Fri. Mar 29th, 2024
തൃശ്ശൂർ:

വനിതാ ആരോഗ്യമേഖലയ്ക്ക് വിപ്ലവകരമായ മാറ്റം സമ്മാനിച്ച്‌ മാമ്മോഗ്രാമില്ലാതെ സ്തനാർബുദം കണ്ടെത്തുന്നതിന് സഹായിക്കുന്ന സെൻസർ ഘടിപ്പിച്ച ബ്രാ കണ്ടുപിടിച്ച ഡോ. സീമയ്ക്ക് നാരീശക്തി പുരസ്കാരം. തൃശൂരിലെ സെന്റർ ഫോർ മറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയിലെ ശാസ്ത്രജ്ഞയാണ് ഇവർ. സെൻസറുകൾ ഘടിപ്പിച്ച ബ്രായാണ് സ്തനാർബുദ നിർണ്ണയത്തിനു ഡോ. സീമയുടെ നേതൃത്വത്തിൽ വികസിപ്പിച്ചത്. സ്ത്രീകൾക്ക് സാധാരണപോലെ ധരിക്കാവുന്ന രീതിയിൽ തയ്യാറാക്കിരിക്കുന്ന ബ്രായിൽ സെൻസറുകൾ കൂടി ഘടിപ്പിച്ചിട്ടുണ്ട്. രോഗബാധയുണ്ടോ ഇല്ലയോ എന്ന് ഇത് ധരിച്ചാലുടൻ അറിയാം. അർബുദം ബാധിക്കുന്ന കോശങ്ങൾ വിഭജിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന താപനിലയിലെ വ്യത്യാസം സെൻസറുകളിലൂടെ തിരിച്ചറിയുന്നതാണ് സംവിധാനത്തിന്റെ അടിസ്ഥാനം.

ഒരു മില്ലിമീറ്റർ നീളവും ഒരു മില്ലിമീറ്റർ വീതിയും 1.5 മില്ലിമീറ്റർ ആഴവുമുള്ള രീതിയിലാണ് സെൻസറുകൾ. കോട്ടൺ ബ്രായുടെ രണ്ടു കപ്പിലും ഘടിപ്പിച്ചിരിക്കുന്ന സെൻസർ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. സെൻസറുമായി കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കണം. കമ്പ്യൂട്ടറിലേക്ക് 2D ചിത്രങ്ങളായാണ് റിപ്പോർട്ട് എത്തുക. അതേസമയം, റിസൾട്ട് 3D ചിത്രങ്ങളായി ലഭിക്കുന്ന തരത്തിലുള്ള സാങ്കേതികവിദ്യ എത്രയും പെട്ടെന്ന് വിപുലപ്പെടുത്തമെന്ന് ഡോ സീമ പറഞ്ഞു.

ബ്രാ ധരിച്ച് 15 മിനിറ്റു മുതൽ 30 മിനിറ്റു വരെയുള്ള സമയം കൊണ്ട് പരിശോധന പൂർത്തിയാകും. ബ്രാ വിപണിയിൽ എത്തിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നുണ്ട്. നിലവിൽ ഒരെണ്ണത്തിന് 500 രൂപയിൽ താഴെ ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവിയിൽ കൂടുതൽ കമ്പനികൾ ബ്രാ വിപണിയിൽ എത്തിക്കാൻ തയ്യാറാകുമ്പോൾ വില ഇനിയും കുറഞ്ഞേക്കുമെന്നും ഡോ. സീമ വ്യക്തമാക്കി. കമ്മ്യൂണിറ്റി തലത്തിൽ സെൻസർ ബ്രാ ഉപയോഗിച്ച് പരിശോധിക്കണമെങ്കിൽ ഒമ്പതു രൂപയ്ക്ക് അത് സാധ്യമാകും.

മലബാർ ക്യാൻസർ സെന്റററിലെ 117 സ്തനാർബുദ രോഗികളിലാണ് ഇത് വിജയകരമായി പരീക്ഷിച്ചത്. മാമ്മോഗ്രാം പരിശോധനയുമായി താരതമ്യപ്പെടുത്തിയപ്പോൾ 100 % ശരിയായിരുന്നു ഇതിലെ പരീക്ഷണഫലവും. നിലവിൽ, കമ്മ്യൂണിറ്റി തലത്തിൽ ഉപയോഗിക്കുന്ന ബ്രാ, സോഫ്റ്റ് വെയർ പ്രാബല്യത്തിൽ വരുന്നതോടെ വ്യക്തികൾക്കും ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റപ്പെടും. പരിശോധനയിൽ എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ അപ്പോൾ തന്നെ ഡോക്ടറെ സമീപിക്കാവുന്നതുമാണ്. ഒരാൾ ഒരിക്കൽ വാങ്ങിയാൽ ബ്രാ സൈസ് മാറ്റില്ലാത്ത കാലത്തോളം ഒരേ ബ്രാ തന്നെ പരിശോധനകൾക്കായി ഉപയോഗിക്കാവുന്നതാണ്. റേഡിയേഷൻ ഇല്ല, സ്വകാര്യത, വേദനയില്ല, പോക്കറ്റിന് ഇണങ്ങുന്നത് എന്നിവയാണ് സെൻസർ ഘടിപ്പിച്ച ബ്രായുടെ ഗുണങ്ങൾ.

സെൻസർ ഘടിപ്പിച്ച ബ്രായ്ക്കൊപ്പം അതിന്റെ ഡാറ്റ ശേഖരണവും ബ്രാ ഉപയോഗിക്കുന്ന വ്യക്തിക്ക് തന്നെ സാധ്യമാകുന്ന രീതിയിലാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തുന്നത്. ഇതിനായി സ്വതന്ത്ര സോഫ്റ്റ് വെയർ ഡെവലപ് ചെയ്തു കഴിഞ്ഞു. ലാപ്ടോപ്പിലോ ടാബിലോ മൊബൈൽ ഫോണിലോ ഈ സോഫ്റ്റ് വെയർ ഉണ്ടെങ്കിൽ ഡാറ്റ അതിലേക്ക് ട്രാൻസ്‌ഫർ ചെയ്യാനും ഇമേജ് കാണാനും കഴിയും.
.
ശാസ്ത്രത്തിലൂടെ വനിതകളുടെ ഉന്നമനം സാധ്യമാക്കുന്നതിന് മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ പുരസ്കാരവും ഡോ. സീമയ്ക്ക് ലഭിച്ചിരുന്നു. വനിതാ, ശിശുക്ഷേമ മന്ത്രാലയം രാജ്യത്തെ സ്ത്രീകൾക്കായി നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്കാരമാണ് നാരി ശക്തി പുരസ്കാർ. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം. ലോകവനിതാ ദിനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന്,
ഡോ. സീമ പുരസ്കാരം ഏറ്റു വാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *