Sun. Dec 22nd, 2024
അത്താരി, അമൃത്‌സർ:

പാക്കിസ്ഥാൻ സൈന്യം തടവിലാക്കിയ ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ ഇന്ത്യയിൽ തിരിച്ചെത്തി.

ഫെബ്രുവരി 27 നാണ് അഭിനന്ദൻ, പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയിലാവുന്നത്. പിടിയിലായ അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയയ്ക്കുമെന്നു നേരത്തെ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഭയന്നിട്ടല്ല, സമാധാന ശ്രമത്തിന്റെ ഭാഗമായാണു പൈലറ്റിനെ മോചിപ്പിക്കുന്നതെന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

പൈലറ്റിനെ ഉടന്‍ വിട്ടുകിട്ടണമെന്ന് ഇന്ത്യ ശക്തമായ നിലപാടെടുത്തിരുന്നു. ധാരണകള്‍ക്കൊന്നും ഇല്ലെന്നും, പൈലറ്റിനെ വച്ചു വില പേശാമെന്നു പാക്കിസ്ഥാന്‍ കരുതുന്നുണ്ടെങ്കില്‍ നടക്കില്ലെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്. അതേസമയം അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയ്ക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് നേരത്തെ യുണൈറ്റഡ് നേഷന്‍സ് രംഗത്ത് വന്നിരുന്നു. യു.എന്‍ ചീഫ് ആന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്കാണ് യു.എന്‍ പ്രതികരണം അറിയിച്ചത്.

വാഘ അതിര്‍ത്തി വഴിയാണ് അഭിനന്ദന്‍ ഇന്ത്യയിലെത്തിയത്. റാവല്‍പിണ്ടിയില്‍ നിന്ന് ലാഹോറിലും പിന്നീട് വാഘ അതിര്‍ത്തിയിലും എത്തിച്ച ശേഷം അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറുമെന്നാണ് നേരത്തെ സൂചനയുണ്ടായിരുന്നത്. അഭിനന്ദനെ സ്വീകരിക്കാൻ മാതാപിതാക്കളും അതിർത്തിയിൽ എത്തിയിരുന്നു.

അതിര്‍ത്തി കടന്നെത്തിയ പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് എയര്‍വിംഗ് കാമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്താന്റെ പിടിയിലാകുന്നത്. ബുധനാഴ്ച പാകിസ്ഥാന്റെ എഫ് 16 പോര്‍വിമാനം നശിപ്പിച്ചത് അഭിനന്ദനാണെന്നും ഇതിനു ശേഷമാണ് മിഗ് 21 ഹൈസോണ്‍ വിമാനം തകര്‍ന്നു വീണ് അഭിനന്ദ് പാക് പട്ടാളത്തിന്‍റെ പിടിയിലായാതെന്നുമാണ് ഇന്ത്യന്‍ വ്യോമസേന നല്‍കുന്ന വിശദീകരണം. വ്യാഴാഴ്ച ദില്ലിയില്‍ നടന്ന പ്രതിരോധ സേനാവക്താക്കളുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ കപൂറാണ് ഇക്കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *