ന് വിമാനത്തിനകത്ത് യാത്രക്കാർ പറക്കുന്ന കാഴ്ച കാണാമായിരുന്നുവെന്നാണ് ചിലർ ട്വീറ്റ് ചെയ്തിരിക്കുന്നത്.ലാൻഡ് ചെയ്യാൻ 45 മിനിറ്റ് ശേഷിക്കെയാണ് വിമാനം കുലുങ്ങിയതും ഭീകരാന്തരീക്ഷം സംഭവിച്ചതും. ശാന്തമായി പറക്കുന്നതിനിടെ പെട്ടെന്നായിരുന്നു കുലുക്കം സംഭവിച്ചത്. ഒന്നോ രണ്ടോ സെക്കൻഡ് മാത്രമാണ് അത് സംഭവിച്ചത്. എന്നാൽ അനന്തരഫലം ഭീകരമായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്.