കുവൈത്ത് സിറ്റി:
കുവൈത്തില്‍ സന്ദര്‍ശകവിസയിലെത്തുന്ന പ്രവാസികള്‍ക്കും, ആരോഗ്യ ഇന്‍ഷുറന്‍സ് നിർബ്ബന്ധമാക്കിക്കൊണ്ടുള്ള ബില്ലിന് ദേശീയ അസംബ്ലി അംഗീകാരം നല്‍കി. 47 എം.പിമാരാണ് ബില്ലിന് അനുകൂലമായി വോട്ടുരേഖപ്പെടുത്തിയത്. സന്ദര്‍ശക വിസയിലെത്തുന്നവരും, താല്‍ക്കാലിക റസിഡന്‍സില്‍ രാജ്യത്ത് കഴിയുന്നവരും, ആരോഗ്യ ഇന്‍ഷുറന്‍സ് തുക അടയ്ക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. സന്ദര്‍ശക വിസയും, താത്കാലിക റസിഡന്‍സും ലഭിക്കുന്നതിനുള്ള അപേക്ഷയോടൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുക അടച്ചതിന്റെ രേഖ ഹാജരാക്കണം. ഇല്ലെങ്കില്‍, അപേക്ഷ, ആഭ്യന്തര മന്ത്രാലയം നിരാകരിക്കുമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. സ്ഥിരം ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന വിദേശികള്‍, നിലവില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അടയ്ക്കുന്നുണ്ട്. പ്രതിവര്‍ഷം 50 ദിനാര്‍ ആണ് ഇന്‍ഷുറന്‍സ് ഫീസ്.
2018ല്‍ രാജ്യത്ത് 6,21,000 ഓളം പ്രവാസികള്‍ മെഡിക്കല്‍ സേവനത്തിനായെത്തിയിട്ടുണ്ടെന്ന് എം.പി സഫ് അല്‍ ഹാഷിം പറഞ്ഞു. കുവൈറ്റില്‍നിന്നും, പ്രവാസികള്‍ അവരുടെ രാജ്യത്തേയ്ക്ക് മരുന്നുകള്‍ കൊണ്ടുപോവുന്നുവെന്നും, വില്‍പ്പന നടത്തുന്നുവെന്നും എം.പി യൂസഫ് അല്‍ ഫദലയും ചൂണ്ടിക്കാട്ടി. വിദേശികളുടെ ചികില്‍സയ്ക്കായുള്ള ഇന്‍ഷുറന്‍സ് ആശുപത്രികളുടെ നിര്‍മ്മാണം രാജ്യത്തു പുരോഗമിക്കുകയാണ്. ആശുപത്രികള്‍ പ്രവര്‍ത്തന സജ്ജമായാല്‍, സ്ഥിരതാമസമുള്ളവരുടെ ഇന്‍ഷുറന്‍സ് നിരക്കില്‍ വര്‍ദ്ധനവുണ്ടാവുമെന്നു ആരോഗ്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
സന്ദര്‍ശകവിസയിലെത്തുന്ന പ്രവാസികള്‍ക്കു സൗദി അറേബ്യയിൽ കഴിഞ്ഞ വർഷം മുതൽ തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് നിർബന്ധമാക്കിയിരുന്നു. കുവൈത്തിന് പുറമെ യു.എ.ഇയിലും സന്ദർശകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്.