Wed. Nov 6th, 2024
റിയാദ്:

ലോകത്തിലെ പ്രധാന സന്ദര്‍ശക കേന്ദ്രമായി സൗദി അറേബ്യയെ മാറ്റാന്‍ ലക്ഷ്യമിട്ടും, വിനോദ സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെയും ഭാഗമായി പ്രത്യേക ഇവന്റ് വിസകൾ പ്രാബല്യത്തിൽ വന്നു. രാജ്യത്ത് നടക്കുന്ന വിവിധ വിനോദ, കായിക, ബിസിനസ് പരിപാടികളില്‍ പങ്കെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് പ്രത്യേകം അനുവദിക്കുന്നതാണ് ഇവന്റ് വിസ. അപേക്ഷ ലഭിച്ച്‌‌ 24 മണിക്കൂറിനുള്ളിൽ വീസ അനുവദിക്കാൻ എംബസികൾക്കും കോൺസുലേറ്റുകൾക്കും കഴിയുമെന്ന് സൗദി മന്ത്രാലയം പറഞ്ഞു.

പുതിയ നിയമപ്രകാരം പൊതു നിക്ഷേപക, സ്പോർട്സ്, വിനോദ വിഭാഗങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് രണ്ടു മാസം മുൻപെങ്കിലും കൈമാറുന്ന‌ പരിപാടികൾക്ക്‌ വേണ്ടിയാകും വിസ നൽകുക. സമ്പദ്‌ വ്യവസ്ഥയിലെ വൈവിദ്ധ്യവത്വകരണത്തിനു വേണ്ടി കായിക വിനോദ മേഖലകളിൽ നിന്ന് നിക്ഷേപങ്ങൾ കണ്ടെത്തുക എന്നതുകൂടി ഇതുവഴി രാജ്യം ലക്ഷ്യം വയ്ക്കുന്നു. വിദേശ സന്ദർശകരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും അഭ്യന്തര വിനോദ സഞ്ചാരം പ്രോൽസാഹിപ്പിക്കുന്നതിനോടൊപ്പം സ്വദേശി യുവാക്കളുടെ തൊഴിൽ ലഭ്യതയും ഇതുവഴി വർദ്ധിക്കുമെന്നു സൗദി ഭരണകൂടം പ്രതീക്ഷിക്കുന്നു. 2030 നകം ഈ രംഗത്ത്‌ 2,24,000 പുതിയ തൊഴിൽ നൽകാൻ കഴിയുമെന്നു സൗദി ജനറൽ എന്റർടൈൻമന്റ്‌ അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ്‌ പറഞ്ഞു.

ലോകത്തു വിദേശനാണ്യ ശേഖരം ഏറ്റവും കൂടുതലുള്ള അഞ്ചാമത്തെ രാജ്യമാണ് സൗദി. രാജ്യത്തെ സൗദിയുടെ വിദേശനാണ്യ ശേഖരം 51,000 കോടിയാണ്. സൗദി ഈ വർഷം 2.6 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ധനമന്ത്രി മുഹമ്മദ് അൽ അദ് ആൻ അറിയിച്ചു. വലിയ തോതിലുള്ള സാമ്പത്തിക വൈവിധ്യവൽക്കരണത്തിനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. അതിനാൽ ലോക രാജ്യങ്ങളിൽ നിന്നുള്ള വിദേശ നിക്ഷേപങ്ങൾക്ക് മുന്നിൽ സൗദി അറേബ്യയുടെ കവാടങ്ങൾ തുറന്നിടുമെന്നു ധനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *