ന്യൂഡൽഹി:
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 20,000 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് കണ്ടെത്തിയതായി, ജി.എസ്.ടിവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിൽ 10,000 കോടി രൂപ തിരിച്ചു പിടിക്കാനായി.
ജി.എസ്.ടി വെട്ടിപ്പും, കൃത്രിമ ഇന്‍വോയ്‌സ് ഉണ്ടാക്കുന്നതും കൂടി വരികയാണ്. ഇതു തടയുന്നതിന് പ്രത്യേക യോഗം വിളിക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്റ്റ് ടാക്സ് ആന്‍ഡ് കസ്റ്റംസ് മെമ്പർ ജോണ്‍ ജോസഫ് പറഞ്ഞു.
റിയൽ എസ്റ്റേറ്റ് രംഗത്ത് ജി.എസ്.ടിയിൽ ഈയിടെ വരുത്തിയ മാറ്റങ്ങൾ സംബന്ധിച്ച് വ്യവസായികളുമായി ചർച്ച നടത്തും. നിരക്ക് കുറയ്ക്കുകയും ഇൻപുട് ടാക്സ് ക്രെഡിറ്റ് സംവിധാനം എടുത്തു കളയുകയുമാണ് ചെയ്തത്. ഇതിനകം നിർമ്മാണം പൂർത്തിയാക്കിയെങ്കിലും, വിൽപന നടക്കാതിരിക്കുന്ന ഫ്ലാറ്റുകളുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെങ്കിൽ, നഗര വികസന മന്ത്രാലയമാണ് പരിഹരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ 1500 കോടി രൂപയുടെ വ്യാജ ഇന്‍വോയ്‌സ് കണ്ടെത്തിയിരുന്നു. 75 കോടി രൂപയുടെ ടാക്‌സ് ക്രെഡിറ്റ് തട്ടിയെടുക്കുന്നതിനാണ് ഇവര്‍ ശ്രമിച്ചത്. അഞ്ചു മുതല്‍ പത്തു ശതമാനം വരെ വ്യപാരികളാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സത്യസന്ധമായി ബിസിനസ് നടത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.