Wed. Jan 22nd, 2025
കൊച്ചി:

പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ അനധികൃത ഫ്‌ളക്‌സുകളും, പരസ്യ ബോര്‍ഡുകളും, ഹോര്‍ഡിങ്ങുകളും, ബാനറുകളും, കൊടികളും 10 ദിവസത്തിനകം നീക്കം ചെയ്യാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു ഹൈക്കോടതി അന്ത്യശാസനം നല്‍കി. 10 ദിവസത്തിനു ശേഷവും പരസ്യ ബോര്‍ഡുകള്‍ നീക്കിയില്ലെങ്കില്‍ സെക്രട്ടറി, ഫീല്‍ഡ് സ്റ്റാഫുമാരെ ഉത്തരവാദികളാക്കി നടപടിയാരംഭിക്കണമെന്നും, ഇതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

അനധികൃത ബോര്‍ഡുകള്‍ നീക്കിയിട്ടില്ലെങ്കില്‍ സെക്രട്ടറി /ഫീല്‍ഡ് സ്റ്റാഫുമാര്‍ക്ക് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടാകുമെന്നും, മുന്‍ഉത്തരവു പ്രകാരം പിഴയും, പരസ്യനിരക്കും നല്‍കാന്‍ ബാധ്യതയുണ്ടാകുമെന്നും, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ബ്രഹ്മപുരത്തു പ്ലാസ്റ്റിക് മാലിന്യ കൂനയ്ക്കു തീപിടിച്ചത്, കേരളം എങ്ങോട്ടു പോകുന്നുവെന്നതിന്റെ സൂചനയാണെന്നു വാദത്തിനിടെ കോടതി പറഞ്ഞു. നേരത്തെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ 2018 നവംബര്‍ 30 അവസാന തിയ്യതിയായി നിശ്ചയിച്ചിരുന്നു. ഇതിനു പുറമേ പത്തോളം ഇടക്കാല ഉത്തരവുകളും, സര്‍ക്കാര്‍ ഉത്തരവുകളുമുണ്ടായിട്ടും എല്ലാം അവഗണിക്കപ്പെടുന്നു. ഇനിയും ഇടപെട്ടില്ലെങ്കില്‍, ഈ വിപത്ത് നിയന്ത്രിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ഭയമില്ലാതെ പരസ്യ ബോര്‍ഡുകള്‍ നീക്കാന്‍, തദ്ദേശസ്ഥാപനങ്ങള്‍ക്കു വേണ്ട സാഹചര്യമൊരുക്കണം. കോടതിയുടെയും, സര്‍ക്കാരിന്റെയും ഉത്തരവുകള്‍ നടപ്പാക്കുന്നതിന്റെ മേല്‍നോട്ടത്തിനായി ജില്ല തോറും നോഡല്‍ ഓഫീസര്‍മാരെ വയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍മാരും, നഗരകാര്യ റീജനല്‍ ജോയിന്റ് ഡയറക്ടര്‍മാരും, നോഡല്‍ ഓഫീസര്‍മാരാകും. ഒരാഴ്ചയ്ക്കുള്ളില്‍ ഇതിനു വിജ്ഞാപനം ഇറക്കണം. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, വാട്‌സാപ്പ് നമ്പര്‍ തുടങ്ങിയവ, തുടര്‍ന്നു മൂന്നു ദിവസത്തിനകം പ്രസിദ്ധപ്പെടുത്താനും കോടതി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *