ന്യൂഡല്‍ഹി:
പത്തുലക്ഷത്തിലധികം വരുന്ന ആദിവാസികളെ വനത്തില്‍ നിന്നും കുടിയൊഴിപ്പിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര, നവിന്‍ സിന്‍ഹ, എം.ആര്‍ ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. 16 സംസ്ഥാനങ്ങളിലെ ആദിവാസികളെ കുടിയൊഴിപ്പിക്കാന്‍ ആവശ്യപ്പെട്ട്, ഫെബ്രുവരി 13 ന് കോടതി നല്‍കിയ നിര്‍ദേശം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്, കേന്ദ്രസര്‍ക്കാരും ഗുജറാത്ത് സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പരമ്പരാഗത വനഭൂമിയുമായി ബന്ധപ്പെട്ട അവകാശവാദങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്‌തെന്നും, ഏത് അതോറിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ 16 സംസ്ഥാനങ്ങള്‍ക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അനര്‍ഹരെന്നു കണ്ടെത്തിയവര്‍ ഭൂമികയ്യേറ്റം തുടരുന്നത് അനുവദിക്കില്ലെന്നു വ്യക്തമാക്കിയ കോടതി വിഷയം ജൂലൈ 10ന് വീണ്ടും പരിഗണിക്കുമ്പോള്‍ മറുപടി നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി ‘കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?’ എന്ന് ചോദിച്ചു. വിഷയം മാനുഷിക പ്രശ്‌നമാണെന്നും വനസംരക്ഷണത്തിന്റെ പേരില്‍ വനത്തില്‍ ജീവിക്കുന്ന ആദിവാസികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടാന്‍ പാടില്ലെന്നും, രണ്ടും ഒരുപോലെ പ്രധാനപ്പെട്ടതാണെന്നും, കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത പറഞ്ഞു.
വനത്തില്‍ ജീവിക്കുന്നവരുടെയും സമുദായങ്ങളുടെയും അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന 2006 ലെ വനാവകാശനിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് ഒരു ഗവണ്മെന്റിതര സംഘടന നല്‍കിയ ഹരജിയിലായിരുന്നു നേരത്തെ പത്തുലക്ഷത്തിലധികം വരുന്ന ആദിവാസികളെ വനത്തില്‍ നിന്നും കുടിയൊഴിപ്പിക്കാനുള്ള നിര്‍ദേശം സുപ്രീം കോടതി നല്‍കിയത്.
16 സംസ്ഥാനങ്ങളില്‍ നിന്നുള്ള 10 ലക്ഷത്തിലധികം പേരെ ഒഴിപ്പിക്കാനാണ് കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയത്. ജൂലൈ 27 നു മുന്‍പ് ആദിവാസികളെ ഒഴിപ്പിച്ച ശേഷം സംസ്ഥാന സര്‍ക്കാരുകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു നിര്‍ദേശം. വനാവകാശ നിയമത്തിന്റെ പരിധിയില്‍ വരാത്തവരുടെ പട്ടിക വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. ഉത്തരവു നടപ്പാക്കുകയാണെങ്കില്‍ കേരളത്തില്‍ 894 ആദിവാസി കുടുംബങ്ങള്‍ വനത്തില്‍നിന്നും കുടിയൊഴിയേണ്ടി വരും. ഈ ഉത്തരവാണ് നിലവില്‍ കോടതി സ്റ്റേ ചെയ്തത്.