വാഷിംങ്ടണ്‍:
ഇന്ത്യൻ ഉത്പന്നങ്ങള്‍ക്കു നല്‍കിയിരുന്ന നികുതി രഹിത നയം അമേരിക്ക പിൻവലിച്ചു.
ഇതോടെ യു.എസ്. വ്യാപാരപദ്ധതിയായ ജി.എസ്.പിയുടെ കീഴിൽ, അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന ഉത്പന്നങ്ങൾക്ക്, ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന 560 കോടി ഡോളറിന്റെ വാര്‍ഷിക നികുതിയിളവ് നഷ്ടമാകും. ഇന്ത്യയെ കൂടാതെ, തുര്‍ക്കിക്കും തീരുമാനം ബാധകമാണെന്ന് അമേരിക്കൻ വാണിജ്യ പ്രതിനിധി റോബേര്‍ട്ട് ലൈതിസെര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം, വ്യാപാര രംഗത്ത് ഇന്ത്യയ്ക്കു നൽകി വരുന്ന മുൻഗണന അവസാനിപ്പിക്കാൻ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകിയിരുന്നു. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന അമേരിക്കൻ നിർദ്ദേശം, ഇന്ത്യ നടപ്പാക്കാത്തതിനെ തുടർന്നായിരുന്നു ഇത്. ജി.എസ്.പി യുടെ ഗുണഭോക്താവ് ഇന്ത്യയായിരുന്നു. അതിനാൽ, അധികാരമേറ്റതു മുതൽ, ഇന്ത്യക്കുള്ള ഈ പദവി അവസാനിപ്പിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
യു.എസ് ഉത്പന്നങ്ങൾക്കു വലിയതോതിൽ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്നും, ഇക്കാരണത്താൽ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള ഉത്പന്നങ്ങൾക്ക്, 25 ശതമാനമെങ്കിലും ഇറക്കുമതി തീരുവ ചുമത്തണമെന്നും, ട്രംപ് നിർദ്ദേശിച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളുടെയും, ഉദ്യോഗസ്ഥരുടെയും വാർഷിക സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തന്റെ സ്ഥിരം ഉദാഹരണമായ ഹാർലി–ഡേവിഡ്സൺ മോട്ടോർസൈക്കിളിന്റെ കഥ ആവർത്തിച്ചു ട്രംപ് പറഞ്ഞു: ‘നാം ആ ബൈക്ക് ഇന്ത്യയിലേക്കു കയറ്റുമതി ചെയ്താൽ അതിന് അവർ 100 % നികുതി ചുമത്തും. എന്നാൽ, ഇന്ത്യ ഒരു മോട്ടോർ സൈക്കിൾ യു.എസിൽ എത്തിച്ചാൽ നാം അതിനു നികുതി ഒന്നും ഈടാക്കുന്നില്ല. ഇത് അനുവദിക്കാനാവില്ല. നാമും നികുതി ഈടാക്കണം.’
2017-ൽ ഇന്ത്യയുമായുള്ള യു.എസ്സിന്റെ ചരക്കു-സേവന വ്യാപാര കമ്മി 27.3 ബില്യൻ ഡോളറായിരുന്നു.