തിരുവനന്തപുരം:
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിരിച്ചുവിട്ട കെ.എസ്.ആര്‍.ടി.സി. എം-പാനല്‍ ജീവനക്കാരില്‍ 5 വര്‍ഷത്തിലേറെ ജോലി പരിചയമുള്ളവര്‍ക്ക് അവധി മൂലമുണ്ടാകുന്ന ഒഴിവുകളില്‍ ജോലി നല്‍കാന്‍ തീരുമാനമായി. മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ഇതോടെ 47 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ ജീവനക്കാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഇതിനായി 5 വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്ത എംപാനല്‍ ജീവനക്കാരുടെ പാനല്‍ സോണ്‍ തിരിച്ച് തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പിരിച്ചു വിട്ട ഭൂരിഭാഗം പേര്‍ക്കും ജോലി തിരിച്ച് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍, കെ.എസ്.ആര്‍.ടി.സി.യില്‍ 1300 ലീവ് വേക്കന്‍സിയുണ്ട്. കാഷ്വല്‍, ടെംപററി ആന്‍ഡ് ബെഡ്ലി വര്‍ക്കേഴ്‌സ് നിയമപ്രകാരമാണ് നിയമനം അനുവദിക്കുന്നത്. ഇത് ഹൈക്കോടതി നിയമത്തിന്റെ ലംഘനമാകില്ല. പി.എസ്.സി ഒഴിവുണ്ടായിട്ടും കെ.എസ്.ആര്‍.ടി.സി. തസ്തികയിലേക്ക് നിയമനം സ്ഥിരം നിയമനം നടത്തുന്നില്ലെന്നാരോപിച്ച് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ അപ്പീലിന്റെ അടിസ്ഥാനത്തില്‍ താല്‍കാലിക ജീവനക്കാരായ എം-പാനലുകാരെ പിരിച്ചു വിടുകയായിരുന്നു. 3861 പേരെയാണ് പിരിച്ചു വിട്ടിരുന്നത്.