റിയാദ്-
അല്‍ക്വയിദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദന്റെ പുത്രന്‍, ഹംസ ബിന്‍ ലാദന്റെ പൗരത്വം സൗദി റദ്ദാക്കി. പൗരത്വം റദ്ദാക്കുന്നതിന് അനുമതി നല്‍കി രാജകൽപ്പന പുറപ്പെടുവിച്ചതായി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സിവില്‍ അഫയേഴ്‌സ് വിഭാഗം അറിയിച്ചു. ഇക്കാര്യം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനിടെ, ഹംസ ബിന്‍ ലാദനെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കുന്നവര്‍ക്ക്, അമേരിക്കന്‍ വിദേശ മന്ത്രാലയം പത്തു ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
അല്‍ക്വയിദ പ്രധാന നേതാക്കളില്‍ ഒരാളായാണ് ഹംസ ബിന്‍ ലാദനെ, അമേരിക്കന്‍ വിദേശ മന്ത്രാലയം വിശേഷിപ്പിക്കുന്നത്. പിതാവ് ഒസാമ ബിന്‍ ലാദന്റെ വധത്തില്‍ പ്രതികാരം ചെയ്യുന്നതിന് അമേരിക്കയ്ക്കും, അമേരിക്കയുടെ പശ്ചാത്യ സഖ്യ രാജ്യങ്ങള്‍ക്കും എതിരെ ആക്രമണം നടത്തുന്നതിന് അനുയായികളോട് ആഹ്വാനം ചെയ്യുന്ന, ഓഡിയോ, വീഡിയോ സന്ദേശങ്ങള്‍ സമീപ കാലത്ത് ഹംസ ബിന്‍ ലാദന്‍ പുറത്തിറക്കിയിരുന്നു. ഹംസ ബിന്‍ ലാദനെ രണ്ടു വര്‍ഷം മുമ്പ് അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2011 സെപ്റ്റംബര്‍ പതിനൊന്നിന് ന്യൂയോര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ ആക്രമണം നടത്തുന്നതിന് ഉപയോഗിച്ച വിമാനങ്ങളിലൊന്ന് റാഞ്ചിയ, മുഹമ്മദ് അത്തയുടെ മകളെയാണ് ഹംസ ബിന്‍ ലാദന്‍ വിവാഹം ചെയ്തിരിക്കുന്നത്.