കോഴിക്കോട്:
ഉന്നത വിദ്യാഭ്യാസ രംഗം പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും ആഗോളവത്കരണത്തിന്റെ
ഭാഗമായുള്ള കച്ചവടമാണ് വലിയ വെല്ലുവിളിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ 61-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയിലെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനും സംസ്ഥാനത്തിനുള്ള അധികാരങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ഉന്നത വിദ്യാഭ്യാസ പരിഷ്‌ക്കരണ നയം ഇത്തരം പ്രശ്‌നങ്ങളെ രൂക്ഷമാക്കുന്നു. വേദ വിദ്യാഭ്യാസത്തെ തിരിച്ചെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ പരമ പ്രധാനമായ ലക്ഷ്യം മോക്ഷപ്രാപ്തിയായാണ് കേന്ദ്രത്തിന്റെ ഉന്നത വിദ്യാഭ്യാസ പരിഷ്‌ക്കരണ കരട് നയത്തിന്റെ ആമുഖത്തില്‍ ചേര്‍ത്തിട്ടുള്ളത്. ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഊന്നിയുള്ള ആധുനിക വിദ്യാഭ്യാസമാണ് ഇന്ത്യയ്ക്ക് ആവശ്യം എന്നു പറഞ്ഞുകൊണ്ട് വര്‍ഗീയവത്കരണമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കന്‍ ശ്രമിക്കുന്നത്. ഒറ്റ പാഠ്യപദ്ധതി നടപ്പിലാക്കി യു.ജി.സിയെ നോക്കുകുത്തിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എ.കെ.പി.സി.ടി.എ. പ്രസിഡന്റ് ഡോ. സി. പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ മുഖ്യപ്രഭാഷണം നടത്തി. എ. പ്രദീപ് കുമാര്‍ എം.എല്‍.എ, പി. മോഹനന്‍ മാസ്റ്റര്‍, പ്രൊഫ. വി. നാരായണന്‍ കുട്ടി, കെ.എസ്.ടി.എ. ജനറല്‍ സെക്രട്ടറി കെ.സി. ഹരികൃഷ്ണന്‍, എന്‍.ജി.ഒ. യൂണിയന്‍ വൈസ് പ്രസിഡന്റ് എം.വി. ശശീധരന്‍, എ.കെ.ജി.സി.ടി. പ്രസിഡന്റ് ഡോ. എന്‍. മനോജ്, ഡോ. വി.എ. വല്‍സണ്‍, കെ.ജി.ഒ.എ. വൈസ് പ്രസിഡന്റ് എം.കെ. രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എ.കെ.പി.സി.ടി.എ. ജനറല്‍ സെക്രട്ടറി ഡോ. പി.എന്‍. ഹരികുമാര്‍ നന്ദി പറഞ്ഞു.