Wed. Jan 22nd, 2025
ചാലക്കുടി:

ന‌ടൻ കലാഭവൻ മണിയുടെ, മൂന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി, നഗരസഭയും, കലാഭവൻ മണി സ്മാരക ട്രസ്റ്റും ഒരുക്കുന്ന അനുസ്മരണ പരിപാടികൾക്കു തുടക്കമായി. മണിയുടെ സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിച്ച ദീപശിഖ പ്രയാണം, മണിയുടെ ഭാര്യ നിമ്മി തിരി തെളിയിച്ചതോടെ ആരംഭിച്ചു. ദീപശിഖ, നഗരസഭ ഉപാധ്യക്ഷൻ വിൻസെന്റ് പാണാട്ടുപറമ്പൻ ഏറ്റുവാങ്ങി, നഗരസഭ സ്ഥിരം സമിതിയധ്യക്ഷരായ പി.എം. ശ്രീധരൻ, ഗീത സാബു, നഗരസഭ കൗൺസിലർ സീമ ജോജു, സുലേഖ ശങ്കരൻ എന്നിവരുടെ നേതൃത്വത്തിൽ സമ്മേളന സ്ഥലമായ ടൗൺ ഹാൾ മൈതാനത്തെത്തിച്ചു.

അനുസ്മരണ യോഗം, ബി.ഡി. ദേവസി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കലക്ടർ ടി.വി.അനുപമ, മണിയുടെ ഛായ ചിത്രത്തിനു മുൻപിൽ ദീപം തെളിയിച്ചു. നഗരസഭാധ്യക്ഷ ജയന്തി പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു.  നഗരസഭ ഉപാധ്യക്ഷൻ വിൻസെന്റ് പാണാട്ടു പറമ്പൻ, കലാഭവൻ മണി സ്മാരക ട്രസ്റ്റ് ചെയർമാൻ  കെ.ബി. സുനിൽകുമാർ, ആർ.എൽ.വി രാമകൃഷ്ണൻ, എൻ. കുമാരൻ, നഗരസഭ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, യു.വി. മാർട്ടിൻ, പി.എം. ശ്രീധരൻ എന്നിവർ സംസാരിച്ചു.

പി.എസ്. ബാനർജി, സത്യൻ കോമല്ലൂർ, നാണു പാട്ടുപ്പുര, ദിലീപ് പട്ടാമ്പി എന്നിവരുടെ നേതൃത്വത്തിൽ ഫോക്ക് മെഗാഷോ നടത്തി. ഇന്നു വൈകുന്നേരം 5 ന് കലാഭവൻ മണി അനുസ്മരണ സമ്മേളനത്തിൽ, മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, സിനിമാതാരങ്ങളായ പൃഥിരാജ്, സലിംകുമാർ, ജോജു, ചെമ്പൻ വിനോദ്, ടിനി ടോം, അജയൻ എന്നിവർ അതിഥികളായെത്തും. മിമിക്രി കലാകാരൻമാർക്കുള്ള കലാഭവൻ മണി പുരസ്‌കാരം കൊല്ലം സിറാജ്, സമദ് എന്നിവർക്കു സമ്മാനിക്കും. തുടർന്നു മെഗാഷോ.

ചാലക്കുടിക്കാരുടെ പ്രിയപ്പെട്ട നടന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍, പാലസ് റോഡും, ഹോസ്പിറ്റൽ റോഡും ഉൾപ്പെടുന്ന റിങ് റോഡിനു, കലാഭവൻ മണി റോഡ് എന്നു നാമകരണം ചെയ്തു. 1.25 കിലോമീറ്റർ ദൂരമുള്ളതാണ് റോഡ്. നാമകരണവും, ഹോസ്പിറ്റൽ റിവർ റോഡിന്റെ നിർമ്മാണോദ്‌ഘാടനവും ബി.ഡി. ദേവസി എം.എൽ.എ നിർവ്വഹിച്ചു. താലൂക്ക് ഹോസ്പിറ്റലിനു മുന്നിലും, പോലീസ് സ്റ്റേഷനു സമീപവും ദേശീയപാതയിൽനിന്ന് താലൂക്കാശുപത്രിയിലേക്കുള്ള പ്രവേശനകവാടത്തിലും, കലാഭവൻ മണിറോഡ് എന്നെഴുതിയ ബോർഡുകൾ സ്ഥാപിച്ചു. ആശുപത്രി ജംഗ്ഷൻ മുതൽ ചാലക്കുടിപ്പുഴ വരെ നീളുന്ന റിവർ റോഡിന്റെ ഇരു വശത്തും കാനയും 2 ക്രോസ് ഡ്രെയിനേജുകളും അടക്കം 400 മീറ്റർ നീളത്തിൽ 35 ലക്ഷം രൂപ ചിലവിലാണ് നിർമ്മാണം.

Leave a Reply

Your email address will not be published. Required fields are marked *