ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആദ്യ സെമിയുടെ ആദ്യപാദ മത്സരത്തില്‍, ബംഗളൂരു എഫ്‌സിക്കെതിരെ, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് അട്ടിമറി വിജയം. ഭാഗ്യം ഇൻജുറി ടൈമിലെ പെനൽറ്റിയുടെ രൂപത്തിൽ കൂട്ടിനെത്തിയ ആവേശപ്പോരിൽ, ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റിന്റെ ജയം. റെഡീം ലാങ്, യുവന്‍ ക്രൂസ് മസിയ എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ നേടിയത്. ഇസ്‌കോ ഹെര്‍ണാണ്ടസിന്റെ വകയായിരുന്നു ബംഗളൂരുവിന്റെ ഗോള്‍.
ആദ്യപകുതിയിൽ റെഡീം തലാങ്ങിന്റെ തകർപ്പൻ ഗോളിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഡെടുത്തത്. ഓഗ്ബെച്ചയുടെ പാസ് പിടിച്ചെടുത്ത് ബെംഗളൂരു ബോക്സിന്റെ വലതു ഭാഗത്തുനിന്ന് തലാങ് തൊടുത്ത പൊള്ളുന്ന ഷോട്ട്, ഗോൾകീപ്പർ നോക്കിനിൽക്കെ വലയിൽ കയറി. ബെംഗളൂരുവിന്റെ മറുപടി ഗോളെത്താൻ മൽസരം അവസാന 10 മിനിറ്റിലേക്കു കടക്കേണ്ടിവന്നു. 82–ാം മിനിറ്റിൽ സുനിൽ ഛേത്രിയുടെ മനോഹരമായൊരു നീക്കത്തിനൊടുവിൽ നോർത്ത് ഈസ്റ്റ് ബോക്സിന് ഒത്ത നടുവിൽ ലഭിച്ച പന്തിലേക്ക് സിസ്കോ ഹെർണാണ്ടസിന്റെ പ്രഹരം. പന്തു വലയിൽ. സ്കോർ 1–1.
മൽസരം സമനിലയിൽ എന്നുറപ്പിച്ച് ഇൻജുറി ടൈമിലേക്ക് കടന്നതോടെയാണ് അപ്രതീക്ഷിതമായി പെനൽറ്റിയുടെ രൂപത്തിൽ നോർത്ത് ഈസ്റ്റിന്റെ ഭാഗ്യമെത്തിയത്. നോർത്ത് ഈസ്റ്റിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽനിന്നാണ് നാടകീയ നീക്കങ്ങളുടെ തുടക്കം. ഫ്രീകിക്കിൽനിന്നെത്തുന്ന പന്തിന് തലവയ്ക്കുന്നതിൽനിന്ന് മാസിയയെ തടയാനുള്ള ബെംഗളൂരു താരം ഖബ്രയുടെ നീക്കം പിഴച്ചു. മാസിയയെ വലിച്ചുതാഴെയിട്ടതിന് നോർത്ത് ഈസ്റ്റിന് അനുകൂലമായി പെനൽറ്റി കിക്കെടുത്ത മാസിയ പിഴക്കാതെ ലക്‌ഷ്യം കണ്ട് ടീമിന് അട്ടിമറി വിജയം നേടിക്കൊടുത്തു.
രണ്ടാംപാദ സെമി തിങ്കളാഴ്ച ബംഗളൂരുവിന്റെ ഗ്രൗണ്ടില്‍ നടക്കും.