വിയറ്റ്നാം:
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തര കൊറിയയിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള രണ്ടാം ഉച്ചകോടിക്ക് വിയറ്റ്നാമിൽ തുടക്കം. വിയറ്റ്നാം തലസ്ഥാനത്തെ മെട്രോപോൾ ഹോട്ടലിൽ, ഇരുവരും ഒന്നിച്ചു അത്താഴ വിരുന്നിൽ പങ്കെടുക്കുകയും, പരസ്പരം ഹസ്തദാനം ചെയ്യുകയും ചെയ്തു.
കഴിഞ്ഞ വർഷം ജൂണിൽ, സിംഗപ്പുരിൽ നടന്ന, ഒന്നാം ഉച്ചകോടിയുടെ തുടർച്ചയായാണ് രണ്ടാം ഉച്ചകോടി വിയറ്റ്നാമിൽ നടക്കുന്നത്. ആണവനിരായുധീകരണം സംബന്ധിച്ചുള്ള കാര്യങ്ങളായിരിക്കും മുഖ്യമായും ചർച്ച ചെയ്യുക. ആദ്യ ഉച്ചകോടിയിൽ ഈ വിഷയം ചർച്ച ചെയ്‌തെങ്കിലും, അതൊന്നും ഉത്തര കൊറിയ നടപ്പിൽ വരുത്തുന്നില്ല എന്നാണ് അമേരിക്കയുടെ പരാതി.
സ്റ്റേറ്റ് സെക്രട്ടറി, മൈക്ക് പോംപെയോയും സ്റ്റാഫ് മേധാവി മിക്ക് മൾവനിയുമാണു ട്രംപിനൊപ്പമുള്ളത്. കിമ്മിനൊപ്പം, വിശ്വസ്ത നയതന്ത്ര പ്രമുഖൻ കിം യോങ് ചോളും, വിദേശകാര്യമന്ത്രി റി യോങ് ഹോയും ചർച്ചകളിൽ പങ്കെടുക്കുന്നു. കൂടിക്കാഴ്ചയുടെ അതീവരഹസ്യസ്വഭാവം പരിഗണിച്ചു ട്രമ്പിനൊപ്പം മാദ്ധ്യമപ്രവർത്തകർ അനുഗമിക്കുന്നില്ലെന്നു വൈറ്റ്‌ഹൗസ് വക്താവ് സാറ സാന്ഡേഴ്സ് പറഞ്ഞു.
ഇന്ന് ഇരുപതു മിനിറ്റാണ് രണ്ടു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. നാളെ ഇരുവരും വീണ്ടും കൂടിക്കാഴ്ച നടത്തും. കൊറിയൻ ഉപദ്വീപിനെ ആണവവിമുക്തമാക്കുന്നതിൽ വ്യക്തമായ ധാരണകളിലെത്തുകയാണ്, ഈ ഉച്ചകോടിയിൽ, അമേരിക്ക ലക്‌ഷ്യം വെക്കുന്നത്. ഈ ഉച്ചകോടി കിമ്മിനു മുന്നിലുള്ള വൻ അവസരമാണെന്നു ഹാനോയിയിലെത്തിയ ശേഷം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.