റിയാദ്:
സൗദിയിലെ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ഔസാഫ് സയീദിനെ നിയമിച്ചു. ഇപ്പോൾ സീഷെൽസിൽ ഇന്ത്യൻ ഹൈക്കമ്മീഷണറായ ഡോ. ഔസാഫ്, കാലാവധി അവസാനിച്ചു മടങ്ങുന്ന ഡോ. അഹമ്മദ് ജാവേദിന്റെ പിൻഗാമി ആയാണ് സ്ഥാനമേൽക്കുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു.
ജിദ്ദയിലെ, മുൻ ഇന്ത്യൻ കോൺസൽ ജനറൽ ആയിരുന്ന ഡോ. ഔസാഫ്, സൗദി പ്രവാസികൾക്ക് സുപരിചിതനാണ്. റിയാദിലും ജോലി ചെയ്തിട്ടുള്ള അദ്ദേഹം, ഹജ്ജ് സേവന പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിച്ചിരുന്നു. സൗദിക്ക് പുറമെ യെമൻ, ഈജിപ്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ 30 വർഷത്തെ ദീർഘമായ നയതന്ത്ര പ്രവർത്തന പരിചയം ഡോ. ഔസാഫിനുണ്ട്.
1989ലെ ഐ.എഫ്.എസ് ബാച്ചുകാരനായ ഇദ്ദേഹം, യെമനിൽ കുടുംബ വേരുകളുള്ള ഹൈദരാബാദ് സ്വദേശിയാണ്. ഫർഹ സയീദാണ് പത്നി.
ഹൈദരാബാദിലെ റീജണൽ പാസ്പോർട്ട് ഓഫീസറായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഹൈദരാബാദിലെ മസാബ് ടാങ്കിലെ താമസക്കാരനായ അദ്ദേഹം ഹൈദരാബാദ് ഉസ്മാനിയ യൂനിവേഴ്സിറ്റിയിൽ നിന്ന് ജിയോളജിയില്‍ മാസ്റ്റർ ബിരുദം നേടി. കൈറോവിലെ അമേരിക്കൻ യൂനിവേഴ്സിറ്റിയിൽ നിന്ന് അറബിക്കിൽ അഡ്വാൻസ്ഡ് ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്.
ജിയോളജി, ഇന്ത്യൻ ആർട്, സാംസ്കാരിക ചരിത്ര മേഖലകളിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ‘ഹജ്: ഇരുപതാം നൂറ്റാണ്ടിലെ ഒരു ഇന്ത്യൻ അനുഭവം’ എന്ന ഗ്രന്ഥം, സൗദി അറേബ്യയുമായുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യൻ ബന്ധങ്ങളുടെ വെളിപ്പെടുത്തലായി കണക്കാക്കപ്പെടുന്നു. ഉർദു പുസ്തകമായ ‘കുല്ലിയാത്തെ ആവാസ് സൗദ്’ എന്ന ഡോക്യുമെന്ററിയും ഡോ. ഔസാഫ് എഡിറ്റു ചെയ്തിട്ടുണ്ട്.