കോഴിക്കോട്:
അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി വികസനത്തിനു തടസ്സം സൃഷ്ടിക്കുന്ന പ്രവണതയുണ്ടെന്നും, ഇതു നല്ലതല്ലെന്നും ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പയ്യോളി നഗരസഭയിലെ ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രം, പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഹാര്‍ബറുകളെ ജനകീയ സംവിധാനത്തില്‍ കീഴില്‍ കൊണ്ടുവരാനാണു ശ്രമിക്കുന്നത്. നിലവില്‍, ജില്ലയില്‍ 5 ഹാര്‍ബര്‍ ഉണ്ട്. പുതിയതായി ഹാര്‍ബര്‍ അനുവദിക്കുന്നതിന് പകരം ഉള്ളവ നല്ല നിലയില്‍ പരിപാലിക്കുകയാണ് ലക്ഷ്യം.
മത്സ്യമേഖലയെ അന്തസ്സാര്‍ന്ന മേഖലയാക്കി മാറ്റുമെന്നും, കേന്ദ്രഫണ്ടിന്റെ അപര്യാപ്തത, പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും, കൊളാവിപ്പാലം തീരദേശ റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
തീരദേശത്തെ മുഴുവന്‍ സ്‌കൂളുകളെയും കിഫ്ബിയില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. കടല്‍ക്ഷോഭത്തില്‍പ്പെട്ട് വീടു നഷ്‌പ്പെട്ട 50 മീറ്ററിനകത്തുള്ളവരുടെ പുനരധിവാസ പ്രവര്‍ത്തനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നു മന്ത്രി പറഞ്ഞു. പയ്യോളിനഗരസഭ ചെയര്‍പേഴ്‌സണ്‍ വി.ടി ഉഷ സ്വാഗതം പറഞ്ഞു. എം.എല്‍.എ, കെ. ദാസന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.വി ചന്ദ്രന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എം.വി സമീറ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടയില്‍ ശ്രീധരന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ വളപ്പില്‍ തുടങ്ങി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.