Sun. Dec 22nd, 2024
#ദിനസരികള് 692

മറ്റൊരു ലോകസഭ ഇലക്ഷനേയും കൂടി നാം അഭിമുഖീകരിക്കുകയാണ്. എന്നാല്‍ ഇന്ത്യ സ്വതന്ത്രമായതിനു ശേഷം നടന്ന മറ്റേതെങ്കിലും ഇലക്ഷനെപ്പോലെയല്ല 2019 ലെ ലോകസഭയിലേക്കുള്ള ഈ തിരഞ്ഞെടുപ്പ്. കാരണം, രാജ്യത്തെ ഭരണഘടന അനുവദിക്കുന്ന ജനാധിപത്യമെന്ന ക്രമത്തിന്റെ കീഴില്‍ നടക്കുന്ന അവസാനത്തെ ഇലക്ഷനാകണമോ വേണ്ടയോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഭാരതത്തിലെ ജനത ഈ വോട്ടെടുപ്പിലൂടെ നല്കാന്‍ പോകുന്നത്.

അവസാനത്തെ തിരഞ്ഞെടുപ്പ്! ഇത് കേവലം അതിവൈകാരികമോ തീര്‍ത്തും രാഷ്ട്രീയമായതോ ആയ ഒരു പ്രസ്താവനയല്ല. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ വിലയിരുത്തുമ്പോള്‍ ഒരു പൌരന്‍ ചിന്തിക്കുന്നത് സ്വാഭാവികമായും ഇത്തരത്തിലായിരിക്കുമെന്നതുതന്നെയാണ് വസ്തുത.

നരേന്ദ്രമോദിയുടെ കീഴില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം, ഒരാധുനിക ജനാധിപത്യ സമൂഹത്തില്‍ നിലനില്ക്കേണ്ട എല്ലാത്തരത്തിലുമുള്ള മൂല്യങ്ങളും അട്ടിമറിക്കപ്പെട്ടു. ജനങ്ങള്‍ സാമുദായികമായി ഏറെ വിഭജിക്കപ്പെട്ടു. ഇതര മതവിശ്വാസങ്ങള്‍ക്കു മുകളില്‍ ആക്രമണോത്സുകമായ മേല്‍‌ക്കോയ്മ സ്ഥാപിച്ചുകൊണ്ട് ഹിന്ദുത്വ തീവ്രവാദം പത്തിവിടര്‍ത്തിയാടി.

ലോകരാജ്യങ്ങളുടെ മുന്നില്‍, ഇന്ത്യ പ്രാകൃതമായ വിശ്വാസപ്രമാണങ്ങളുടെ പിന്നാലെ പായുന്ന അപരിഷ്കൃത മതപ്രമാണങ്ങളെ അടിസ്ഥാനമാക്കി ജീവിക്കുന്ന ഒന്നായി മാറി. ജനത എന്തു തിന്നണം, എന്തു ചിന്തിക്കണം എന്നുപോലും നിര്‍‌ദ്ദേശങ്ങളുണ്ടാകുന്നുവെന്നായി. വിശ്വാസ സംരക്ഷണ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്ന എത്രയോ സംഭവങ്ങള്‍ നടന്നു. ആട്ടിറച്ചി സൂക്ഷിച്ച മുസ്ലീമിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി തല്ലിക്കൊന്നതടക്കം എത്രയോ സംഭവങ്ങള്‍. ജാതിയുടെ പേരില്‍ ദളിത് ജനവിഭാഗം ഏറ്റവും ക്രൂരമായി ആക്രമിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങളുണ്ടായി.

രാജ്യം കാത്തുസൂക്ഷിച്ചു പോരുന്ന ഭരണഘടനാ സ്ഥാപനങ്ങളെല്ലാംതന്നെ സംഘപരിവാരത്തിന്റെ തീരുമാനങ്ങള്‍ക്ക് കാതോര്‍ത്തു നിന്നു. നീതിന്യായ സംവിധാനം മൊത്തമായിത്തന്നെ അട്ടിമറിക്കപ്പെട്ടു. ബി.ജെ.പിയുടെ അഖിലേന്ത്യാ പ്രസിഡന്റിനെതിരെ ഉയര്‍ന്ന ഒരൊറ്റ ആരോപണം തന്നെ നോക്കുക. അമിത് ഷാ മുഖ്യപ്രതിയായ സൊറാബുദ്ദീൻ ഷേക് വ്യാജ ഏറ്റുമുട്ടൽ കേസിലെ ന്യായാധിപൻ ജസ്റ്റീസ് ബി.എച്ച് ലോയയുടെ മരണത്തില്‍ മുഖ്യപ്രതിയായ അമിത് ഷായുടെ പങ്കും ചര്‍ച്ച ചെയ്യപ്പെടുന്നു. ബി.ജെ.പി നടത്തുന്ന രാഷ്ട്രീയമായ കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നുവെന്നും പ്രാധാന്യമുള്ള കേസുകളെ തുല്യമായി വീതീച്ചു നല്കാതെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നും ആരോപിച്ചുകൊണ്ട് സുപ്രിംകോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ കോടതിക്കു പുറത്തു വന്ന് ഗത്യന്തരമില്ലാതെ മാധ്യമങ്ങളെ അഭിമുഖീകരിച്ചത് ഓര്‍ക്കുക. നമ്മുടെ നീതിന്യായ ചരിത്രത്തിലെ കറുത്ത ദിവസമായിരുന്നു അന്ന്.

രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയില്‍ നിന്നും നുണകളുടെ പെരുമഴ പെയ്യുന്നതു നാം കേട്ടു. നിരന്തരം അയാള്‍ ജനതയോട് നുണക്കഥകള്‍ പറഞ്ഞു. ദേശസ്നേഹത്തേയും, മതവിശ്വാസത്തേയും കൂട്ടുപിടിച്ച് സ്വന്തം നുണകള്‍ക്ക് അയാള്‍ വൈകാരികമായ പിന്തുണ സൃഷ്ടിച്ചു. ആ നുണകളെ സംഘപരിവാരം നാട്ടിലാകെ പാടിനടന്നു.

രാജ്യത്തിന്റെ വികസനമോ ക്ഷേമപ്രവര്‍ത്തനങ്ങളോ ഭരണാധികാരികള്‍ ചര്‍ച്ച ചെയ്യാതെയായി. മതത്തില്‍ തുടങ്ങി മതത്തില്‍ അവസാനിക്കുന്ന ചര്‍ച്ചകളായി രാജ്യ താല്പര്യങ്ങള്‍ ചുരുങ്ങി. അഴിമതി സ്വാഭാവികമായി. ഭരിക്കുന്നവര്‍ തന്നെ രാജ്യത്തെ വിറ്റുതിന്നുന്ന അവസ്ഥയിലേക്ക് എത്തി. തന്റെ അഞ്ചുകൊല്ലക്കാലത്തിനുള്ളില്‍ ഒരു തവണ പോലും മാധ്യമങ്ങളെ അഭിമുഖീകരിക്കാത്ത, ജനാധിപത്യസ്വഭാവം തൊട്ടുതെറിച്ചിട്ടേയില്ലാത്ത മോദിയുടെ ഭരണം എല്ലാത്തരം ജനവിരുദ്ധ നിലപാടുകള്‍ക്കും കുടപിടിച്ചു.

കോണ്‍ഗ്രസാകട്ടെ 2014 ലെ തിരഞ്ഞെടുപ്പില്‍ കേവലം നാല്പത്തി നാലു സീറ്റുകളിലേക്ക് ഒതുങ്ങി. രാജ്യത്ത് ആ രാഷ്ട്രീയ പ്രസ്ഥാനം പല കാരണങ്ങള്‍ കൊണ്ടും നാമാവശേഷമായി. വര്‍ഗ്ഗീയ വിരുദ്ധ മുന്നണിക്ക് ഫലപ്രദമായി നേതൃത്വം കൊടുക്കാനും നയിക്കാനും കഴിയാത്ത വിധത്തില്‍ അവര്‍ അപ്രസക്തരായി. എന്നു മാത്രവുമല്ല, തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതുവരെ കോണ്‍ഗ്രസും ജയിച്ചു കഴിഞ്ഞാല്‍‌ ബി.ജെ.പിയും എന്ന നില അവരുടെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിച്ചു. ബി.ജെ.പിയെ എതിര്‍ത്തു നില്ക്കാന്‍ പാടവമുള്ള നേതാക്കള്‍ പോലും കോണ്‍ഗ്രസില്‍ ഇല്ലാതെയായി. പഴയ പ്രതാപത്തിന്റെ തണലിലെ അസ്ഥികൂടങ്ങളായി ഒരു തന്ത്രവും ഫലപ്രദമായി നടപ്പിലാക്കാനാകാതെ അവര്‍ കുഴങ്ങി.

ഇവിടെയാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി നാം ചര്‍ച്ച ചെയ്യേണ്ടത്. സി.പി.ഐ.എം പിന്തുണ നല്കിയ ഒന്നാം യു.പി.എ. സര്‍ക്കാറിനെ മുന്‍നിറുത്തി ആ ചര്‍ച്ച നമുക്ക് ഫലവത്തായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും. ജനങ്ങളുടെ താല്പര്യപ്രകാരമുള്ള എത്രയെത്ര ക്ഷേമപ്രവര്‍ത്തനങ്ങളാണ് ആ സര്‍ക്കാര്‍ നടത്തിയത്? തൊഴിലുറപ്പ് പദ്ധതി, കാര്‍ഷിക കടാശ്വസ പ്രവര്‍ത്തനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനും നിലനിറുത്താനും നടത്തിയ നീക്കങ്ങള്‍ – അങ്ങനെ എണ്ണിയെണ്ണി പറയാന്‍ കഴിയുന്നവ തന്നെ ഏറെയുണ്ട്. ആ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് വീണ്ടും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ. സര്‍ക്കാര്‍ നിലവില്‍ വന്നത്. രണ്ടാം യു.പി.എ. സര്‍ക്കാറില്‍ സി.പി.ഐ.എം അംഗമല്ലാതിരിക്കുകയും, ഭരിക്കുന്നവര്‍ ജനവിരുദ്ധമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതിന്റെ ഫലമായിട്ടാണ് നരേന്ദ്രമോദിയും കൂട്ടരും അധികാരത്തിലേക്ക് എത്തിയത്.

ഇടതുപക്ഷം നിര്‍ണായക ശക്തിയായെങ്കില്‍ മാത്രമേ കോണ്‍ഗ്രസ്സടക്കമുള്ള വലതുപക്ഷ കൂട്ടായ്മകളെ ജനപക്ഷത്തുനിന്നുകൊണ്ട് തിരുത്തുവാനും, നയിക്കുവാനും കഴിയുകയുള്ളു. അതിലുപരി, കൊടുമ്പിരിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയതയെ എതിര്‍ത്തു നില്ക്കുവാന്‍ കോണ്‍ഗ്രസ്സിന് ഒരു കാലത്തും കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, ഇന്ത്യയില്‍ വര്‍ഗ്ഗീയതയ്ക്ക് വിത്തു പാകിയതും കോണ്‍ഗ്രസ്സിന്റെ നീക്കങ്ങളായിരുന്നു. ഈ ഉത്തരവാദിത്തം അത്ര നിസ്സാരമായ ഒന്നല്ല. അതുകൊണ്ടാണ് ഇടതുപക്ഷത്തിന് സീറ്റുകള്‍ വര്‍ദ്ധിക്കുകയും ഭരണത്തില്‍ സാരമായ തരത്തിലുള്ള ഇടപെടലുകള്‍ നടത്താനുള്ള സാധ്യതകള്‍ ഉണ്ടാകുകയും ചെയ്യണമെന്ന് ജനാധിപത്യ വിശ്വാസികള്‍ ആഗ്രഹിക്കുന്നതും പ്രവര്‍ത്തിക്കുന്നതും.

എന്തുതന്നെയായാലും 17 ആം ലോകസഭയ തിരഞ്ഞെടുപ്പിന്റെ മുഖ്യ അജണ്ട, സംഘപരിവാരത്തിന്റെ ഹിന്ദുത്വ മുന്നേറ്റങ്ങളെ തടഞ്ഞുകൊണ്ട് ജനാധിപത്യത്തെ നിലനിറുത്തുക എന്നതുതന്നെയാണ്. അക്കാര്യത്തില്‍ ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നത് ഇടതുപക്ഷത്തെയാണ്. ആയതിനാല്‍ 17 ആം ലോകസഭ, ഈ രാജ്യം ജനാധിപത്യപരമായി നിലനില്ക്കണമോ വേണ്ടയോ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് തേടുന്നത്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

Leave a Reply

Your email address will not be published. Required fields are marked *