Fri. Nov 22nd, 2024
#ദിനസരികള് 687

വിപ്ലവങ്ങളുടെ ചരിത്രകാരന്‍ എന്ന് പി.ഗോവിന്ദപ്പിള്ള വിശേഷിപ്പിച്ച എറിക് ഹോബ്സ്‌ബാം എന്ന വിഖ്യാതനായ മാര്‍ക്സിസ്റ്റ് ചിന്തകന്‍ അന്തരിക്കുമ്പോള്‍ തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. “1917 ൽ ഈജിപ്തിലെ അലക്സാൻഡ്രിയയിൽ ബ്രിട്ടീഷ് ജൂതകുടുംബത്തിലാണ് ജനിച്ചത്. പിതാവ് പോളിഷ് വംശജനായ ബ്രിട്ടീഷ് കൊളോണിയൽ ഉദ്യോഗസ്ഥൻ ലിയോപോൾഡ് പേഴ്സി ഹോബ്സ്‌ബാം. മാതാവ് ഓസ്ട്രിയക്കാരി നെല്ലി ഗ്രൂൺ. ഓസ്ട്രിയ, ജർമനി, ഇംഗ്ലണ്ട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 12-ാംവയസ്സിൽ പിതാവിനെയും 14-ാംവയസ്സിൽ മാതാവിനെയും നഷ്ടപ്പെട്ട് അനാഥനായ ഹോബ്സ്ബാമിനെയും സഹോദരിയെയും പിന്നീട് പിതൃസഹോദരനാണ് വളർത്തിയത്. ബന്ധുക്കൾക്കൊപ്പം ബർലിനിൽ കഴിയവേ, പതിന്നാലാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1933 ൽ ജർമനിയിൽ അധികാരത്തിലെത്തിയ ഹിറ്റ്ലർ ജൂതവേട്ട ആരംഭിച്ചതിനെതുടർന്ന് കുടുംബം ബ്രിട്ടനിലേക്ക് രക്ഷപ്പെടുകയായിരുന്നു.” (അവലംബം വിക്കി.)

പതിനാറാമത്തെ വയസ്സില്‍ ബ്രിട്ടനിലെത്തിയ ഹോബ്സ്ബാം 1936 മുതല്‍ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി ചേരുകയും, തന്റെ മരണംവരെ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ തുടരുകയും ചെയ്തു. ഗാര്‍ഡിയനിലെ ഒരു ലേഖനത്തില്‍ ഇ.പി. തോംപ്സണേയും, ക്രിസ്റ്റഫര്‍ ഹില്ലിനേയും പോലെയുള്ള അതിപ്രശസ്തരായ മാര്‍ക്സിസ്റ്റ് ചിന്തകന്മാര്‍ വരെ, ഒരു ഘട്ടത്തില്‍ തങ്ങളുടെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ടെങ്കിലും, തന്റെ ഔദ്യോഗിക ജീവിതത്തേയും സ്ഥാനക്കയറ്റത്തേയുമൊക്കെ പ്രതികൂലമായി ബാധിച്ചിട്ടും, നീണ്ട പാര്‍ട്ടി ജീവിത കാലത്ത് ഒരു തവണപോലും മെമ്പര്‍ഷിപ്പില്‍ നിന്നും മാറിനില്ക്കാന്‍ ഹോബ്സ് ബാം തയ്യാറായില്ലെന്ന് എടുത്തു പറയുന്നുണ്ട്.

സോഷ്യലിസ്റ്റ് ഹംഗറിയിലേക്കുള്ള സോവിയറ്റു യൂണിയന്റെ അധിനിവേശം, കടുത്ത അഭിപ്രായ ഭിന്നത യൂറോപ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ളിലുണ്ടായെങ്കിലും, പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍‌ അതൊന്നും കാരണമായില്ലെന്ന് പിന്നീട് ഹോബ്സ് ബാം അനുസ്മരിക്കുന്നുണ്ട്. തന്റെ നിലപാടുകളിലെ കര്‍ക്കശമായ കണിശത, സ്വജീവിതത്തിലും അദ്ദേഹം ശരിയായ വിധത്തില്‍ നടപ്പിലാക്കിപ്പോന്നിരുന്നു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഹിസ്റ്റോറിയന്‍സിലെ അംഗവും പിന്നീട് കണ്‍വീനറുമായി പ്രവര്‍ത്തിച്ചതുമാണ്, പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ തനിക്ക് ലഭിച്ച ഏറ്റവും ഉന്നതമായ സ്ഥാനമെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഹിസ്റ്റോറിയന്‍സില്‍ പ്രഗല്ഭരുടെ ഒരു നിര തന്നെയാണ് എക്കാലത്തും പ്രവര്‍ത്തിച്ചു പോന്നിട്ടുള്ളത്.

മാര്‍‌ക്സിസത്തിന്റെ വെളിച്ചത്തില്‍ ലോകചരിത്രത്തെ ഒരു പുതിയ തലത്തില്‍ നോക്കിക്കാണാന്‍ അദ്ദേഹം നമ്മെ പഠിപ്പിച്ചു. ഒരാശയമെന്ന നിലയില്‍ മാര്‍ക്സിസം കാലഹരണപ്പെട്ടിട്ടില്ലെന്നും, നടപ്പിലാക്കുന്നതില്‍ വന്ന വീഴ്ചകള്‍ കാരണമുണ്ടായ തിരിച്ചടികളാണെന്നും, മാര്‍ക്സിസത്തിന്റെ പ്രസക്തി ഇനിയൊരിക്കലും നഷ്ടപ്പെടില്ലെന്നും ഹോബ്സ് ബാം ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍, ലോകത്തെ ഒട്ടുമിക്ക പ്രധാനപ്പെട്ട ഭാഷകളിലേക്കും മൊഴിമാറ്റം നടത്തപ്പെട്ടു. ഓരോ പുസ്തകങ്ങളുടേയും ദശലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു. ലോകത്ത് ഒരു മാര്‍ക്സിസ്റ്റ് ചിന്തകനും ഇത്തരത്തിലൊരു ജനകീയത നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത.

1962 ൽ പ്രസിദ്ധീകരിച്ച The Age of Revolution: Europe 1789–1848, 1969 ലെ Bandits, 1975 ലെ The Age of Capital: 1848–1875, 1983 ലെ The Invention of Tradition, 1987 ലെ The Age of Empire: 1875–1914, 1994 ലെ The Age of Extremes: The Short Twentieth Century, 1914–1991, 1997 ലെ On History എന്നിങ്ങനെ വളരെ പ്രസിദ്ധങ്ങളായ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ അവസാന പുസ്തകം, 2011 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട How to Change the World: Tales of Marx and Marxism ആണ്. മാർക്സും, മാര്‍ക്സിസവും പിന്നിട്ടു പോന്നതും നാളെ നടക്കാനിരിക്കുന്നതുമായ വഴികളെക്കുറിച്ച് ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. മനുഷ്യന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ആലംബമെന്തായിരിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരം ഈ പുസ്തകത്തിലുണ്ട് എന്ന പ്രത്യാശ മഹാനായ ആ ചിന്തകന്‍ പ്രകടിപ്പിക്കുന്നുമുണ്ട്. (അവസാനിക്കുന്നില്ല)

മനോജ് പട്ടേട്ട്, വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി.

Leave a Reply

Your email address will not be published. Required fields are marked *