വാഷിംഗ്‌ടൺ:
പെപ്സിക്കോയുടെ മുൻ മേധാവിയും, ഇന്ത്യക്കാരിയുമായ ഇന്ദ്ര നൂയിയെ ലോകത്തെ പ്രമുഖ ഓൺ ലൈൻ വ്യാപാര സ്ഥാപനമായ ആമസോണിന്റെ ഡയറക്ടർ ബോർഡിലേക്ക് നോമിനേറ്റു ചെയ്തു. സ്റ്റാര്‍ ബക്സ് എക്സിക്യൂട്ടീവ്, റോസലിന്‍ഡ് ബ്രൂവറിന് ശേഷം ആമസോണ്‍ ബോര്‍ഡ് അംഗമാകുന്ന രണ്ടാമത്തെ വനിതയാകും, ഇന്ദ്ര നൂയി. വിവിധ പ്രവർത്തന മണ്ഡലങ്ങളിൽ നിന്നുള്ളവരെ ബോർഡിൽ ഉൾപ്പെടുത്തുക എന്ന ആമസോൺ കമ്പനിയുടെ നയത്തിന്റെ ഭാഗമായാണ് ഇന്ദ്ര നൂയിയുടെ നിയമനം.
പതിനൊന്നംഗ ബോർഡിൽ അഞ്ചു പേർ വനിതകളാണ്. ജെയ്‌മി ഗോർലിക്, ജൂഡിത്ത് മക്ഗ്രാത്ത്, പട്രീഷ്യ സ്ടോൻസിഫാർ എന്നിവരാണ് മറ്റു വനിതകൾ. ആമസോണിന്‍റെ ഓഡിറ്റ് കമ്മറ്റി അംഗമായാകും ഇന്ദ്ര നൂയി പ്രവര്‍ത്തിക്കുക. 2006 ഒക്ടോബര്‍ മുതല്‍ 2018 ഒക്ടോബര്‍ വരെ പെപ്സിക്കോയുടെ സി.ഇ.ഒയായിരുന്നു ഇന്ദ്ര. മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും, ഐ.ഐ.എം കല്‍ക്കട്ടയിലുമായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇന്ദ്ര “യേല്‍” സര്‍വകലാശാലയില്‍ നിന്നും, പബ്ലിക്ക് ആന്‍ഡ് പ്രൈവറ്റ് മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. അറുപത്തിമൂന്നുകാരിയായ അവർ ചെന്നൈ സ്വദേശിയാണ്.
ഫോർബ്‌സ് മാഗസിൻ പട്ടികയിൽ ഇന്ദ്ര നൂയി ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിത നേതാക്കളിൽ മൂന്നാം സ്ഥാനത്തു എത്തിയിരുന്നു. 2008 ൽ ഇന്ദ്ര നൂയി അമേരിക്കയിലെ മികച്ച വാണിജ്യ നേതാക്കളിൽ ഒരാളായി യു.എസ്.ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് നിർദ്ദേശിച്ചു. 2007 ൽ ഇന്ത്യ സർക്കാറിന്റെ പത്മഭൂഷൻ പുരസ്കാരം ഇന്ദ്ര നൂയിക്ക് ലഭിച്ചിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകള്‍, ഇവാന്‍ക ട്രംപ് നൂയിയുടെ പേര്, ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തിയിരുന്നു.