Mon. Dec 23rd, 2024
സിഡ്‌നി:

ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജയായ ദന്ത ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രീതി റെഡ്‌ഡി എന്ന 32കാരിയുടെ മ‍ൃതദേഹമാണ് സ്യൂട്ട്കേസിനുള്ളിലാക്കിയ നിലയില്‍ കണ്ടെത്തിയത്. കിഴക്കൻ സിഡ്നിയിലെ കിങ്‌സ്‌ഫോർഡിൽ നിർത്തിയിട്ട കാറിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ച, പ്രീതിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ജോര്‍ജ് സ്ട്രീറ്റിലെ ഒരു റസ്‌റ്റോറന്റിലാണ് ഇവരെ അവസാനമായി കണ്ടത്. ഞായറാഴ്ച രാവിലെ 11 മണിക്കാണ് ഇവര്‍ വീട്ടുകാരുമായി അവസാനമായി ഫോണില്‍ സംസാരിച്ചത്. വീട്ടിലെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും കാണാത്തതിനെ തുടര്‍ന്ന്, വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടിൽ നിന്ന് 70 കിലോമീറ്ററോളം ദൂരെ കിങ്‌സ്‌ഫോർഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇവരുടെ കാറും, അതിനുള്ളിൽ മൃതദേഹവും ചൊവ്വാഴ്ച രാത്രിയാണ് കണ്ടെത്തിയത്. കുത്തേറ്റാണ് മരണമെന്നും ശരീരത്തിൽ ഒട്ടേറെ കുത്തുകളേറ്റിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ശനിയാഴ്ച വൈകിട്ട് പ്രീതിയെയും, സുഹൃത്തും ഡോക്ടറുമായ നാർഡെയെയും ഒരുമിച്ച് നഗരത്തിലെ ഒരു ഹോട്ടലിൽ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന്, തിങ്കളാഴ്ച, പൊലീസ് നാർഡെയെ ചോദ്യംചെയ്തിരുന്നു. വടക്കൻ സിഡ്നിയിലെ സെന്റ് ലിയനാർഡ്സിൽ ഡെന്റൽ കോൺഫറൻസിൽ പങ്കെടുക്കാൻ പോയിരുന്ന പ്രീതി, ഞായറാഴ്ച രാവിലെ 11 മണിയോടെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. അന്നു പുലർച്ചെ രണ്ടേകാലിന് മക്ഡൊണാൾഡ്സിൽ നിന്ന് പ്രീതി ഭക്ഷണം വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കോൺഫറൻസ് നടന്ന സ്ഥലത്തു നിന്ന് 14 കിലോമീറ്റർ ദൂരെയാണ് മൃതദേഹം കണ്ടെത്തിയത്. നാർഡെയും പ്രീതിയും കുറേക്കാലം മുൻപ് പിണങ്ങിപ്പിരിഞ്ഞു. ഇതിനുശേഷം നാർഡെ മാനസികമായി തകർന്ന നിലയിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.

പ്രീതിയുടെ മൃതദേഹം കണ്ടെത്തിയതിന് ഏതാണ്ട് 340 കിലോമീറ്റർ മാറിയാണു ഡോ. ഹർഷവർധൻ നാർഡെ മരിച്ചുകിടന്നത്. ഹർഷവർധൻ ഓടിച്ച ബി.എം.ഡബ്ല്യു കാർ ന്യൂ ഇംഗ്ലണ്ട് ഹൈവേയിൽ ട്രക്കിൽ ഇടിച്ചുണ്ടായ അപകടത്തിലാണു മരണം സംഭവിച്ചത്. കാർ ട്രക്കിനു നേരെ ഓടിച്ചുകയറ്റിയതാണെന്നു സംശയിക്കുന്നു. ടാംവർത്തിൽനിന്നു സിഡ്‌നിയിലേക്കു 400 കിലോമീറ്റർ യാത്ര ചെയ്തു തുടർപഠനത്തിനെന്ന പേരിൽ ഹർഷവർധൻ എത്തിയതിന്റെ പ്രധാന ഉദ്ദേശ്യം പ്രീതിയെ കാണുക എന്നതായിരിക്കണമെന്നും പൊലീസ് സംശയിക്കുന്നു.

പക്ഷെ മരണത്തിലെ ദുരൂഹത അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുകയാണ്. പ്രീതി അവസാന മണിക്കൂറുകളിൽ എന്തുചെയ്യുകയായിരുന്നു എന്ന കാര്യത്തിലാണ് ദുരൂഹത തുടരുന്നത്. ഇക്കാര്യത്തിൽ ന്യൂ സൗത്ത് വെയിൽസ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. എന്നാൽ, ഊഹാപോഹങ്ങൾ അരുതെന്ന് ഡിറ്റക്ടീവ സുപ്രണ്ട് ഗാവിൻ ഡെൻഗേറ്റ് അഭ്യർത്ഥിച്ചു. അതേസമയം, മുൻ കാമുകൻ ഹർഷ നാർഡെയെ അല്ലാതെ മറ്റാരെയും പൊലീസ് സംശയിക്കുന്നുമില്ല. എപ്പോഴാണ് സിഡ്‌നിയിൽ വച്ച് ഇരുവരും കണ്ടുമുട്ടിയത്, എവിടെയൊക്കെ പോയി ആരെയൊക്കെ കണ്ടു, രണ്ടുപേർക്കുമിടയിൽ എന്തൊക്കെ സംഭവിച്ചുതുടങ്ങിയ കാര്യങ്ങളാണ് ചുരുൾ അഴിക്കേണ്ടത്. ഞായറാഴ്ച രാവിലെ 11.06 ന് വന്ന ഫോൺകോളിന് ശേഷവും വൈകുന്നേരം മരണത്തിനും ഇടയിൽ എന്തുസംഭവിച്ചു? ഇക്കാര്യമാണ് അന്വേഷണ ഉദ്യോഗസ്ഥർ തിരയുന്നത്.

മാർക്കറ്റ് സ്റ്റ്രീറ്റിൽ സ്വിസോട്ടൽ സിഡ്‌നിയിലെ നാർഡെയുടെ മുറിയിലാണ് പ്രീതി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് കരുതുന്നത്. ഈ ആഡംബര ഹോട്ടലിലാണ് മറ്റുപല ഡെന്റിസ്റ്റുകളും തങ്ങിയിരുന്നത്. ഞായറാഴ്ച വൈകുന്നേരം നാർഡെ ഒരു വലിയ ഭാരമേറിയ സ്യൂട്ട്‌കെയ്‌സ് കാറിന്റെ ബൂട്ടിൽ പോർട്ടറുടെ സഹായത്തോടെ കയറ്റുന്നത് ഹോട്ടലിന്റെ സി.സി.ടി.വി. ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഈ സ്യൂട്ട്കെയ്‌സിലാണ് പ്രീതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് കരുതുന്നു. എന്നാൽ, ഹർഷവർഡൻ നാർഡെയ്ക്ക് ക്രിമിനൽ പശ്ചാത്തലമോ ചരിത്രമോ ഇല്ലാത്തത് പൊലീസിനെ കുഴയ്ക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *