മസ്കറ്റ്:
ഒമാനിൽ ഖനനമേഖലയിൽ, കൂടുതൽ വിദേശ നിക്ഷേപം അനുവദിക്കുവാൻ സർക്കാർ തീരുമാനിച്ചു. 43 പുതിയ ഖനന പദ്ധതികൾക്കാണ്, ഒമാൻ സർക്കാർ ആദ്യം അനുവാദം നൽകുന്നത്. ഈ തീരുമാനം ആഭ്യന്തര ഉത്പാദനത്തിൽ, ഈ മേഖലയുടെ വിഹിതം മൂന്നിരട്ടി ആയി വർദ്ധിപ്പിക്കും. കൂടാതെ സ്വദേശികളോടൊപ്പം വിദേശികൾക്കും ഈ മേഖലയിൽ തൊഴിൽ അവസരങ്ങൾ വർദ്ധിക്കും.
813 ദശ ലക്ഷം ഒമാനി റിയാൽ മുതൽമുടക്കുള്ള ഈ പദ്ധതികളിൽ, 99 ശതമാനവും സ്വകാര്യ മേഖലക്കായിരിക്കും നൽകുന്നത്. ഇത് അനുബന്ധ മേഖലയിലെ സാമ്പത്തിക വളർച്ചയ്ക്കു കാരണമാകും.
വൻ ധാതു സമ്പത്തുള്ള രാജ്യമാണ് ഒമാൻ. ജിപ്സം, ലൈംസ്റ്റോൺ, സിങ്ക്, സിലികാ എന്നിവയുടെ ഖനന മേഖലയിലാണ് വിദേശനിക്ഷേപം അനുവദിക്കുന്നത്. ചെമ്പ്, ക്രോമിയം എന്നിവയുടെ ഉത്പാദനത്തിലും വിദേശനിക്ഷേപം സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.
എണ്ണയിതര സമ്പദ് വ്യവസ്ഥയിൽ ഖനന മേഖലയിലൂടെ ആഭ്യന്തര ഉത്പാദനം ഉയർത്തുകയെന്നതാണ് സർക്കാരിന്റെ ലക്‌ഷ്യം. ഇത് രാജ്യത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനോടൊപ്പം വൻ സാമ്പത്തിക വളർച്ചയും നേടിക്കൊടുക്കും.