മുംബൈ:
ആഗോളവിപണിയുടെ ചുവടുപിടിച്ച്, നഷ്ടത്തോടെയാണ്, ഇന്ത്യൻ ഓഹരിവിപണിയിലും വ്യാപാരം പുരോഗമിക്കുന്നത്. ഓട്ടോമൊബൈൽ, ബാങ്കിംഗ്, മെറ്റൽ, ഐ.ടി. മേഖലകളിലെല്ലാം നഷ്ടം പ്രകടമാണ്. ഇൻഫ്ര, ഫാർമ എന്നീ മേഖലകളിൽ മാത്രമാണ് അൽപമെങ്കിലും നേട്ടം ഇന്ന് കാണുന്നത്.
സെൻസെക്സ് 100 പോയിന്റും നിഫ്റ്റി 50 പോയിന്റ് നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. എന്‍.ഡി.പി.സി, എം ആന്‍ഡ് എം, ബജാജ് ഓട്ടോ എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ഒ.എന്‍.ജി.സി, കോൾ ഇന്ത്യ എന്നീ ഓഹരികൾ നഷ്ടത്തിലാണ്. വിനിമയനിരക്കിൽ ഡോളറിനെതിരെ 70.17 എന്ന നിരക്കിലാണ് ഇന്ത്യൻ രൂപ മൂല്യം.
ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐ.പി.ഒ)യുമായി കേരളത്തിൽനിന്ന് ഒരു സംരംഭം കൂടി. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൽപ്പെട്ട മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് ഉടൻ തന്നെ മൂലധന വിപണിയിലെത്തും. ഇതിനു മുന്നോടിയായി വിദേശ വിപണികളിൽ ‘റോഡ് ഷോ’ ആരംഭിച്ചു. 1000 കോടി രൂപയാണു സമാഹരണ ലക്ഷ്യം. ഗ്രൂപ്പിൽനിന്ന് ഐ.പി.ഒ. വിപണിയെ സമീപിക്കുന്ന രണ്ടാമത്തെ സംരംഭമാണിത്. 1995 ൽ വിപണിയിലെത്തിയ മുത്തൂറ്റ് കാപ്പിറ്റൽ സർവീസസാണ് ആദ്യത്തേത്. വിപണിയിലിറക്കുന്ന ഓഹരികളിൽ 500 കോടി രൂപയുടേതു പുതിയവയാണ്.
കേരളത്തിൽ നിന്ന് ഇതുവരെ 40 കമ്പനികൾ ഐ.പി.ഒ. വിപണിയിലെത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ എത്തിയത് ആസ്‌റ്റർ ഡി.എം. ഹെൽത്‌കെയർ ലിമിറ്റഡ്. കഴിഞ്ഞ വർഷം ആദ്യമായിരുന്നു ഇഷ്യു. അടുത്തുതന്നെ ഐ.പി.ഒ. വിപണിയിൽ പ്രവേശിക്കാൻ ഉദ്ദേശ്യമുള്ള കമ്പനികളിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്, കൊശമറ്റം ഫിനാൻസ്, കല്യാൺ ജ്വല്ലേഴ്‌സ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് എന്നിവ ഉൾപ്പെടുന്നു.
ബി.എസ്.ഇയിലെ 801 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 677 ഓഹരികൾ നഷ്ടത്തിലുമാണ്.