Sun. Dec 22nd, 2024
ആക്ര:

പ്രതിഷേധത്തെത്തുടര്‍ന്ന്, ഘാന സര്‍വകലാശാല, ക്യാമ്പസില്‍ നിന്ന് നീക്കിയ ഗാന്ധിപ്രതിമ തിരികെ സ്ഥാപിക്കും. ഘാന വിദേശകാര്യ മന്ത്രാലയമാണ് പ്രതിമ പുനസ്ഥാപിക്കുന്നത് സംബന്ധിച്ച അറിയിപ്പു നല്‍കിയത്. വിദേശകാര്യ മന്ത്രാലയവും, ഇന്ത്യന്‍ ഹെെക്കമ്മീഷനും നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം ഉണ്ടായ, ഔദ്യോഗിക ചടങ്ങിലാണ് ലെഗോണ്‍ സര്‍വകലാശാല ക്യാമ്പസില്‍ നിന്നു നീക്കിയ ഗാന്ധിപ്രതിമ, ആക്രയിലെ കോഫി അന്നന്‍ സെന്‍റര്‍ ഓഫ് എക്സലന്‍സില്‍ പുനസ്ഥാപിക്കുമെന്ന കാര്യം അറിയിച്ചത്.

2016 സെപ്റ്റംബറില്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍മാര്‍ ‘ഗാന്ധി മസ്റ്റ് ഫോള്‍ മൂവ്മെന്‍റ്’ എന്ന പേരില്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും രണ്ടു വര്‍ഷത്തോളം നടത്തിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഘാന സര്‍വകലാശാല ഗാന്ധിപ്രതിമ നീക്കം ചെയ്തത്. ജാതി വ്യവസ്ഥയെ അംഗീകരിക്കുന്നയാളാണ് ഗാന്ധി എന്ന് ആരോപിച്ചാണ് പ്രതിഷേധങ്ങള്‍ നടന്നിരുന്നത്. കറുത്ത വര്‍ഗക്കാരായ ആഫ്രിക്കക്കാരേക്കാള്‍, ഇന്ത്യക്കാര്‍ ശ്രേഷ്ഠരാണെന്നുള്ള ഗാന്ധിയുടെ വാക്കുകളാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്. ഇതാണ് പ്രതിമ നീക്കണമെന്ന വാദം ഉന്നയിക്കാന്‍ പ്രധാന കാരണം.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആഫ്രിക്കന്‍ സയന്‍സ് ഡയറക്ടര്‍ അകോസോ അഡോമോക്കോ ആംപോഫോ നയിച്ച പ്രതിഷേധങ്ങള്‍ ഫലം കണ്ടതോടെയാണ്, 2016 ജൂണില്‍, ഇന്ത്യന്‍ പ്രസിഡന്‍റായിരുന്ന പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്ത പ്രതിമ നീക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്. നേരത്തെ 2013 ലും ഗാന്ധിക്കെതിരെ ആഫ്രിക്കന്‍ തലസ്ഥാനമായ ജൊഹാനസ്ബര്‍ഗില്‍ സമാന പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *