Fri. Apr 26th, 2024
കോഴിക്കോട്:

തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍, തെരുവുനായ്ക്കളുടെ പ്രജനനം തടയുന്നതിന് കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ച ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) പദ്ധതിയുടെ ഭാഗമായി, പൂളക്കടവില്‍ നിര്‍മ്മിച്ച ആശുപത്രിയുടെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. പ്രജനന നിയന്ത്രണം എന്നതിലുപരി നായ്ക്കളെ കൈകാര്യം ചെയ്യുന്നതില്‍ അതീവ ശ്രദ്ധ നല്‍കണമെന്നും സംസ്ഥാനത്ത് എ.ബി.സി പദ്ധതി പ്രകാരം 104000 നായ്ക്കള്‍ക്ക് വന്ധ്യകരണം നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആധുനിക സൗകര്യങ്ങളോടെ പൂര്‍ത്തീകരിച്ച എ.ബി.സി ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും എ.ഡബ്ല്യു.ബി.ഐ നിര്‍ദ്ദേശിക്കുന്ന എസ്.ഒ.പി അനുസരിച്ചാണ് നടത്തുന്നത്. ഒരു പ്രോഗ്രാം മാനേജര്‍, ഒരു അനസ്തറ്റിസ്റ്റ്, നാല് സര്‍ജന്മാർ, അഞ്ച് ഡോഗ് ക്യാച്ചര്‍, രണ്ട് അറ്റന്‍ഡര്‍മാര്‍, ഒരു സ്വീപ്പര്‍ എന്നിവയാണ് ആശുപത്രിയിലെ തസ്തികകള്‍. ഇന്‍സിനറേറ്റര്‍, വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ജനറേറ്റര്‍, സെമിനാര്‍ ഹാള്‍ എന്നിവ ഉടന്‍ തന്നെ പ്രവര്‍ത്തനക്ഷമമാക്കും. പരിശീലനം ലഭിച്ചവരുടെ സഹായത്തോടെ തെരുവ് നായ്ക്കളെ പിടികൂടി ആശുപത്രിയില്‍ എത്തിച്ച് വന്ധ്യകരണ ശസ്ത്രക്രിയ ചെയ്ത് മുറിവ് ഉണങ്ങിയ ശേഷം, പ്രതിരോധ കുത്തിവെപ്പ് നല്‍കി പിടിച്ച സ്ഥലത്ത് തന്നെ വിടുകയും, ഓരോ വര്‍ഷവും ഫീല്‍ഡ് തലത്തില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തി പേ വിഷബാധ നിര്‍മാർജ്ജനം നടത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് ബഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ (ബേപ്പൂര്‍) എ.ബി.സി പദ്ധതി വിശദീകരിച്ചു. മണ്ണുത്തി വെറ്റിനറി കോളെജ് ഡീന്‍ ഡോ.സി. ലത സെമിനാര്‍ ഉദ്ഘാടനം ചെയ്തു. തെരുവുനായ ശല്യ ലഘൂകരണ യജ്ഞവും പൊതുജനാരോഗ്യവും, എന്ന വിഷയത്തില്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്‍.എസ്. ഗോപകുമാര്‍, എ.ബി.സി പദ്ധതി നിര്‍വഹണത്തില്‍ പൊതു സമൂഹത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ മൈക്കാവ് വെറ്റനറി ഡിസ്പെന്‍സറി വെറ്റനറി സര്‍ജന്‍ ഡോ.സി.കെ. നിധിന്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ കലക്ടര്‍ സാംബശിവ റാവു, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ്, നികുതി അപ്പീല്‍ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ആശാ ശശാങ്കന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അനിതാ രാജന്‍, നഗരാസൂത്രണ സ്ഥിരം സമിതി ചെയര്‍മാന്‍ എം.സി. അനില്‍ കുമാര്‍, വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ അഡ്വ.പി.എം. സുരേഷ് ബാബു, പി. കിഷന്‍ചന്ദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *