ന്യൂഡൽഹി:
പല രാജ്യങ്ങളിലും, സോഷ്യൽ മീഡിയയും മുഖ്യധാരാ മാധ്യമങ്ങളും തമ്മിലുള്ള വിടവ് മിക്കപ്പോഴും വളരെ വലുതാണ്. എന്നാൽ ഇന്ത്യയിലാകട്ടെ, ഇവരണ്ടും ഹൈപ്പർ ദേശീയതയിലൂന്നിയാണ് പ്രവർത്തിക്കുന്നത്. പ്രത്യേകിച്ചും ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാനെയും ചൈനയെയും ബലിമൃഗങ്ങളാക്കുന്ന കാര്യത്തിൽ. മാധ്യമങ്ങളുടെ നൈപുണ്യത്തോടെ ലോക രാഷ്ട്രങ്ങളുടെ മുന്നിൽ ഉയർന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയായും ആത്മീയതയുടെ കേന്ദ്രമായും ഇന്ത്യയെ ചിത്രീകരിക്കുമ്പോൾ, ഇന്ത്യയിൽ നടക്കുന്ന പ്രശ്നങ്ങളും അക്രമങ്ങളും മാത്രമാണ് ഇവിടെയുള്ള ആളുകൾ കാണുന്നത്. ഇതിനു പുറമെയായി പാകിസ്ഥാൻ- മുസ്ലിം വിരുദ്ധ ക്യാമ്പയിനുകളും തകൃതിയായി ഈ മാധ്യമങ്ങളുടെ സഹായത്തോടെ നടക്കുന്നുണ്ട്.
കാശ്മീരിൽ നടന്നു കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾക്കു അന്താരാഷ്ട്ര ഉടമ്പടികളിലൂടെ പരിഹാരം കാണുന്നതിന് പകരം കഴിഞ്ഞാഴ്ച നടന്ന പുൽവാമ ഭീകരാക്രമണത്തിന്റെ വ്യക്തമായ തെളിവുകൾ ഇല്ലാതിരുന്നിട്ടു കൂടി പാക്കിസ്ഥാനെ കുറ്റപ്പെടുത്തുകയാണ്. ഭീകരാക്രമണം നടത്തിയെന്നു പറയുന്ന സംഘടനയാവട്ടെ 2002 ൽ തന്നെ പാക്കിസ്ഥാൻ നിരോധിച്ചതാണ്.
സൗത്ത് ഏഷ്യയിൽ നിന്നല്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ മാധ്യമങ്ങളുടെ ഇത്തരത്തിലുള്ള ഇടപെടലുകൾ കാശ്മീരി- കാശ്മീരി അല്ലാതെയാൽ, ഹിന്ദു-മുസ്ലിം, സിഖ്-ഹിന്ദു എന്നിങ്ങനെ ഭിന്നതകൾ വിതയ്ക്കാൻ മാത്രമുള്ളതാണെന്ന തിരിച്ചറിവുകൾ ചിലപ്പോൾ അത്ഭുതപ്പെടുത്തിയേക്കാം. ഇന്ത്യൻ മാധ്യമങ്ങൾ പുൽവാമ ആക്രമത്തിൽ ഇടപെട്ടതിനെ പറ്റി എഴുതുമ്പോൾ ചാനലുകളിൽ വരാറുള്ള “ചർച്ചകളെ” പറ്റി പറയാതെ പൂർത്തിയാവില്ല. പല ചർച്ചകളിലും, നാളെത്തന്നെ ഇന്ത്യ തിരിച്ചടിക്കണം, പാക്കിസ്ഥാനികളെ ഒരു പാഠം പഠിപ്പിക്കണം, ഇമ്രാൻഖാനു മുഖമടച്ചു മറുപടി നൽകണം തുടങ്ങി നീളുന്നു പാനലിസ്റ്റുകളുടെയും അവതാരകരുടെയും ആക്രോശങ്ങൾ.
പല ചർച്ചകളിലും, ഭരിക്കുന്ന പാർട്ടിയായ ബി.ജെ.പിയുടെ നേതാക്കൾ അല്പം കൂടെ തീവ്ര ഹിന്ദുത്വ പാർട്ടിയായ ശിവസേന നേതാക്കളോടാണ് വാദങ്ങളുന്നയിക്കുന്നത്. പാക്കിസ്ഥാനു നേരിട്ട് ബന്ധമില്ലാത്ത കാര്യത്തിൽ പാക്കിസ്ഥാനെ എപ്പോൾ ആക്രമിക്കുന്നതാണ്, എങ്ങനെ ആക്രമിക്കുന്നതാണ് ഉചിതമെന്നാണ് അവർ ആലോചിക്കുന്നത്. ഇത്തരത്തിൽ പ്രേക്ഷകരുടെയുള്ളിൽ മുഴുവനും വിഷം കുത്തിവെയ്ക്കാൻ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ശ്രമങ്ങൾ ഭീകരമാണ്.
ഫെബ്രുവരി 18 ന് ടൈംസ് ഓഫ് ഇന്ത്യ, “പാക്കിസ്ഥാൻ തകർക്കപ്പെടണം!” എന്ന തലക്കെട്ടുള്ള, ഹർബീർ സിംഗിന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ലേഖനത്തിലുടനീളം അതിൽ, പാക്കിസ്ഥാനെതിരെ നിലനിൽക്കുന്ന, യാതൊരു തെളിവുകളുമില്ലാതെ ഏതാനും ആരോപണങ്ങളുടെ ഒരു നീണ്ട പട്ടിക സിംഗ് ഉയർത്തിക്കാട്ടുന്നു. പാക്കിസ്ഥാനെതിരെയുള്ള ആണവയുദ്ധത്തിൽ ചൈന പങ്കെടുക്കില്ലെന്ന് വായനക്കാരനു ഉറപ്പുനൽകിയ സിംഗ് തന്റെ ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്; “ഞങ്ങളുദ്ദേശിക്കുന്ന രീതിയിലുള്ള ഒരു ഫലം ഉണ്ടാകില്ലെങ്കിൽ, പാക്കിസ്ഥാൻ തകർക്കേണ്ടതുണ്ട്, അത് ഇതാ ഇപ്പോൾ ആരംഭിക്കുന്നു.”
ഒന്നുകൂടെ ആലോചിക്കൂ, ഇത് എഴുതിയത് ഇതേ മനസുള്ള ഒരുപറ്റം ആളുകളുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പിലല്ല. മറിച്ച്, ലോകമെമ്പാടും വലിയ രീതിയിൽ വായിക്കപ്പെടുന്ന, ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലാണ്.
തങ്ങളുടെ രാജ്യം ഒരു യുദ്ധത്തിലേക്ക് പ്രവേശിക്കരുതെന്ന നിലപാടാണ് മറ്റെല്ലാ രാജ്യങ്ങളിലെ മാധ്യമങ്ങൾക്കും, എന്നാൽ ഇന്ത്യയിലെ മാധ്യമങ്ങളിലെ സ്ഥിതി മറിച്ചാണ്. ഇത്തരം വർഗീയതയും വിദ്വേഷവും പടർത്തുന്ന വാർത്തകൾ പ്രസിദ്ധീകരിക്കാൻ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് യാതൊരു മടിയുമില്ല.
പാക്കിസ്ഥാന്റെ യാഥാർത്ഥ്യങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ വീക്ഷണങ്ങൾ അവതരിപ്പിക്കുന്ന രാഷ്ട്രീയ തന്ത്രജ്ഞർ, മാധ്യമപ്രവർത്തകർ, കമന്റേറ്റർമാർ എന്നിവരെ അങ്ങേയറ്റം ആക്ഷേപിക്കാൻ വേണ്ടിയാവണം ഇന്ത്യൻ തീവ്ര ദേശീയവാദികൾ സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിന്റെ കാരണം. പാക്കിസ്ഥാനെതിരെയുള്ള ഉള്ളടക്കം മാത്രമല്ല, ഇന്ത്യൻ മാധ്യമങ്ങൾ ചൈനയ്ക്കെതിരായ അധിക്ഷേപ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ചൈനയിലെ മാധ്യമങ്ങൾ പൊതുവെ വിദേശ മാധ്യമങ്ങളുടെ ഇത്തരം ആരോപണങ്ങൾക്ക് മറുപടി നല്കാറില്ലെങ്കിലും ഇന്ത്യൻ മാധ്യമങ്ങളുടെ സിനോഫോബിയ (ചൈനയ്‌ക്കെതിരായ വികാരം) പടർത്തുന്ന ആരോപണങ്ങൾക്ക് ചൈനയിലെ ഗ്ലോബൽ ടൈംസ് എഡിറ്റോറിയൽ പറഞ്ഞത്, ഇങ്ങനെയാണ്: “ചൈനയ്‌ക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടേയിരിക്കുമ്പോൾ ഇന്ത്യയുമായുള്ള നയതന്ത്രപരവും സാമ്പത്തിക പരവുമായുള്ള എല്ലാ ബന്ധങ്ങളും താഴേക്കു പോകുകയാണ്.”
ചൈനയ്ക്ക് പാക്കിസ്ഥാനോടും ഇന്ത്യയോടും സൗഹൃദപരമായ ബന്ധം കൊണ്ടുപോകുവാനാണ് താല്പര്യം. എന്നാൽ പല ഇന്ത്യക്കാരും ആഗ്രഹിക്കുന്നത് ഇന്ത്യ പാകിസ്ഥാൻ പ്രശ്നത്തിന്റെ മുകളിൽ ചൈന നിലപാടെടുക്കണമെന്നാണ്. പക്ഷെ ഇന്ത്യക്ക് ഒരിക്കലും ഇങ്ങനെ നിർബന്ധിക്കാൻ കഴിയില്ല. ഇത് ചിലരെ നിരാശരാക്കുന്നുണ്ട്. പക്ഷെ ചൈനയ്ക്ക് അതിൽ എന്ത് ചെയ്യാൻ സാധിക്കും?
ഇന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്ന തീവ്ര ദേശീയത ഇന്ത്യയും ചൈനയും തമ്മിലുള്ള സുഹൃത് ബന്ധത്തെ തന്നെ മോശമായി ബാധിച്ചേക്കാം. ഇന്ത്യയുടെ താല്പര്യങ്ങളും വികാരങ്ങളും ചൈനയ്ക്ക് മനസിലാവും പക്ഷെ പൊതു ജനങ്ങളിൽ നിറച്ചുകൊണ്ടിരിക്കുന്ന വിദ്വേഷം രണ്ടു രാജ്യങ്ങളെയും ഇരു ചേരികളിലാക്കാൻ മാത്രമേ സാധിക്കുകയുള്ളു.
ചൈനയെ ഒറ്റപ്പെടുത്തുക, ചൈനീസ് ഉത്പന്നങ്ങൾ വാങ്ങരുത് തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കുമ്പോൾ ഇന്ത്യയെ പോലൊരു രാജ്യം ആലോചിക്കേണ്ട ചിലതുണ്ട്. ചൈന ഇന്ത്യയേക്കാൾ നാലോ അഞ്ചോ വലിപ്പമുള്ള സാമ്പത്തിക ശക്തിയാണ്. ഇന്ത്യയുടെയും ചൈനയുടെയും തമ്മിലുള്ള സാമ്പത്തികമായും അല്ലാതെയുമുള്ള വേർതിരിവ് വളരെ വലുതാണ്.
“ചൈനയുടെ മുഖ്യധാരാ മാധ്യമങ്ങൾ എന്ന നിലയിൽ, ഇന്ത്യയുടെ താൽപര്യങ്ങളും അവകാശങ്ങളും ചൈന ബഹുമാനിക്കുന്നു, ഭീകരതയെ നേരിടാനുള്ള ഇന്ത്യയുടെ ശ്രമത്തെ ശക്തമായി പിന്തുണയ്ക്കുന്നു, ഒപ്പം ഇന്ത്യയുമായുള്ള സൗഹൃദ സഹകരണം വികസിപ്പിക്കുന്നതിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അതേസമയം, ഇന്ത്യൻ മാധ്യമങ്ങൾ റാഡിക്കൽ ദേശീയതയെ ഉപേക്ഷിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഉചിതമായി ചൈന-ഇന്ത്യ ബന്ധത്തെ വീക്ഷിക്കുകയും ഉഭയകക്ഷി ബന്ധങ്ങളുടെ യുക്തിസഹമായ വികസനം ത്വരിത ഗതിയിലാക്കുവാൻ വേണ്ട പിന്തുണ നൽകുമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു.” ഗ്ലോബൽ ടൈംസ് പറയുന്നു.
രക്തരൂഷിതമായ കലാപങ്ങൾക്കാണ് ഇന്ത്യൻ മാധ്യമങ്ങൾ ആഹ്വാനം ചെയ്യുന്നത്. ജമ്മുവിലെ കാശ്മീരിമുസ്ലീമുകൾക്കെതിരായും ഇന്ത്യൻ അധീനതയിലുള്ള കശ്മീരിലെ മുസ്ലീം മതസ്ഥർക്കെതിരെയും ജനക്കൂട്ടങ്ങൾ നടത്തിവരുന്ന അക്രമങ്ങൾ ഇത്തരം മാധ്യമങ്ങളുടെ ദുഷ്പ്രചാരണത്തിന്റെ ഫലമാണെന്ന് നിസ്സംശയം പറയാം. വിദേശ ശക്തികളാൽ മാത്രം പ്രശ്നങ്ങൾ ഉണ്ടാകുന്ന, സമാധാനപരമായ ഒരു രാജ്യമാണ് ഇന്ത്യയെന്ന് ലോകത്തിനു മുന്നിൽ ഒരു മിഥ്യ ധാരണ പരത്താനാണ് ഇന്ത്യൻ മാധ്യമങ്ങൾ ശ്രമിക്കുന്നത്.
യഥാർത്ഥ മാധ്യമ ധർമത്തിൽനിന്നും അകന്നു സഞ്ചരിക്കുന്ന ഇന്ത്യൻ മാധ്യമങ്ങൾ തങ്ങളുടെ ആദർശത്തിൽ ആവശ്യമായ തിരുത്തലുകൾ നടത്തി മുന്നോട്ട് പോവേണ്ടുന്ന സമയം അതിക്രമിച്ചു.