Thu. Jan 23rd, 2025
കോഴിക്കോട്:

വനിതാ കമ്മീഷന്റെ പ്രവർത്തനത്തിന് എൻ.ജി.ഒകളെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ. എം.എസ് താര. കമ്മീഷന്റെ പ്രതിനിധിയെന്ന് പറഞ്ഞ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ, ഒരു റിട്ടയേഡ് ഉദ്യോഗസ്ഥ പരാതികള്‍ കൈപ്പറ്റുന്നുണ്ട്. ഇത്തരത്തില്‍ മൂന്നു സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും, കൃത്യമായ നടപടിയുണ്ടാകുമെന്നും അവര്‍ പറഞ്ഞു. പരാതിക്കാരോ, എതിർകക്ഷികളോ ചുമതലപ്പെടുത്തിയിട്ടില്ലെങ്കിലും, സിറ്റിങുകളിൽ ഇവർ ഹാജരാകുന്നുണ്ട്. സാമ്പത്തിക ഇടപാടുകളുകൾ പോലും, ഇവര്‍ നടത്തുന്നതായാണ് സൂചനയെന്നും അവര്‍ പറഞ്ഞു.

സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിയെ ആശുപത്രിയിൽ നിന്നും വിളിച്ചിറക്കി ആൾപ്പെരുമാറ്റം കുറഞ്ഞ സ്ഥലത്തെത്തിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം മർദ്ദിച്ചെന്ന പരാതിയിൽ, പോലീസ് കൃത്യവിലോപം കാട്ടുകയാണെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി. സി.ഐ മുതൽ എസ്.പി വരെയുള്ളവർക്കു പരാതി നല്കിയിട്ടും, ജാമ്യം കിട്ടുന്ന വകുപ്പുകൾ ചേർത്താണ് എഫ്.ഐ.ആർ തയ്യാറാക്കിയത്. യുവതി പറയാത്ത കാര്യങ്ങൾ പറഞ്ഞതായി കാണിച്ച് മൊഴിയിൽ നിർബ്ബന്ധമായി ഒപ്പിടുവിച്ചെന്നും ഇത്തരം നടപടികൾ അനുവദിക്കാനാവില്ലെന്നും, കമ്മീഷൻ അംഗം എം.എസ് താര പറഞ്ഞു.

സംഭവം നടന്ന് ഒരു വർഷമായിട്ടും ഈ കേസ് ഇതുവരെ തീർപ്പായിട്ടില്ല. കേസിലെ എതിർകക്ഷി, ബുധനാഴ്ചയും സിറ്റിംഗിന് എത്തിയിട്ടില്ല. പരാതിക്കാരുടെ വീര്യം കെടുത്തുന്ന ഇത്തരം നടപടികൾക്ക് പോലീസ് ഉദ്യോഗസ്ഥർ കൂട്ടു നില്ക്കുന്നത് അംഗീകരിക്കാനാകില്ല. പോലീസിന്റെ ഗുരുതര വീഴ്ച പരിശോധിക്കപ്പെടേണ്ടതാണെന്നും ഇത്തരം നടപടികൾ കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും കമ്മീഷൻ അംഗങ്ങൾ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ 90 കേസുകൾ പരിഗണിച്ചു. ഇതില്‍ 23 എണ്ണം തീര്പ്പാക്കി. മൂന്നു കേസുകൾ റിപ്പോർട്ടു നല്കുന്നതിനായി കൈമാറി. 46 കേസുകൾ അടുത്ത അദാലത്തിൽ പരിഗണിക്കും. കമ്മീഷന് അംഗങ്ങളായ ഇ.എം.രാധ, എസ്.ഐ. രമ തുടങ്ങിയവര്‍ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *