മസ്കറ്റ്:
ഇൻഡിഗോ എയർ കോഴിക്കോടിനു പിന്നാലെ മസ്കറ്റിൽ നിന്നു കൊച്ചിയിലേക്കുള്ള സർവിസും നിർത്തലാക്കുന്നു. ഏപ്രിൽ ഒന്നുമുതൽ സർവിസ് ഉണ്ടാകില്ല. മുന്നറിയിപ്പില്ലാതെയാണ് സർവിസ് നിർത്തലാക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. ജീവനക്കാരുടെ കുറവാണ് സർവീസ് നിർത്താൻ കാരണമായി പറയുന്നത്. ഏപ്രിൽ മുതൽ ടിക്കറ്റ് എടുത്തവർക്ക് പണം തിരികെ നൽകും. നേരത്തേ ജെറ്റ് എയർവേസും മസ്കറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള സർവിസ് നിർത്തലാക്കിയിരുന്നു. ഏപ്രിൽ മുതൽ ഒമാൻ എയറും എയർഇന്ത്യ എക്സ്പ്രസും മാത്രമായിരിക്കും കൊച്ചിയിലേക്ക് ഉണ്ടാവുക. ഇൻഡിഗോയുടെ കോഴിക്കോട് സർവിസ് കഴിഞ്ഞ നവംബറിലാണ് താൽക്കാലികമായി നിർത്തലാക്കിയത്.
സർവിസ് നിർത്തലാക്കുന്നത് പ്രവാസികൾക്ക് ഇരുട്ടടിയാണ്. ഇതുവഴി കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ കഴിയുന്ന അവസരങ്ങൾ കുറയുമെന്ന് ട്രാവൽ മേഖലയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ഇൻഡിഗോ സർവിസ് റദ്ദാക്കിയ സാഹചര്യത്തിൽ നിരക്കുകളിൽ കൂടുതൽ വർധന ഉണ്ടാകുമോയെന്ന ആശങ്കയും പലർക്കുമുണ്ട്. ഒമാൻ എയർ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും രണ്ട് സർവിസുകൾ വീതം നടത്താറുണ്ടെങ്കിലും നിരക്ക് വല്ലാതെ കുറയാറില്ല.അതേസമയം, മാർക്കറ്റ് നോക്കി നിരക്ക് വർധിപ്പിക്കുക എന്ന നയമാണ് എയർ ഇന്ത്യ എക്സ്പ്രസ്സിന്റേത്. ബജറ്റ് സർവിസാണെങ്കിലും തിരക്ക് വർധിക്കുന്നതോടെ എയർ ഇന്ത്യ എക്സ്പ്രസ് നിരക്ക് കൂട്ടാറുണ്ട്. എന്നാൽ, ഇൻഡിഗോയുടെ സാന്നിധ്യം മൂലമുള്ള മത്സരം നിരക്ക് വല്ലാതെ ഉയർത്താതിരിക്കാൻ എയർ ഇന്ത്യയെ പ്രേരിപ്പിച്ചിരുന്നു.
അതിനിടെ വ്യോമയാന മേഖലയിൽ മുൻനിരയിലുള്ള ഗോ എയർ യു.എ.ഇയിൽ നിന്നു കണ്ണൂർ സർവീസ് ആരംഭിക്കുന്നു. 435 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. 30 കിലോ സൗജന്യ ബാഗേജും അനുവദിക്കും. മാർച്ച് ഒന്നിന് രാത്രി 10.10ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 12.40ന് അബൂദബിയിൽ ലാൻറ് ചെയ്യും. തിങ്കൾ, ബുധൻ, വെള്ളി,ശനി ദിവസങ്ങളിലാണ് സർവീസ്. അബൂദബിയിൽ നിന്ന് മാർച്ച് രണ്ടു മുതൽ പുലർച്ചെ 1.40ന് പുറപ്പെടുന്ന വിമാനം രാവിലെ 7.10ന് കണ്ണൂരിലെത്തും. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. ഈ മാസം അവസാനം വേനൽകാല ഷെഡ്യൂൾ ആരംഭിക്കുന്നതോടെ സമയക്രമത്തിൽ മാറ്റമുണ്ടാവും.യാത്രക്കാർക്ക് ഏറ്റവും അനുയോജ്യമായ സമയത്താണ് ഗോ എയർ ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്. മാർച്ച് 31 മുതൽ ഒക്ടോബർ 25 വരെ രാത്രി 10.15ന് അബൂദബിയിൽ നിന്ന് പുറപ്പെടുന്ന വിമാനം 3.45ന് കണ്ണൂരിലിറങ്ങും. മാർച്ച് 31 മുതൽ ഒക്ടോബർ 25വരെ വൈകീട്ട് 6.45ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം 9.15ന് അബൂദബിയിൽ ലാൻറ് ചെയ്യും.