Sat. Jan 11th, 2025
കോഴിക്കോട്:

ജില്ലയിലെ എല്ലാ എം.എല്‍.എമാരുടെയും ആസ്തി വികസന /പ്രദേശിക ഫണ്ട് ഉപയോഗിച്ച് 13 പുതിയ വെന്റിലേറ്ററുകള്‍ കൂടി മെഡിക്കല്‍ കോളേജിലേക്കു നല്‍കുമെന്ന് തൊഴില്‍- എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. 2018-19 സാമ്പത്തിക വര്‍ഷത്തെ ഫണ്ടില്‍ നിന്നും പതിനാലര ലക്ഷം രൂപ, മന്ത്രി നല്‍കിയതായും എം.എല്‍.എമാര്‍ അടുത്ത സാമ്പത്തിക വര്‍ഷം തുക നീക്കി വെക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന കാരണത്താല്‍, മെഡിക്കല്‍ കോളേജില്‍ നിന്നും ഒരു രോഗിയും മടങ്ങിപ്പോകരുത്. ആശുപത്രിയിലേക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് 3000 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. കൂടുതല്‍ ആവശ്യങ്ങള്‍ വേണ്ടിവന്നാല്‍, ജനപ്രതിനിധികള്‍ ഇടപെട്ടു പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്, തൊഴില്‍ എക്സൈസ് വകുപ്പു മന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 1.8 കോടി ചിലവഴിച്ച് ഹൃദ്രോഗ- ഹൃദയ ശസ്ത്രക്രിയാ വിഭാഗം എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഉപകരണങ്ങളുടെയും ജില്ലയിലെ മുഴുവന്‍ എം.എല്‍.എ മാരുടെ ഫണ്ടില്‍ നിന്നും 1.77 കോടി ചിലവഴിച്ച് സ്ഥാപിച്ച വെന്റിലേറ്ററുകള്‍, കെ.എസ്.ബി.സി – സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 15.9 ലക്ഷം രൂപ ചിലവഴിച്ച് വാങ്ങിയ, മൊബൈല്‍ ഒഫ്താല്‍മിക് യൂണിറ്റ് വാഹനത്തിന്റെയും, ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവ. മെഡിക്കല്‍ കോളേജ് ഡോ. ജയറാം പണിക്കര്‍ ഹാളില്‍ നടന്ന ചടങ്ങില്‍, എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി.ടി.എ. റഹീം, പുരുഷന്‍ കടലുണ്ടി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ വി.ആര്‍. രാജേന്ദ്രന്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് സൂപ്രണ്ട് ഡോ. കെ.എം. കുര്യാക്കോസ്, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി. സജീത്ത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *