Wed. Nov 6th, 2024
ന്യൂഡൽഹി:

ഇന്ത്യയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഷൂട്ടിങ് സ്‌പോര്‍ട്സ് ഫെഡറേഷന്‍ ലോകകപ്പില്‍ മനു ഭാകർ–സൗരഭ് ചൗധരി സഖ്യത്തിലൂടെ ഇന്ത്യയ്ക്ക് മൂന്നാം സ്വർണ്ണം. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിലാണ് ഇവരുടെ സഖ്യം ഇന്ത്യയ്ക്കായി സുവർണ്ണ നേട്ടം കൈവരിച്ചത്. ഡല്‍ഹിയിലെ ഡോ. കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചില്‍ നടന്ന മത്സരത്തില്‍ 483.4 പോയന്റ് നേടിയാണ് മനു ഭാകര്‍ – സൗരഭ് ചൗധരി സഖ്യം വിജയത്തിലെത്തിയത്.

യോഗ്യതാ റൗണ്ടില്‍ 778 പോയിന്റെന്ന ലോക റെക്കോർഡിനൊപ്പമെത്തിയ പ്രകടനത്തോടെയാണ് ഇരുവരും ഫൈനലില്‍ കടന്നത്. ഇതേയിനത്തില്‍ മത്സരിച്ച ഇന്ത്യയുടെ തന്നെ ഹീന സിദ്ധു–അഭിഷേക് വർമ സഖ്യത്തിന് ഫൈനലിലേക്കു യോഗ്യത നേടാനായില്ല. ഈ ഇനത്തില്‍ ചൈന വെള്ളിയും കൊറിയ വെങ്കലവും കരസ്ഥമാക്കി.
സൗരഭ് ചൗധരിയുടെ രണ്ടാം സ്വർണ്ണ നേട്ടമായിരുന്നു ഇത്. നേരത്തെ പത്തു​ മീറ്റർ എയർ പിസ്റ്റളിൽ സൗരഭ്​ ചൗധരി സ്വർണ്ണം നേടിയിരുന്നു.

245 പോയിന്റോടെ ഒന്നാമതെത്തിയ സൗരഭ്​ ലോക റെക്കോർഡോടെയാണ്​ സ്വർണ്ണം നേടിയത്​. 16 കാരനായ സൗരഭ്​ ആദ്യമായാണ്​ സീനിയർ ലോകകപ്പിൽ മത്സരിക്കുന്നത്​ സൗരഭിന്റെ സ്വർണനേട്ടത്തോടെ 2020 ലെ ടോക്യോ ഒളിംപിക്​സിൽ ഇന്ത്യ ക്വോട്ട ഉറപ്പാക്കി.അതേസമയം മനു ഭാക്കറിന്​ ഫൈനലിൽ അഞ്ചാം സ്ഥാനം നേടി തൃപ്​തിപ്പെടേണ്ടി വന്നിരുന്നു. ശനിയാഴ്ച ഇന്ത്യയ്ക്കായി വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അപൂര്‍വി ചന്ദേല സ്വർണ്ണം നേടിയിരുന്നു. റെക്കോഡോടെയായിരുന്നു അപൂര്‍വിയുടെയും സ്വർണ്ണനേട്ടം.

Leave a Reply

Your email address will not be published. Required fields are marked *