Sat. Apr 27th, 2024
കാനഡ:

ലാവലിന്‍ കമ്പനിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കാനഡയിലും അഴിമതി വിവാദം. എസ്.എൻ.സി. ലാവ്‌ലിൻ കമ്പനിയുടെ അഴിമതി വിവാദവുമായി ബന്ധപ്പെട്ട്, കാനഡയിലെ ജസ്റ്റിൻ ട്രൂഡോ സർക്കാർ കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ്. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അദ്ദേഹത്തിന്റെ ഇതുവരെയുള്ള ഭരണകാലത്തെ ഏറ്റവും വലിയ അഴിമതി ആരോപണമാണ് നേരിടുന്നത്. ഇപ്പോൾ 2 വനിതാ മന്ത്രിമാർ രാജിവച്ചതോടെ ഈ വിവാദം പുതിയൊരു തലത്തിൽ എത്തിയിരിക്കുകയാണ്. എസ്.എന്‍.സി. ലാവലിന്‍ കമ്പനിയെ പണത്തട്ടിപ്പു കേസില്‍ നിന്നും രക്ഷിക്കുന്നതില്‍, ഉപദേശകരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്, അറ്റോണി ജനറല്‍ ജോഡി വില്‍സണ്‍ റോബൗള്‍ഡ് അടക്കമുള്ളവര്‍ പങ്കു വഹിച്ചതായി ആരോപണമുണ്ട്.

ട്രൂഡോയുടെ ദീര്‍ഘകാല സുഹൃത്തായ ജെറാര്‍ഡ് ബട്‌സ് അദ്ദേഹത്തിന്റെ ഉപദേശക സ്ഥാനം രാജി വച്ചത് രണ്ടാഴ്ച മുമ്പാണ്. അറ്റോണി ജനറല്‍ വില്‍സണ്‍ റേബോള്‍ഡും രാജി വച്ചു. ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിയ്ക്ക് ഈ അഴിമതി ആരോപണം വലിയ അവമതിപ്പുണ്ടാക്കി. ഈ വര്‍ഷം ഒക്ടോബറില്‍ കാനഡയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 2015 നവംബറിലാണ് ട്രൂഡോ സർക്കാർ അധികാരത്തിൽ വന്നത്. ഒക്ടോബറിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സർവേകളിൽ ഭരണകക്ഷിക്ക് കൺസർവേറ്റിവുകളെക്കാൾ മുൻതൂക്കം ഉണ്ടായിരുന്നുവെങ്കിലും നിലവിലെ വിവാദം വൻ തിരിച്ചടിയാണ്.

കാനഡയിലെ മോൺട്രിയോൾ ആസ്ഥാനമായ നിർമ്മാണക്കമ്പനി എസ്.എൻ.സി. ലാവ്‌ലിൻ, 2001-11 കാലയളവിൽ നിർമാണ കരാറുകൾക്കായി ലിബിയയിൽ മുൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫിയുടെ കുടുംബത്തിനും ഉദ്യോഗസ്ഥർക്കുമായി 48 ദശലക്ഷം ഡോളർ കൈക്കൂലി നൽകിയെന്ന കേസുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളുടെ തുടക്കം. കമ്പനിയെ കാനഡയിൽ കരിമ്പട്ടികയിൽപ്പെടുത്തുന്നത് അടക്കമുള്ള നിയമ നടപടികളിൽ നിന്ന് ഒഴിവാക്കാൻ, പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടർക്കു മേൽ സമ്മർദ്ദം ചെലുത്തുന്നതിന് അറ്റോർണി ജനറലായിരുന്ന ജോഡി വിൽസനോട് പ്രധാനമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടതായാണു വാർത്ത പുറത്തുവന്നത്. രാജ്യത്തെ സ്വതന്ത്ര എത്തിക്സ് കമ്മിഷണറും പാർലമെന്റിന്റെ നീതിന്യായ സമിതിയും ആരോപണത്തെക്കുറിച്ച് അന്വേഷിക്കുകയാണ്.

ആദ്യം മന്ത്രിസഭ വിട്ട, ജോഡി വിൽസൻ റെയ്ബോൾഡ്, പ്രധാനമന്ത്രിയുടെ ഓഫീസിനെ പ്രതിസ്ഥാനത്തു നിർത്തുന്ന മൊഴികളാണു നൽകിയത്. ആരോപണമുയർന്നിട്ടും, സർക്കാർ, നടപടി സ്വീകരിച്ചില്ലെന്ന് രാജിവച്ച ജെയ്ൻ ഫിൽപോട്ടും ആരോപിച്ചു. എന്നാൽ, താനോ തന്റെ ഓഫീസോ ചട്ടവിരുദ്ധമായി സംഭവത്തിൽ ഇടപെട്ടിട്ടില്ലെന്ന് ആവർത്തിക്കുകയാണ് ട്രൂഡോ. പ്രധാനമന്ത്രിക്കു പിന്തുണ പ്രഖ്യാപിച്ച് മറ്റു മന്ത്രിസഭാംഗങ്ങളും രംഗത്തുവന്നിട്ടുണ്ടെങ്കിലും ഭരണകക്ഷിയായ ലിബറൽ പാർട്ടിക്കുള്ളിലും ഭിന്നാഭിപ്രായമുണ്ട്. പ്രതിപക്ഷമാകട്ടെ, പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ, ട്രൂഡോ ആവശ്യം തള്ളിക്കളഞ്ഞു.

പക്ഷെ ക്യൂബെക് പ്രവിശ്യയില്‍ എസ്.എന്‍.സി. ലാവലിനുള്ള ട്രൂഡോയുടെ പിന്തുണ പോസിറ്റീവായാണ് ജനങ്ങള്‍ കാണുന്നത്. കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയാൽ എസ്എന്‍സി ലാവലിന്‍ കമ്പനി ലണ്ടനിലേയ്ക്ക് മാറിയേക്കുമെന്നും കുറേ പേര്‍ക്ക് തൊഴില്‍ നഷ്ടമായേക്കുമെന്നുമാണ് അവർ പറയുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ എഞ്ചിനിയറിംഗ്, കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് എസ്എന്‍സി ലാവലിന്‍. കാനഡയില്‍ മാത്രം 9000ത്തിലധികം പേര്‍ ജോലി ചെയ്യുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കമ്പനിയെ 10 വര്‍ഷത്തേയ്ക്ക് രാജ്യത്തെ പദ്ധതികളില്‍ നിന്ന് വിലക്കും. പിഴയടച്ച് രക്ഷപ്പെടാനും കരാറുകളിലെ വിലക്ക് ഒഴിവാക്കാനുമാണ് കമ്പനിയുടെ നീക്കം. അതേസമയം വിചാരണ നടപടികളുമായി മുന്നോട്ടുപോകാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.

2013ല്‍ ബംഗ്ലാദേശിലെ പാലം നിര്‍മ്മാണ കരാറില്‍ ക്രമക്കേട് ആരോപിച്ച് കമ്പനിയെ ലോകബാങ്ക് 10 വര്‍ഷത്തേയ്ക്ക് കരാര്‍ ബിഡ്ഡിംഗുകളില്‍ വിലക്കിയിരുന്നു. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണ കരാർ നൽകിയതിൽ സർക്കാരിനു കോടികളുടെ നഷ്‌ടമുണ്ടായെന്ന കേസുമായി ബന്ധപ്പെട്ട് എസ്.എൻ.സി. ലാവ്‌ലിൻ കേരളത്തിലും ചർച്ചകളിൽ നിറഞ്ഞിരുന്നു.എസ്എന്‍സി ലാവലിന്‍ കേസില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിന് എതിരെ സി.ബി.ഐ. നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഏപ്രില്‍ ആദ്യവാരം സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *