Wed. Jan 22nd, 2025
തിരുവനന്തപുരം:

ലോകസഭ തിരഞ്ഞെടുപ്പില്‍, കോട്ടയം അടക്കമുള്ള പതിനാറു സീറ്റിലും സി.പി.എം.മത്സരിക്കാനൊരുങ്ങുന്നു. ജെ.ഡി.എസ്. അടക്കമുള്ള ഘടകകക്ഷികള്‍ക്കു സീറ്റു നൽകാന്‍ തീരുമാനമായിട്ടില്ല. കോട്ടയം സീറ്റില്‍ കഴിഞ്ഞ തവണ ജെ.ഡി.എസ് ആയിരുന്നു മത്സരിച്ചിരുന്നത്. ഇത്തവണ ആ സീറ്റു വിട്ടുകൊടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014-ല്‍ പ്രത്യേക സാഹചര്യത്തിലാണ് ജെ.ഡി.എസ്സിനു സീറ്റ് നല്‍കിയത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം, വെള്ളിയാഴ്ചയോടെ നടത്താനും, ചൊവാഴ്ച നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനിച്ചു.

സിറ്റിങ് എം.പി.മാരില്‍, കാസര്‍കോട്ടെ പി. കരുണാകരനൊഴികെ, മറ്റുള്ളവരെ ഉള്‍പ്പെടുത്തിയുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് ഏകദേശരൂപമായി. എം.എല്‍.എ.മാരായ എ. പ്രദീപ്‌കുമാര്‍ കോഴിക്കോട്ടും, എ.എം. ആരിഫ്, ആലപ്പുഴയിലും മത്സരിക്കും. സിറ്റിങ് എം.പി.മാരായ പി.കെ. ശ്രീമതി (കണ്ണൂര്‍), എം.ബി. രാജേഷ് (പാലക്കാട്), പി.കെ. ബിജു (ആലത്തൂര്‍), ജോയ്‌സ് ജോര്‍ജ് (ഇടുക്കി), എ. സമ്പത്ത് (ആറ്റിങ്ങല്‍) എന്നിവര്‍ അതേ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിക്കാനാണ് സെക്രട്ടേറിയറ്റിന്റെ നിര്‍ദ്ദേശം. ചാലക്കുടി എം.പി. ഇന്നസെന്റ് ചാലക്കുടിയിലോ എറണാകുളത്തോ മത്സരിച്ചേക്കും. കാസര്‍കോട്ട് പി. കരുണാകരനു പകരം, പാര്‍ട്ടി മുന്‍ ജില്ലാസെക്രട്ടറി കെ.പി. സതീഷ്‌ചന്ദ്രൻ മത്സരിക്കും.

വടകര, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറി പി. സതീദേവിക്കാണ് സാധ്യത. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെയും, എസ്.എഫ്.ഐ. മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് വി. ശിവദാസിന്റെയും, പേരുകളും പരിഗണനയിലുണ്ട്. മലപ്പുറത്ത്, എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനുവും, ഇന്നസെന്റ് എറണാകുളത്തേക്ക് മാറിയാല്‍, ചാലക്കുടിയില്‍, പി. രാജീവും മത്സരിക്കും. മുന്‍ എം.എല്‍.എ. സാജുപോളിനെയും പരിഗണിക്കുന്നു. മുന്‍ ജില്ലാ സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍, കൊല്ലത്തു മത്സരിക്കും. കോട്ടയം ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബിനാണ് മുന്‍ഗണന. പൊന്നാനി, പത്തനംതിട്ട സീറ്റുകളില്‍ ഇതുവരെ തീരുമാനമായില്ല.

ബുധനാഴ്ച അതാതു മണ്ഡലങ്ങളിലെ പാര്‍ലമെന്ററി കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദ്ദേശം ചര്‍ച്ചചെയ്യും. അതിനുശേഷം, വ്യാഴാഴ്ച, സംസ്ഥാനസെക്രട്ടറിയേറ്റും, തുടര്‍ന്ന്, സംസ്ഥാനക്കമ്മിറ്റിയും ചേരും. സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയേറ്റിന്റെ നിര്‍ദേശങ്ങള്‍ അതേപടി അംഗീകരിക്കാനാണ് സാധ്യത. വെള്ളിയാഴ്ച ഇടതുമുന്നണി യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിപ്പട്ടിക അംഗീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *