Wed. Apr 24th, 2024

നാല്പത്തി ഒൻപതാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ, മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച ചിത്രമാണ് ‘കാന്തൻ ദി ലവർ ഓഫ് കളർ’. ഷെരീഫ് ഈസ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച ചിത്രത്തിന്റെ രചന, പ്രമോദ് കൂവേരിയുടേതാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായ കാന്തനായി, പ്രജിത് എന്ന ബാലനടനും, കാന്തന്റെ അമ്മൂമ്മ മുത്തിയമ്മയായി, സാമൂഹിക പ്രവർത്തക ദയഭായിയും വേഷമിടുന്നു. ആദിവാസികളായ അടിയ വിഭാഗത്തിൽ പെട്ടവരാണ് കാന്തനും മുത്തിയമ്മയും. ലിപികളില്ലാത്ത അടിയ ഭാഷയായ റാവുല (Ravula)യിലാണ് ചിത്രത്തിലെ ഭൂരിഭാഗം സംഭാഷണങ്ങളും ഉള്ളത്.

കാന്തനും അവന്റെ അമ്മൂമ്മ മുത്തിയമ്മയും, വനത്തിനോടടുത്തുള്ള ഒരു പ്രദേശത്ത് ഒരു ചെറു കുടിലിലാണ് താമസം. കുടിലിനോട് തൊട്ടടുത്ത് ഒരു പശുത്തൊഴുത്തും അതിൽ മൂന്നു പശുക്കളും ഉണ്ട്. ഈ പശുക്കളെ ആശ്രയിച്ചാണ് ഇരുവരുടെയും ഉപജീവനം എന്ന് അനുമാനിക്കാം. ഒരു മരം മുറിക്കുന്ന ദൃശ്യത്തിലാണ് ‘കാന്തൻ’ എന്ന ചിത്രം ആരംഭിക്കുന്നത്. ചിത്രത്തിന്റെ തുടക്കത്തിലെ ഈ ദൃശ്യം സൂചിപ്പിക്കുന്നതുപോലെ തന്നെ വനനശീകരണത്തിന് എതിരെയുള്ള മുദ്രാവാക്യം എന്ന നിലയിലാണ് ചിത്രത്തിലെ ഭൂരിഭാഗം ദൃശ്യങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.

നിറങ്ങളോട് കൗതുകം ഉള്ളവനാണ് ബാലനായ കാന്തൻ. മുത്തിയമ്മ മുറുക്കിത്തുപ്പിയ മുറുക്കാന് ചുവപ്പുനിറം കൈവരുന്നതിലും, വെള്ളനിറത്തിലുള്ള ഉപ്പ് കൂട്ടിയ ഉമിക്കരി കൊണ്ട് താൻ പല്ലുതേച്ച് തുപ്പുമ്പോൾ അതിന് കറുത്തനിറം വരുന്നതിലുമെല്ലാം സന്ദേഹിയാണ് കാന്തൻ. കാന്തന്റെ ഈ കൗതുകങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മുത്തിയമ്മ, വെയിലിലേക്ക് വെള്ളം തുപ്പി മഴവില്ല് കാണിച്ച് കൊടുക്കുന്നുണ്ട് അവന്. ക്ലാസ്സിലേക്ക് പോകും വഴി ഉള്ള മരം മുറിക്കുന്ന മില്ല് കാന്തനെ ഭയപ്പെടുത്തുന്ന ഒന്നാണ്. ചിത്രത്തിലുടനീളം ഈ മില്ലിന്റെ ദൃശ്യം കാണിക്കുന്നുണ്ട്. വനനശീകരണത്തിന്റെ പ്രതീകമായാണ് സംവിധായകൻ ഇതിനെ കാണുന്നത്.

ക്ലാസിൽ സസ്യങ്ങൾക്ക് നിറം ലഭിക്കുന്നത് എങ്ങനെ എന്ന് അധ്യാപകൻ പഠിപ്പിക്കുമ്പോൾ കാന്തന്റെ ശ്രദ്ധ മുഴുവൻ നോട്ടുപുസ്തകത്തിൽ കരി ഉപയോഗിച്ച് മരത്തിന്റെ ചിത്രം വരക്കുന്നതിലാണ്. ഇതിന് അധ്യാപകനിൽ നിന്നും ശകാരം കേൾക്കുന്നുണ്ടെങ്കിലും, ക്ലാസ്സിൽ കാന്തനോട് താൽപ്പര്യം ഉള്ള ഒരു പെൺകുട്ടി, മരത്തിന്റെ ചിത്രത്തിന് നിറം കൊടുക്കാൻ അവന് കളർ പെൻസിൽ സമ്മാനിക്കുന്നുണ്ട്. നിറം കൊടുത്ത മരത്തിന്റെ ചിത്രം പിന്നീട് കാന്തൻ ഈ പെൺകുട്ടിക്ക് സമ്മാനിക്കുന്നു. ഇതുപോലെ മരത്തിന്റെ മറ്റൊരു ചിത്രം വരച്ച് കാന്തൻ തന്റെ കുടിലിലെ ചുമരിൽ ഒട്ടിക്കുന്നു.

സ്കൂളിലേക്ക് പോകും വഴി ഉള്ള ഒരു വലിയ വീട്ടിലെ പൂന്തോട്ടവും, കൂട്ടിലിട്ടു വളർത്തുന്ന കിളികളും കാന്തനിൽ കൗതുകം ഉണർത്തുന്ന ഒന്നാണ്. ഈ വീട്ടിൽ നിന്നും ഒരിക്കൽ ഉപേക്ഷിക്കപ്പെടുന്ന ചപ്പ് ചവറുകളിൽ നിന്നും ലഭിക്കുന്ന ഏതോ വൃക്ഷത്തൈ, കാന്തൻ തന്റെ കുടിലിൽ കൊണ്ടുവന്ന് ഒരു ഗ്രോബാഗിൽ നടുന്നു. തുടർന്നങ്ങോട്ട് താൻ നട്ട തൈയ്ക്ക് എന്തെങ്കിലും പറ്റുമോ എന്ന ഭയമാണ് ഊണിലും ഉറക്കത്തിലും കാന്തന്. ഈ ഭയമാണ് കാന്തനേയും ചിത്രത്തെയും മുന്നോട്ട് കൊണ്ടുപോകുന്നത്.

മുഷിച്ചിൽ ഉണ്ടാക്കുന്ന തരത്തിലുള്ള പഴകിയ കഥയും കഥപറച്ചിൽ രീതിയുമാണ് ‘കാന്തൻ’ എന്ന ചിത്രത്തിന്റേത്. ഇരുപതുവർഷം മുൻപൊക്കെ ദൂരദർശനിൽ വരാറുണ്ടായിരുന്ന ടെലിഫിലിമുകളുടെ ഭാവുകത്വമാണ് കാന്തൻ ദി ലവർ ഓഫ് കളറിനുള്ളത്. ടെലിഫിലിമുകൾ എന്ന വിഭാഗം തന്നെ ഇപ്പോൾ ഇല്ല; എന്നിട്ടും അതേ ഭാവുകത്വത്തിൽ, സിനിമയുടെ ഒരു വിഭാഗത്തിലും കൈയ്യടക്കമില്ലാത്ത ഒരു ചിത്രം നിർമ്മിക്കപ്പെടുന്നതിലും തെറ്റൊന്നുമില്ല. എന്നാൽ, അത്തരമൊരു ചിത്രത്തിന് കേരള സർക്കാരിന്റെ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം ലഭിക്കുക എന്നത്, മലയാള സിനിമയുടെ നിലവാരമില്ലായ്മയും ചിത്രങ്ങൾക്ക് മൂല്യനിർണ്ണയം നടത്തുന്ന വിധികർത്താക്കൾ എത്ര പതിറ്റാണ്ട് മുൻപത്തെ ഭാവുകത്വവും രാഷ്ട്രീയ ബോധവും വച്ചുപുലർത്തുന്നവരാണ് എന്ന കാര്യവും വിളിച്ചോതുന്നു.

ഒരു സിനിമ, അതിനോടൊപ്പമുള്ള മറ്റു സിനിമകളേക്കാൾ മികച്ചതാവുന്നത്, അതിന്റെ ഉള്ളടക്കവും രൂപവും എത്രമാത്രം നവീനമാണ് എന്നും, അത് എത്രത്തോളം കയ്യടക്കത്തോടെയാണ് സാക്ഷാത്കരിച്ചിരിക്കുന്നത് എന്നതിനെയും അടിസ്ഥാനപ്പെടുത്തിയാണ്. സിനിമ എന്ന കലാരൂപത്തെത്തന്നെ ആ സിനിമ മുന്നോട്ടു കൊണ്ടുപോയോ എന്ന കാര്യവും അടുത്തപടിയായി പരിഗണിക്കാവുന്നതാണ്. എന്നാൽ, സിനിമ എന്ന കലാരൂപത്തെത്തന്നെ പുറകോട്ടടിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾക്കാണ് ഇവിടെ അവാർഡുകൾ നൽകപ്പെടുന്നത്.

പ്രകൃതിസംരക്ഷണം, വർണ്ണവിവേചനവും ദാരിദ്ര്യവും അനുഭവിക്കുന്ന ആദിവാസി സമൂഹം, അവരുടെ കലകളും അനുഷ്ഠാനങ്ങളും, കർഷക ആത്മഹത്യ തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിച്ചിരിക്കുന്നതിനാൽ ആയിരിക്കാം കാന്തന് പുരസ്കാരം നൽകിയിരിക്കുന്നത്. എന്നാൽ ഇത്തരം മാനദണ്ഡങ്ങൾ നോക്കിയുള്ള പുരസ്കാര നിർണ്ണയങ്ങൾ മലയാള സിനിമക്ക് ഒരു തരത്തിലും ഗുണകരമാവില്ല. ചലച്ചിത്രങ്ങളേക്കാൾ ഉപരി, സർക്കാരിന്റെ നയ രൂപീകരണങ്ങളുടെ പരിഗണനയിൽ വരേണ്ടുന്ന സാമൂഹിക വിഷയങ്ങളാണ് മേല്പറഞ്ഞവ.

കലാകാരന് പ്രോത്സാഹനം എന്ന നിലയിലാണ് അവാർഡ് നല്കിയിരിക്കുന്നതെങ്കിൽ അവാർഡ് തുകയായി ലഭിക്കുന്ന തുക തീർച്ചയായും അയാൾക്ക്‌ ഉപകാരപ്പെടും. എന്നാൽ, ഒരു മോശം സിനിമക്ക്, മികച്ചത് എന്ന പട്ടം ചാർത്തി കൊടുക്കുക വഴി എന്താണ് മികച്ചത് എന്നതിനെ പറ്റിയുള്ള തെറ്റിദ്ധാരണയായിരിക്കും അയാളിൽ വളരുക. ഇത് ആ കലാകാരന് ഒരു തരത്തിലും ഗുണം ചെയ്യില്ല.

കഴിഞ്ഞ കുറേ വർഷങ്ങളായി മികച്ച സിനിമയായി സംസ്ഥാന സർക്കാർ തെരഞ്ഞെടുത്ത ചിത്രങ്ങളുടെ സംവിധായകർ, പിന്നീടു ചെയ്ത സിനിമകൾ ഉദാഹരണമായി എടുത്താൽ ഈ വസ്തുത മനസ്സിലാവും. മാത്രവുമല്ല, ഇത്തരത്തിൽ പുരസ്കാരങ്ങൾ ലഭിക്കുന്ന സംവിധായകർ തന്നെയാണ്, തുടർന്നുള്ള വർഷങ്ങളിൽ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ ജൂറി അംഗങ്ങളായും, ചലച്ചിത്ര അക്കാദമിയിലെ തന്നെ ഭാരവാഹികളായും നിയമിതരാവുക. സ്വാഭാവികമായും പുരസ്കാരങ്ങളുടെ നിലവാരത്തെയും മൊത്തം സിനിമ മേഖലയെ തന്നെയും ഇത് മോശമായി ബാധിക്കും. അങ്ങനെ ഈ നിലവാരമില്ലായ്‌മ ഇങ്ങനെ തുടർന്നു കൊണ്ടേയിരിക്കും, അല്ലെങ്കിൽ അതുതന്നെയാണ് തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *