കോഴിക്കോട്:
കടുത്ത ലാഭ മോഹം കൊണ്ട് വിഷകരമായതും, മായം കലര്‍ന്നതുമായ ഉത്പ്പന്നങ്ങൾ, പൊതുജനാരോഗ്യത്തിന് പോലും ഭീഷണിയാകുന്ന തരത്തില്‍ വിറ്റഴിക്കപ്പെടുകയാണ്. ഇതിനെതിരെയുള്ള സമര പ്രവര്‍ത്തനമാണ് കുടുംബശ്രീ ഹോംഷോപ്പ് ഓണര്‍മാര്‍ നടത്തുന്നതെന്ന്, തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
കുടുംബശ്രീ ഹോംഷോപ്പ് ഓണര്‍മാര്‍ക്ക്, കുടുംബശ്രീ മിഷന്‍, പലിശരഹിത വായ്പ നല്‍കി അനുവദിച്ച ഇരുചക്രവാഹനങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രാദേശിക ഉല്‍പന്നങ്ങളുടെ സുസ്ഥിര വിപണനത്തിലൂടെ, കേരളത്തിനു തന്നെ മാതൃകയായി മാറിയിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ ഹോംഷോപ്പ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു. സമൂഹം അനുവദിച്ചാല്‍ പുരുഷന്മാർ ചെയ്യുന്ന എല്ലാ ജോലികളും, സ്ത്രീകള്‍ക്കും ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ച നാടായി, കേരളം മാറിയെന്നും മന്ത്രി പറഞ്ഞു.
കൊയിലാണ്ടി മുനിസിപ്പാലിറ്റി ഇ.എം.എസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ.കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. നിലവില്‍ 635 ഹോം ഷോപ്പ് ഓണര്‍മാര്‍ പദ്ധതിയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അതില്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട 135 പേര്‍ക്കാണ് ഒന്നാംഘട്ടത്തില്‍ ഇരുചക്ര വാഹനങ്ങള്‍ അനുവദിച്ചത്. ബാക്കിയുള്ള മുഴുവന്‍ പേര്‍ക്കും, വരും വര്‍ഷങ്ങളില്‍, വാഹനം നല്‍കാന്‍ കഴിയും. എ.ഡി.എം.സി പി.എം ഗിരീഷന്‍ പദ്ധതി വിശദീകരണം നടത്തി. ഡി.പി എം, എ. നീതു, സുസുക്കി സി.ഇ.ഒ.സി.പി. ഉണ്ണിരാജ്, ഖാദര്‍ വെള്ളിയൂര്‍ , കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി കവിത, ഹോം ഷോപ്പ് സെക്രട്ടറി പ്രസാദ് കൈതക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.