ലണ്ടൻ:
ഒരിക്കൽ പിടികൂടിക്കഴിഞ്ഞാൽ ചികിത്സയില്ലെന്നു കരുതിയ എയ്ഡ്സും ഇനി സുഖപ്പെടുത്താം. വൈദ്യ ശാസ്ത്ര രംഗത്തെ ഗവേഷണ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം നൽകിക്കൊണ്ട് എയ്ഡ്സ് ബാധിച്ച രണ്ടു പേർ ജീവിതത്തിലേക്ക് തിരിച്ചു വന്നു. പന്ത്രണ്ടു വർഷങ്ങൾക്കു മുൻപാണ് എയ്ഡ്സ് ആദ്യമായി ഒരാൾക്ക് ഭേദമായത്. പരാജയപ്പെട്ട നിരവധി അനവധി ഗവേഷണങ്ങൾക്കു ശേഷം എച്ച്.ഐ.വിയും സുഖപ്പെടുത്താമെന്ന് ശാസ്ത്ര ലോകം തെളിയിച്ചു കഴിഞ്ഞു. ഭേദമാവാൻ സമയമെടുത്തേക്കാം, ചികിത്സ രീതികൾ സങ്കീർണ്ണമായതായിരിക്കാം. എങ്കിലും രോഗിയെ രോഗ വിമുക്തനാക്കുവാൻ ഈ ചികിത്സ കൊണ്ടു സാധിക്കും. എല്ലുകൾക്കിടയിൽ കാണപ്പെടുന്ന പുതിയ രക്ത കോശങ്ങൾ പിറവിയെടുക്കുന്ന ബോൺ മാരോ എന്ന അർദ്ധ ഖരാവസ്ഥയിലുള്ള ഭാഗം മാറ്റിവെച്ചാണ് ചികിത്സ നടത്തുന്നത്. ഇതേ മാർഗം ക്യാൻസർ രോഗികളിലും പ്രയോഗിക്കാറുണ്ട്. എന്നാൽ ഈ മാർഗം അത്ര എളുപ്പം പിടിച്ച ഒന്നല്ല. ഈ അടുത്ത കാലത്തൊന്നും പെട്ടെന്ന് പ്രാവർത്തികമാക്കാനുള്ള ഒരു ഉപാധിയുമല്ല. എച്ച്.ഐ.വിയെ നിയന്ത്രിച്ചു നിർത്തുന്ന ധാരാളം മരുന്നുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. പക്ഷെ അത്യന്തം വെല്ലുവിളി നിറഞ്ഞ ഈ ശസ്ത്രക്രിയ നടത്തുമ്പോൾ ഉണ്ടാവുന്ന അനന്തര ഫലങ്ങൾ മാറാൻ വർഷങ്ങൾ എടുത്തേക്കാം.
“എന്നാൽ ഇത്രയും കാലം എയ്ഡ്സ് നിന്നൊരു മോചനം സ്വപ്നത്തിൽ പോലും സാധ്യമല്ലായിരുന്നു. എന്നാൽ ഇന്നു നമ്മളതു നേടിയെടുത്തിരിക്കുന്നു.” ഗവേഷക സംഘത്തിലുള്ള ഡോക്ടർ ആൻ മേരി വെൻസിങ് പറയുന്നു. നെതെർ ലാൻഡിലെ യൂണിവേറിസ്റ്റി മെഡിക്കൽ സെന്ററിലെ വൈറോളജിസ്റ്റാണ് വെൻസിങ്.
എച്ച്.ഐ.വി ക്ക് ഫലപ്രദമായ പ്രതിവിധി സ്റ്റെം (മൂല) കോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ കണ്ടെത്താൻ ശ്രമിക്കുന്ന icistem എന്ന, ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയിലെ കോ ലീഡർ കൂടെയാണ് വെൻസിങ്. ഇതിനു അമേരിക്കൻ എയ്ഡ്സ് റിസർച്ച് ഓർഗനൈസഷന്റെ പിന്തുണ കൂടെയുണ്ട്.
രോഗം ഭേദമായ ആളുടെ പേര് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. എങ്കിലും “ലണ്ടൻ രോഗി” എന്നാണ് അറിയപ്പെടുന്നത്.
“ശാസ്ത്രത്തിന്റെ പുരോഗതിയെ സഹായിക്കാനായുള്ള എന്റെ ഉത്തരവാദിത്തമായാണ് ഞാൻ ഈ ചുമതലയെ കാണുന്നത്” ലണ്ടൻ രോഗി അഭിപ്രായപ്പെട്ടു.” എയിഡ്സിൽ ഇന്നുള്ള വിമുക്തി എനിക്കൊരു അത്ഭുതമായിട്ടാണ് അനുഭവപ്പെടുന്നത്. ഒരിക്കലും ഇത്തരമൊരു മാജിക് നടക്കുമെന്ന് കരുതിയിരുന്നില്ല ” അദ്ദേഹം കൂട്ടിച്ചേർത്തു.
2007 ലാണ് ആദ്യമായി എയ്ഡ്സ് സുഖപ്പെടുത്തിയെന്ന് വാർത്ത വരുന്നത്. ബെർലിൻ രോഗി എന്നറിയപ്പെട്ട അയാൾ, തിമോത്തി റേ ബ്രൗൺ ആണെന്ന് പിന്നീട് വെളിപ്പെടുത്തി. ഇപ്പോൾ അദ്ദേഹം അമേരിക്കയിലെ കാലിഫോർണിയയിലാണ്. മറ്റു പല കേസുകളിലും രോഗം ഭേദമായി ഒൻപതു മാസങ്ങൾക്കു ശേഷം മരുന്നുകൾ നിർത്തുമ്പോളും, അല്ലെങ്കിൽ കാൻസർ വന്നും രോഗികൾ മരണപ്പെടാറുണ്ട്.
ബ്രൗണിന് ലുക്കേമിയയാണെന്നു കണ്ടെത്തുകയും, കീമോ ചികിത്സാരീതി ഫലിക്കാതെയാവുകയും ചെയ്തപ്പോൾ രണ്ടു തവണ ബോൺ മാരോ ചെയ്യുകയുണ്ടായി. ഇന്ന് നിലവിലില്ലാത്ത വളരെയധികം തീവ്രമായ മരുന്നുകളാണ് ശസ്ത്രക്രിയയ്ക്കു ശേഷം ബ്രൗണിന് നൽകിയത്. വളരെയധികം സങ്കീർണ്ണമായിരുന്നു പിന്നീടുള്ള ബ്രൗണിന്റെ ജീവിതം. ഒരു മാസത്തിലധികം അദ്ദേഹം മരണത്തോടു മല്ലിട്ടു കൊണ്ട് കോമ അവസ്ഥയിൽ ആയിരുന്നു. എന്നാൽ ഇത്രയും ബുദ്ധിമുട്ടുകൾ ലണ്ടൻ രോഗിക്കുണ്ടായില്ല. യൂണിവേഴ്സിറ്റി കോളേജിലെ വൈറോളജിസ്റ് രവീന്ദ്ര ഗുപ്ത പറയുന്നത് ഇങ്ങനെയാണ് “ബെർലിൻ രോഗിയുടെ സംഭവത്തിനു ശേഷം എല്ലാരും വിശ്വസിച്ചിരുന്നത് എച്ച്.ഐ.വി. ഭേദപ്പെടാൻ ശസ്ത്രക്രിയയ്ക്കു ശേഷവും മരണത്തെ മുഖത്തോടു മുഖം കാണണമെന്നാണ്. എന്നാൽ ഈ ഒരു കണ്ടെത്തലോടെ അത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടു.” ഇതുവരെയായി മുപ്പത്തിയെട്ട് എച്ച്.ഐ.വി. രോഗികളെയാണ് ഇതേ ചികിത്സാരീതിക്ക് വിധേയമാക്കിയിട്ടുള്ളത്. അവരെല്ലാം തന്നെ ശക്തമായ നിരീക്ഷണത്തിലാണ്. ഇതിലെ മുപ്പത്തി ആരാമം ആയിരുന്നു ലണ്ടൻ രോഗി.
ലണ്ടൻ രോഗി എന്നെന്നേക്കുമായി സുഖപ്പെട്ടുവെന്ന് പറയാൻ ആവില്ലെങ്കിലും, ബ്രൗണിന്റ കേസുമായി താരതമ്യം ചെയ്യുമ്പോൾ അദ്ദേഹം ആരോഗ്യവാനാണ്.
“ലണ്ടൻ രോഗി സുഖപ്പെട്ടുവെന്ന വാർത്ത പ്രതീക്ഷ നൽകുന്നതാണ്. മെഡിക്കൽ രംഗത്ത് എന്തെങ്കിലും അത്ഭുതം സംഭവിച്ചാൽ അത് സംഭവിച്ചു കൊണ്ടേയിരിക്കും. പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം എനിക്കൊരു കൂട്ട് കിട്ടിയിരിക്കുകയാണ്. ഇനിയും കൂടുതൽ അത്ഭുതങ്ങൾക്കായി കാത്തിരിക്കുകയാണ്!” ബ്രൗൺ പ്രതികരിച്ചു.
പതിറ്റാണ്ടുകളായി എയിഡ്സിനു നൽകേണ്ടുന്ന ചികിത്സകൾ സംബന്ധിച്ച് വലിയ തോതിൽ ഗവേഷണങ്ങളും പഠനങ്ങളും നടക്കുകയാണ്. ഇവയ്‌ക്കെല്ലാം തന്നെ പുത്തനുണർവ് പകരാൻ ഈ നേട്ടം കൊണ്ട് സാധിച്ചേക്കാം. ഭാവിയിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫലപ്രദമായ ചികിത്സാ മാരഗങ്ങൾ കണ്ടുപിടിക്കാനുള്ളൊരു ചവിട്ടുപടിയാണ് ഈ നേട്ടം.