Sun. Dec 22nd, 2024
കൊല്ലം:

കൊല്ലം ചിതറയിൽ, സി.പി.എം പ്രവർത്തകനായ മുഹമ്മദ് ബഷീറിന്റെ (70) കൊലപാതകം രാഷ്ട്രീയ വൈരാഗ്യമല്ലെന്നു ബന്ധുക്കൾ. രാഷ്ട്രീയ കൊലപാതകമാണെന്ന, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തള്ളിയാണ്, മരിച്ച ബഷീറിന്റെ സഹോദരി അഫ്താബീവി രംഗത്തെത്തിയത്.

കപ്പ വില്പനയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അല്ലാതെ, രാഷ്ട്രീയ വൈരാഗ്യം കൊലപാതകത്തിന് പിന്നിലില്ല. കപ്പ എനിക്ക് തരില്ലേ എന്ന് ചോദിച്ചാണ് ബഷീറിനെ ആക്രമിച്ചതെന്നും അഫ്താബീവി പറഞ്ഞു. ഇരുവർക്കും തമ്മിൽ മുൻ വൈരാഗ്യമില്ലെന്ന് ബഷീറിന്റെ മറ്റൊരു ബന്ധുവായ റജീനയും വ്യക്തമാക്കി.

കടയ്ക്കൽ ചന്തയിലെ കപ്പ കച്ചവടക്കാരനാണ് മരിച്ച ബഷീർ. കേസിൽ ബഷീറിന്റെ അയൽവാസിയായ ഷാജഹാനെ, പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാൾ, സഹോദരനെ കുത്തി പരിക്കേല്പിച്ച കേസിലെയും പ്രതിയാണ്. ചിതറയിൽ സി.പി.എം പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയത്, പെരിയ ഇരട്ട കൊലക്കേസിനു കോൺഗ്രസ് നൽകിയ തിരിച്ചടിയാണെന്നായിരുന്നു കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടത്.

“പെരിയ ഇരട്ട കൊലക്ക് തിരിച്ചടി നൽകുമെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ കോൺഗ്രസ് തയ്യാറാകണം. സി.പി.എം പ്രവർത്തകർ ആക്രമിക്കപ്പെടുമ്പോഴും, കൊല്ലപ്പെടുമ്പോഴും, അത് വ്യക്തിപരമായ പ്രശ്നമായാണ് അവതരിപ്പിക്കപ്പെടുന്നത്. ചിതറ കൊലപാതകത്തിൽ സി.പി.എം പ്രവർത്തകർ സംയമനം പാലിക്കണം.” കോടിയേരി പറഞ്ഞു. സി.പി.എം പ്രവർത്തകർ അക്രമം നടത്തരുതെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *