കുവൈറ്റ്:
മലയാളി ഏജന്റുമാർ വഴി കുവൈറ്റിലെത്തിയ, ആറു മലയാളി സ്ത്രീകൾ തൊഴിൽ തട്ടിപ്പിനിരയായി കുവൈറ്റിൽ ദുരിതത്തിൽ. നാലു മാസം മുൻപാണ് ആലപ്പുഴ മാന്നാര്‍ സ്വദേശി പുഷ്പാംഗദന്‍റെ ഭാര്യ വനിത, കായംകുളം സ്വദേശി പൊന്നമ്മ, പരുമല സ്വദേശി അഞ്ജു, കോട്ടയം സ്വദേശി ജസ്സി, ജോമോൾ, ഏറ്റുമാനൂരിൽ നിന്നുള്ള വൽസല എന്നിവർ വീട്ടു ജോലിക്കായി മലയാളി ഏജന്റുമാർ വഴി കുവൈറ്റിലെത്തിയത്.
മലപ്പുറം സ്വദേശി സിദ്ധീഖ്, കോഴിക്കോട് സ്വദേശി ഇസ്മായിൽ എന്നിവര്‍ വഴിയാണ് ഇവർ വിസ സംഘടിപ്പിച്ചത്. അൽഹബീബ് എന്ന റിക്രൂട്ടിംഗ് ഏജൻസി വഴി കുവൈറ്റിലെത്തിയ ഇവരെ കൊടിയ പീഡനങ്ങളായിരുന്നു കാത്തിരുന്നത്. രണ്ടു മാസത്തെ ശമ്പളം കൊടുത്തിട്ടില്ല. അമിതമായി ജോലി എടുപ്പിക്കുന്നതിനെക്കുറിച്ച് പരാതി പറഞ്ഞപ്പോൾ, ഓഫീസിലെ മുറിയിൽ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതി. മൊബൈൽ ഫോണും പിടിച്ച് വച്ചു.
തട്ടിപ്പിനിരയായവരുടെ ബന്ധുക്കൾ, പത്തനംതിട്ട എസ്.പി ക്കും നോര്‍ക്കയ്ക്കും പരാതി നൽകി. ആറുപേരെയും തിരികെയെത്തിക്കാൻ, പ്രശ്നം, എംബസിയുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സാമൂഹിക പ്രവർത്തകരും.
കുവൈറ്റിൽ ബ്യുട്ടീഷ്യൻ ജോലിക്കെന്ന വ്യാജേന കയറ്റി വിട്ട്, തന്റെ മാതാവിനെ വീട്ടുവേലക്കാരിയാക്കി പീഡിപ്പിക്കുന്നതായി ആരോപിച്ച്, തെലുങ്കാന സ്വദേശിയായ മുഹമ്മദ് സർദാർ, കഴിഞ്ഞ ആഴ്ച, രംഗത്തു വന്നിരുന്നു. മുഹമ്മദിന്റെ മാതാവ് മെഹ്രാജ് ബീഗം ബ്യൂട്ടീഷ്യൻ ജോലിക്കായാണ് മുഹമ്മദ് അലീം എന്ന ഏജൻറിന്റെ വാക്കു വിശ്വസിച്ച് കുവൈറ്റിലേക്ക് പോയത്. എന്നാൽ കുവൈറ്റിലെത്തിയ മെഹ്രാജ് ബീഗത്തിന് വീട്ടുജോലിക്കാരിയായാണ് ജോലി ലഭിച്ചത്. വാഗ്ദാനം ചെയ്ത ശമ്പളമോ ഭക്ഷണമോ നൽകിയില്ല. തൊഴിൽ ദാതാവ് നാലും അഞ്ചും വീടുകളിൽ ഇവരെക്കൊണ്ട് തൊഴിലെടുപ്പിക്കുമെന്നും, മകൻ മുഹമ്മദ് സർദാർ പരാതിപ്പെട്ടിരുന്നു.