സൗദി:
അറബ് നാടുകളെ കുറിച്ചു കേള്‍ക്കുമ്പോൾ, നമ്മുടെ മനസ്സിൽ ഓടി വരുന്നതു ചുട്ടു പഴുത്ത മണല്‍ക്കാടുകളും ഒട്ടകക്കൂട്ടങ്ങളും ഈന്തപ്പനകളുമായിരിക്കും. കൂട്ടത്തില്‍ മരുഭൂമിയിലെ ശക്തമായ ചുടുകാറ്റും. എന്നാല്‍, നയനമനോഹരമായ പ്രകൃതിയുടെ പുതിയ മരുക്കാഴ്ചകളൊരുക്കുന്നുണ്ട് അറേബ്യന്‍ നാടുകളിപ്പോള്‍.
അത്തരമൊരു വര്‍ണാഭമായ കാഴ്ചയ്ക്കാണ് എല്ലാ വർഷവും രാജ്യാന്തര പുഷ്പമേളയിലൂടെ സൗദിയിലെ യാമ്പു പട്ടണം സാക്ഷ്യം വഹിക്കാറുള്ളത്. ഇത്തവണത്തെ രാജ്യാന്തര പുഷ്പമേള ഫെബ്രുവരി 28 മുതൽ മാർച്ച് 30 വരെ യാമ്പു-ജിദ്ദ ഹൈവേയിലുള്ള അല്‍ മുനസബാത് പാര്‍ക്കിൽ നടക്കും. എല്ലാ വർഷവും നടക്കുന്ന ഈ മേളയിൽ ഒരുക്കിയ, ലോകത്തിലെ ഏറ്റവും വലിയ പുഷ്പ പരവതാനി, രണ്ടു തവണ ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്.
സന്ദർശകരെ ആകർഷിക്കാൻ വിവിധതരത്തിലുള്ള പരിപാടികളാണ് ഈ വർഷവും ഒരുക്കിയിട്ടുള്ളത്. പ്രകൃതി സ്നേഹം വളർത്തി, പൊതുജനങ്ങൾക്ക് പൂക്കളോടും, ചെടികളോടുമുള്ള അടുപ്പം ഉണ്ടാക്കുക എന്നതാണ് ഉത്സവത്തിന്റെ ലക്ഷ്യം. 10712.75 ചതുരശ്രമീറ്ററിൽ ഒരുങ്ങുന്ന മേളയ്ക്ക് റോയല്‍ കമ്മിഷന്‍ ഇറിഗേഷന്‍ ആന്‍ഡ് ലാന്‍ഡ് സ്കേപിങ് വിഭാഗമാണ് മേല്‍നോട്ടം വഹിക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും. ഇരുനൂറോളം രാജ്യാന്തര കമ്പനികളുടെ സ്റ്റാളുകള്‍, പക്ഷികളുടെയും പൂമ്പാറ്റകളുടെയും പാര്‍ക്കുകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍ എന്നിവയും ഇവിടെ ഒരുക്കിയിരിക്കുന്നു. മേളക്കിടയില്‍ വിവിധ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
സൗദിയിലെ ആദ്യ ഗ്ലോബൽ വില്ലേജ്, ജിദ്ദയുടെ ചെങ്കടൽ തീരത്ത് വ്യാഴാഴ്ച തുറന്നു നൽകും. ഇതിന്റെ ഭാഗമായി, ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ സാംസ്കാരികോത്സവങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത് പൊതു വിനോദ കാര്യാലയത്തിന് കീഴിൽ സൗദിയിലെത്തന്നെ വലിയ അമ്യൂസ്‌മെന്റ് കുടുംബ പാർക്കായ ‘അതല്ല (Atallah)’ ഹാപ്പിലാൻഡിലാണ്.
ജി.സി.സിയിൽ നിന്നുള്ള അഞ്ച് രാജ്യങ്ങൾ ഉൾപ്പെടെ അൻപതു രാജ്യങ്ങൾ ഫെസ്റ്റിവലിൽ പങ്കെടുക്കും. അറബ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് 10 വീതവും, ആഫിക്കയിൽ നിന്ന് 18 ഉം, നാലു അമേരിക്കൻ രാജ്യങ്ങളുമാണ് സംബന്ധിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഓരോ രാജ്യങ്ങളിൽ നിന്നും വിവിധങ്ങളായ വാണിജ്യ വ്യവസായ ഉൽപന്നങ്ങൾ, ഫാഷൻ, കരകൗശല വസ്തുക്കൾ എന്നിവയും പരമ്പരാഗത നാടോടി പ്രദർശനങ്ങളുമുണ്ടാകും. പാരമ്പര്യ ചരിത്ര വസ്തുക്കളുടെ പവലിയനുകളും, തനത് ഭക്ഷണ പ്രദർശനങ്ങളും നടക്കും. ഫെബ്രുവരി 28 മുതൽ മാർച്ച് 29 വരെ ഒരു ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. എണ്ണയിതര വരുമാനം വർദ്ധിപ്പിക്കുന്നതിന് സൗദി നടത്തുന്ന പ്രാദേശിക ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിന്റ ഭാഗമായാണ് സൗദിയിലും ദുബായി മാതൃകയിൽ ഗ്ലോബൽ വില്ലേജ് വരുന്നത്.