Thu. Apr 25th, 2024

കോഴിക്കോട്:

കോർപ്പറേഷൻ കുടുംബശ്രീ ഡ്രസ് ബാങ്കിന്‍റെ നേതൃത്വത്തിൽ 6,7,8 തീയതികളിൽ ഡ്രസ് കലക്‌ഷൻ ഡ്രൈവ് നടത്തും. പുതിയ വസ്ത്രങ്ങളും പുനരുപയോഗത്തിനു സാധ്യമായ വസ്ത്രങ്ങളും, കോർപ്പറേഷൻ പഴയ ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന, കുടുംബശ്രീ ഡ്രസ് ബാങ്കിൽ സ്വീകരിക്കും. അലക്കി മടക്കി നൽകുന്ന വസ്ത്രങ്ങളാണ് സ്വീകരിക്കുക. ഇസ്തിരിയിടേണ്ടതില്ല. അതേസമയം കഴുകാത്ത വസ്ത്രങ്ങളും, കേടുപാടുവന്ന വസ്ത്രങ്ങളും, അടിവസ്ത്രങ്ങളും സ്വീകരിക്കില്ല.

രാവിലെ 10.30 മുതൽ ഒരു മണി വരെയാണ് ഡ്രസ് ബാങ്കിന്‍റെ പ്രവർത്തന സമയം. കാർഡ് ബോർഡ് ബോക്സിലോ, പേപ്പർ കവറിലോ, ന്യൂസ് പേപ്പറിലോ പൊതിഞ്ഞാണു വസ്ത്രങ്ങള്‍ നൽകേണ്ടത്. പ്ലാസ്റ്റിക് കവർ നിർബന്ധമായും ഒഴിവാക്കണം. വസ്ത്രങ്ങൾ പഴയതും പുതിയതും പ്രത്യേകം പായ്ക്ക് ചെയ്യണം. പെട്ടിയുടെ പുറത്ത് വസ്ത്രം നൽകുന്ന വ്യക്തിയുടെ പേരും ഫോൺ നമ്പറും എഴുതണം. സാരികൾ, ചുരിദാർ, മാക്സികൾ, ഷർട്ട്, പാന്റ്സ്, കുട്ടികളുടെ വസ്ത്രങ്ങൾ, ബെഡ്ഷീറ്റ്, പുതപ്പ് എന്നിവയാണ് സ്വീകരിക്കുക.

2013 ൽ ആരംഭിച്ച ഡ്രസ് ബാങ്കിലൂടെ ഇതിനകം 60,000 വസ്ത്രങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. അഭയാർത്ഥികൾ, അഗതികൾ, മറ്റു നിരാശ്രയ കുടുംബങ്ങൾ, തെരുവിലെ ഭിക്ഷാടകർ എന്നിവർക്കായാണ് പ്രധാനമായും വിതരണം ചെയ്തു വരുന്നത്. കഴിഞ്ഞ വർഷം സി.ഡി.എസ്സിന്‍റെ നേതൃത്വത്തിൽ ഡൽഹിയിലെയും യു.പിയിലെയും അഭയാർത്ഥി ക്യാംപുകൾ സന്ദർശിച്ച് വസ്ത്രങ്ങൾ കൈമാറിയിരുന്നു. പ്രളയകാലത്ത് മഴയാർദ്രം എന്ന പദ്ധതിയിലൂടെ 10,000 പുതിയ വസ്ത്രങ്ങളും വിതരണം ചെയ്തിരുന്നു.

കൂടുതല്‍ വിവരങ്ങൾക്ക്: 0495 2761592

Leave a Reply

Your email address will not be published. Required fields are marked *