Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

പുല്‍വാമ ആക്രമണത്തിനു ശേഷം ഉണ്ടായ ഒരു ചെറിയ ഇടവേള കഴിഞ്ഞ് റഫാല്‍ ആയുധ ഇടപാടിനെച്ചൊല്ലിയുള്ള അഴിമതി ആരോപണങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വീണ്ടും തിളച്ചുമറിയുകയാണ്. തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയതോടെ ആരോപണത്തിന്റെ മൂര്‍ച്ചയും കൂടി. തര്‍ക്കങ്ങള്‍ മുറുകുമ്പോള്‍ നേരായ വഴിക്കുള്ള ഇടപടായിരുന്നില്ല റഫാല്‍ കരാര്‍ എന്ന കാര്യം സംശയമില്ലാതെ തന്നെ ഉറപ്പിക്കാന്‍ കഴിയുന്നുണ്ട്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് റഫാൽ ഇടപാടിലെ രഹസ്യരേഖകൾ പ്രതിരോധ മന്ത്രാലയത്തിൽനിന്ന് മോഷണംപോയി എന്നുള്ള കേന്ദ്രസർക്കാരിന്റെ വെളിപ്പെടുത്തൽ.

റഫാല്‍ ഇടപാട് മോദി സര്‍ക്കാരിനെ താഴെ ഇറക്കുമോ?

രാജ്യം മറ്റൊരു പൊതു തിരഞ്ഞെടുപ്പിലേക്കു നടന്നടുക്കുമ്പോള്‍ റഫാല്‍ ഇടപാട് റഫാല്‍ മറ്റൊരു ബോഫോഴ്സാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ നിരീക്ഷകരില്‍ നിന്നുയരുന്നത്. ബോഫോഴ്സില്‍ രാജീവ് ഗാന്ധി പ്രതിസ്ഥാനത്ത് ആയിരുന്നെങ്കില്‍, ഇന്ന് റഫാല്‍ ഇടപാടിലെ കള്ളക്കളികളെക്കുറിച്ച് രാജ്യം ചര്‍ച്ച ചെയ്യുമ്പോള്‍, മോദിയെ പ്രതിരോധത്തിലാക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് രാജീവ് ഗാന്ധിയുടെ പുത്രന്‍ രാഹുല്‍ ഗാന്ധി ആണെന്ന പ്രത്യേകത കൂടിയുണ്ട്. ലോകസഭ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയതോടെ രാഹുലിന്റെ ആക്രമണത്തിന് തീവ്രതയേറി വരികയാണ്. ബോഫോഴ്സ് അഴിമതി ആരോപണത്തില്‍പ്പെട്ടാണ് 1989 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും രാജീവും പരാജയം രുചിച്ചത്. മൂന്നു പതിറ്റാണ്ടിനിപ്പുറം ചരിത്രം ആവര്‍ത്തിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് വരാന്‍ പോകുന്ന പൊതു തിരഞ്ഞെടുപ്പ്.

മോദി സര്‍ക്കാരിന്റെ എക്സ്പെയറി ഡേറ്റ് കഴിഞ്ഞു എന്നാണു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പരിഹാസം. റഫേല്‍ കരാറുമായി ബന്ധപ്പെട്ട ഫയലുകള്‍ പോലും സൂക്ഷിക്കാന്‍ കഴിയാത്ത ആള്‍ എങ്ങനെയാണ് രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതെന്നാണ് മമത ചോദിക്കുന്നത്. രഹസ്യരേഖകൾ പ്രതിരോധ മന്ത്രാലയത്തിൽനിന്ന് മോഷണംപോയി എന്നുള്ള കേന്ദ്രസർക്കാരിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നാണ് മുൻ പ്രതിരോധമന്ത്രിയും എൻ.സി.പി നേതാവുമായ ശരദ് പവാറിന്റെ പ്രതികരണം.

റഫാല്‍ ഇടപാട് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച്‌ തമിഴ് നടന്‍ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ് കൂടി വന്നതോടെ ഇക്കാര്യം വലിയ ചര്‍ച്ചയാകും എന്നുറപ്പായി. സ്‌കൂളില്‍ വച്ച്‌ തന്റെ ഹോംവര്‍ക്ക് ഇതുപോലെ കളവ് പോകാറുണ്ടായിരുന്നെന്നും, അന്ന് അദ്ധ്യാപകന്‍ സ്‌കെയില്‍ വച്ച്‌ അടിക്കുകയും, കാല്‍മുട്ടില്‍ നിര്‍ത്തുകയും ചെയ്യുമായിരുന്നു എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

അഴിക്കുന്തോറും മുറുകുന്ന റഫാല്‍ ഇടപാടിലെ കുരുക്ക്

റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതിന്റെ രേഖകള്‍ പുറത്തുവന്നതോടെയാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാകുന്നത്. നരേന്ദ്ര മോദി, സൈന്യത്തിന്റെ മുപ്പതിനായിരം കോടി മോഷ്ടിച്ച് അനിൽ അംബാനിയുടെ പോക്കറ്റിൽ എത്തിച്ചെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽഗാന്ധി അന്നു കുറ്റപ്പെടുത്തിയത്. കള്ളന്റെയും കാവൽക്കാരന്റെയും മുഖമുളള ഇരട്ട വ്യക്തിത്വമാണ് മോദിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ലോകസഭ തിരഞ്ഞെടുപ്പിൽ, റഫാൽ ഇടപാട് മുഖ്യപ്രചാരണ വിഷയമാക്കി ഉയർത്തിക്കാണിക്കാൻ പ്രതിപക്ഷപാർട്ടികൾ ഒരുങ്ങവെയാണ് പുല്‍വാമയില്‍ ഭീകരാക്രമണം നടക്കുന്നത്. പുല്‍വാമ ആക്രമണം റഫാല്‍ വിവാദങ്ങള്‍ക്ക് ചെറിയൊരു ഇടവേള നല്‍കിയെങ്കിലും, രഹസ്യരേഖകൾ പ്രതിരോധ മന്ത്രാലയത്തിൽനിന്ന് മോഷണംപോയി എന്നുള്ള, കേന്ദ്രസർക്കാരിന്റെ വെളിപ്പെടുത്തൽ സര്‍ക്കാരിനെ വീണ്ടും പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്.

പണമില്ലാത്തതിനാല്‍ പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് രംഗത്ത് വന്നത് അടുത്ത കാലത്താണ്. കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് കുടിശ്ശിക തിരിച്ചടയ്ക്കാന്‍ പണമില്ലെന്നും, പാപ്പര്‍ നിയമമനുസരിച്ചുള്ള നടപടികളിലേക്ക് പോവുകയാണെന്നും ചെയര്‍മാന്‍ അനില്‍ അംബാനി വ്യക്തമാക്കിയത്. ടെലി കമ്മ്യൂണിക്കേഷന്‍ രംഗത്ത് കനത്ത നഷ്ടമുണ്ടായതിനെത്തുടര്‍ന്ന് അടച്ചുപൂട്ടേണ്ടിവന്ന റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് 42,000 കോടി രൂപയാണ് കടമുള്ളത്. റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ അക്കൌണ്ടുകളിൽ അവശേഷിക്കുന്നത് വെറും 19.34 കോടി രൂപ മാത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതിനിടയിലാണ്, അനില്‍ അംബാനിയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന അപേക്ഷയുമായി സ്വീഡിഷ് ടെലികോം ഉപകരണ കമ്പനി എറിക്‌സണ്‍ സുപ്രീം കോടതിയില്‍ ഹർജി നൽകിയിയത്. ഈ കേസിലാണ് അനില്‍ അംബാനിയ്ക്കെതിരായ കോടതിയലക്ഷ്യക്കേസിലെ ഉത്തരവു തിരുത്തിയ രണ്ടു ജീവനക്കാരെ സുപ്രീംകോടതി പിരിച്ചുവിട്ടത്. മാത്രമല്ല, പ​ലി​ശ​യ​ട​ക്കം 453 കോ​ടി ന​ല്‍​ക​ണ​മെ​ന്നും, പ​ണ​മ​ട​ച്ചി​ല്ലെ​ങ്കില്‍ മൂന്നു മാ​സം ജ​യി​ലി​ല്‍ കി​ട​ക്കേ​ണ്ടി വ​രു​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വിട്ടിരുന്നു. തു​ക തി​രി​ച്ച​ട​യ്ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് കാ​ണി​ച്ച്‌ അ​നി​ല്‍ അം​ബാ​നി ന​ല്‍​കി​യ മാ​പ്പ​പേ​ക്ഷ സു​പ്രീംകോ​ട​തി തള്ളുകയും ചെയ്തു.

ഇത്തരത്തില്‍, ഒറ്റനോട്ടത്തില്‍ത്തന്നെ പ്രതിരോധ ഇടപാടുകളില്‍ പങ്കാളിയാക്കാന്‍ അയോഗ്യത കാണാവുന്ന ഒരാളെയാണ് മോദി തന്റെ പാരീസ് സന്ദര്‍ശന വേളയില്‍ കൂടെ കൂട്ടിയതും റഫാല്‍ ഇടപാടു പോലെ രാജ്യ സുരക്ഷയുമായി നേരിട്ട് ബന്ധമുള്ള ഒരു കരാറില്‍ പങ്കാളിയാക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. 30,000 കോടി രൂപയുടെ ഈ അനുബന്ധകരാര്‍ അനില്‍ അംബാനിയുടെ കമ്പനിക്ക് നല്‍കി കരാര്‍ ഒപ്പിടുമ്പോള്‍ കമ്പനിയുടെ കടലാസിലെ പ്രായം വെറും പന്ത്രണ്ട് ദിവസം മാത്രമായിരുന്നു എന്നോര്‍ക്കണം. മാത്രമല്ല, ഒരു കളിപ്പാട്ട വിമാനം പോലും നിര്‍മ്മിച്ച് പരിചയമില്ലാത്ത കമ്പനിക്കാണ് ഇത്രയും പ്രാധ്യാന്യമുള്ള ഒരു കരാര്‍ നല്‍കുന്നത്. ഇത്തരം ഒരു കരാര്‍ പോലും സാമ്പത്തിക തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ അനില്‍ അംബാനിയെ സഹായിച്ചില്ല എന്നത് മറ്റൊരു കാര്യം.

സോണിയ ഗാന്ധിയുടെ ഇറ്റാലിയന്‍ ബന്ധമാണ് ബോഫോഴ്സ് കേസില്‍ വിവാദമായതെങ്കില്‍, നരേന്ദ്ര മോദിയും അനില്‍ അംബാനിയും തമ്മിലുള്ള ബന്ധമാണ് റഫാലിലെ വിവാദ കേന്ദ്രം. ബോഫോഴ്‌സ് ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട ബി.ജെ.പിയാണ് റഫാൽ ഇടപാടിൽ പ്രതിരോധത്തില്‍ ആയിരിക്കുന്നത്.

മോഷണം പോയ രഹസ്യ രേഖകളും മുങ്ങാന്‍ പോകുന്ന മോദിയുടെ കപ്പലും

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് രേഖകള്‍ പുറത്തുവിട്ട ഹിന്ദു പത്രത്തിനെതിരെ പ്രോസിക്യൂഷന്‍ നടപടിയുണ്ടാവുമെന്നാണ് അറ്റോര്‍ണി ജനറല്‍ കെ.കെ ഗോപാല്‍ നല്‍കിയ സൂചന. ഇതിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഉള്‍പ്പടെ രംഗത്ത് വന്നിരുന്നു. എ.ജിയുടെ പ്രസ്താവന മാധ്യമപ്രവര്‍ത്തനത്തിന് എതിരാണെന്നും ഇതു പുറത്ത് വിട്ട മാധ്യമങ്ങള്‍ക്കെതിരെ സ്രോതസ് വെളിപ്പെടുത്തുന്നതിനായി ഔദ്യോഗിക രഹസ്യ നിയമം പ്രയോഗിക്കുന്നത് ആക്ഷേപകരമാണെന്നുമാണ് എഡിറ്റേര്‍സ് ഗില്‍ഡ് പറയുന്നത്.

ഫെബ്രുവരി എട്ടിനായിരുന്നു ആദ്യമായി ‘ദ ഹിന്ദു’ റഫാല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. മാര്‍ച്ച് ആറിന് വീണ്ടും വിവരങ്ങള്‍ പുറത്തുവിട്ടത് സുപ്രീംകോടതിയിലെ വിചാരണയെ സ്വാധീനിക്കാനാണെന്നും, അത് കോടതിയലക്ഷ്യമാണെന്നും എ.ജി ആരോപിച്ചിരുന്നു. രഹസ്യ സ്വഭാവമുള്ള  രേഖകള്‍ മോഷ്ടിച്ചതാണെന്നും, പ്രതിരോധ മന്ത്രാലയവുമായും ദേശസുരക്ഷയുമായും ബന്ധപ്പെട്ട രേഖകള്‍ മോഷ്ടിച്ചവര്‍ക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും, മോഷ്ടിക്കാന്‍ സഹായിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും പത്രത്തിനെതിരെയും പ്രോസിക്യൂഷന്‍ നടപടിയുണ്ടാകുമെന്നുമാണ് എ.ജി പറഞ്ഞത്.

ദ ഹിന്ദു പത്രം പുറത്തു വിട്ട രേഖകള്‍ ഔദ്യോഗികരേഖകള്‍ തന്നെയാണെന്ന് കേന്ദ്രസര്‍ക്കാരിന് സമ്മതിക്കേണ്ടി വരികയാണ് യഥാര്‍ത്ഥത്തില്‍ എ.ജിയുടെ പ്രസ്താവനയിലൂടെ സംഭവിച്ചത്. എന്നാല്‍, റഫാൽ യുദ്ധവിമാന ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ ഇനിയും വെളിപ്പെടുത്താനുണ്ടെന്നും, വൈകാതെ അവ പ്രതീക്ഷിക്കാമെന്നുമാണ് ‘ഹിന്ദു’ ദിനപത്രത്തിന്റെ ചെയർമാനും മുൻ ചീഫ് എഡിറ്ററുമായ എൻ. റാം പറയുന്നത്. കൈക്കൂലി വാങ്ങുന്നതും കമ്മീഷൻ പറ്റുന്നതും മാത്രമല്ല അഴിമതി. തീരുമാനം രൂപപ്പെടുത്തുന്ന ഘട്ടത്തിൽത്തന്നെ അഴിമതി കടന്നുകൂടുമ്പോഴാണ് അപകടം വർദ്ധിക്കുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്.

‘ഹിന്ദു’ ദിനപത്രത്തിന്റെ ചെയർമാന്റെ പ്രസ്താവനയില്‍ നിന്നും, രാഹുല്‍ ഗാന്ധി ഉള്‍പ്പടെ ഉള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനകളില്‍ നിന്നും വ്യക്തമാകുന്നത് റഫാല്‍ ഇടപാടും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും അടുത്ത ദിവസങ്ങളില്‍ ഒന്നും തന്നെ കേട്ടടങ്ങില്ല എന്നാണ്. അതൊരു പക്ഷെ, നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ എന്ന കപ്പലിനെത്തന്നെ ഒന്നാകെ വെള്ളത്തില്‍ മുക്കാനും സാധ്യതയുണ്ട്. റഫാലിന്റെ കാര്യത്തില്‍ മറ്റൊരു ബോഫോഴ്സ് ആവര്‍ത്തിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ട വിഷയമാണ്.

Leave a Reply

Your email address will not be published. Required fields are marked *