വയനാട്:
ജില്ലാആശുപത്രിയില്‍ ചികിത്സ തേടി എത്തിയ കര്‍ണാടക ബൈരക്കുപ്പ സ്വദേശിയായ 35- കാരന് കുരങ്ങുപനി സ്ഥിരീകരിച്ചു. ഇയാളെ മൈസൂരു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം നാലായി. അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലെ രണ്ടുപേര്‍ക്കാണ് ജില്ലയില്‍ ആദ്യം കുരങ്ങുപനി സ്ഥിരീകരിച്ചത്.
മൂന്നാഴ്ച മുമ്പ് ബൈരക്കുപ്പ സ്വദേശിയായ ഒരാള്‍ സുല്‍ത്താന്‍ബത്തേരി ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇയാള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സതേടിയ ഒമ്പത് പേരുടെ ഫലം നെഗറ്റീവാണ്. ഇപ്പോഴും കുരങ്ങുകളെ ചത്തനിലയില്‍ കണ്ടെത്തുന്നുണ്ട്. ഡിസംബര്‍ മുതല്‍ ഇതുവരെ 53 കുരങ്ങുകളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്.
കാട്ടുതീ ഉണ്ടായ സാഹചര്യത്തില്‍ കുരങ്ങുകള്‍ ജനവാസ കേന്ദ്രത്തില്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ വേണമെന്നും, കുരങ്ങ് ചത്തുകിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ വിവരമറിയിക്കണമെന്നും ഡി.എം.ഒ. ആര്‍. രേണുക പറഞ്ഞു.