#ദിനസരികള് 681
ഇത്രത്തോളം ക്ഷുദ്രത ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രകടിപ്പിക്കാമോ? ഇന്ത്യയുടെ മണ്ണിലേക്ക് കടന്നു കയറി സി.ആര്‍.പി.എഫ് ജവാന്മാരെ നിഷ്ഠൂരമായി കൊന്നൊടുക്കിയ തീവ്രവാദികള്‍ക്ക് ആക്രമണം നടത്താനുള്ള അവസരം ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്ന ആരോപണം നിലനിൽക്കെയാണ്, കഴിഞ്ഞ ദിവസം, തിരിച്ചടി എന്ന രീതിയില്‍ ഇന്ത്യന്‍ സൈന്യം, ഭീകരന്മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചത്. ഈ സൈനിക നടപടിയെ, മോദി തന്റെ രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധമാക്കി മാറ്റും എന്ന ആശങ്ക ഇന്ത്യയിലെ രാഷ്ട്രീയവൃത്തത്തിനകത്ത് സജീവ ചര്‍ച്ചയിലാണ്.
സ്വന്തം അധികാരം നിലനിറുത്താന്‍ ഏതറ്റം വരേയും പോകാന്‍ മടിയില്ലാത്ത, മോദിയും കൂട്ടരും, മറ്റുള്ളവര്‍ ആശങ്കപ്പെട്ടതുപോലെതന്നെ സൈനിക നടപടിയെ, തനിക്കുള്ള ജനപിന്തുണ തേടാനുള്ള മാര്‍ഗ്ഗമായി കണ്ടുകഴിഞ്ഞു. രണ്ടായിരത്തി പതിനാലില്‍ തനിക്കു ജനം നല്കിയ പിന്തുണ, സൈനിക നടപടിയെ മുന്‍നിറുത്തി രണ്ടായിരത്തി പത്തൊമ്പതിലും ആവര്‍ത്തിക്കണമെന്ന ക്ഷുദ്രമായ അപേക്ഷയുമായി, രാഷ്ട്രീയ ഭിക്ഷാംദേഹിയായിട്ടാണ്, രാജസ്ഥാനിലെ തെരഞ്ഞെടുപ്പു റാലിയെ നരേന്ദ്ര മോദി അഭിമുഖീകരിച്ചത്.
പുല്‍വാമ ഭീകരാക്രമണമുണ്ടായത്, 2019 ല്‍ നടക്കുന്ന ലോകസഭ ഇലക്ഷനിലെ അജണ്ട സൃഷ്ടിക്കാനാണ്. അതല്ലെങ്കില്‍ക്കൂടി, ഈ ആക്രമണം രാജ്യത്തിന്റെ സുരക്ഷയില്‍ വന്ന വലിയ വീഴ്ചയാണ്. രാജ്യരക്ഷയെ പരമപ്രധാനമായിട്ടാണ് കാണുന്നതെന്ന് പ്രഖ്യാപിക്കുന്ന നരേന്ദ്ര മോദി, ഈ വീഴ്ചയെ മറച്ചു വെക്കാന്‍ ഭഗീരഥ പ്രയത്നം നടത്തുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി രാജ്യവുമായി ബന്ധപ്പെട്ട വൈകാരികതകളെ എത്ര സമര്‍ത്ഥമായാണ് വിനിയോഗിക്കുന്നതെന്ന് നോക്കുക –“ഈ മണ്ണിനെ തൊട്ട് സത്യം ചെയ്യുന്നു. ഈ രാജ്യത്തെ ഇല്ലാതാക്കാൻ ഞാന്‍ അനുവദിക്കുകയില്ല. രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടയാന്‍ ആരെയും അനുവദിക്കില്ല. രാജ്യം തല കുനിക്കാന്‍ അനുവദിക്കില്ല. ഇത് ഭാരതാംബയോടുള്ള എന്റെ വാക്കാണ്. ഭാരതത്തിന്റെ മഹിമ ഞാന്‍ സംരക്ഷിക്കും. സൈന്യത്തിനും ഇന്ത്യന്‍ ജനതയ്ക്കും ഞാന്‍ അഭിവാദ്യമര്‍പ്പിക്കുന്നു.”(27-02-2019 മാതൃഭൂമി ദിനപത്രം)
ഈ പ്രസംഗം കേള്‍ക്കുന്ന ആർക്കാണു മോദിയോട് താല്പര്യമുണ്ടാകാതിരിക്കുക? എന്നാലോ, ഈ ആക്രമണം കഴിഞ്ഞ പത്തുമുപ്പുതുകൊല്ലക്കാലത്തിനിടക്കുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് എന്ന കാര്യം നാം ബോധപൂര്‍വ്വം മറക്കുന്നു. എന്തുകൊണ്ടാണ് ഇത്രയധികം രാജ്യസ്നേഹം വാരിവിതറുന്ന മോദിയുടെ കാലത്ത് ഇങ്ങനെ നടന്നതെന്ന ചോദ്യമുന്നയിക്കാന്‍ മറക്കുന്നു. ആ ചോദ്യത്തിന്റെ ഉത്തരമാണ് അടുത്തുവരുന്ന ലോകസഭ എന്നതുകൊണ്ടാണ് ഈ ആക്രമണം, പലരും സന്ദേഹിക്കുന്നതുപോലെ, യുദ്ധസമാനമായ ഒരന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് രാജ്യസ്നേഹത്തിന്റെ പടുതയ്ക്കുമുകളില്‍ അടുത്ത ലോകസഭയില്‍ വിജയംകൊയ്തെടുക്കാനുള്ള രാഷ്ട്രീയ നീക്കമാണോയെന്നെ ചര്‍ച്ച ഉയരുന്നത്.
കാര്യങ്ങള്‍ ആ വഴിക്കു തന്നെയാണ് പോകുന്നതെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി മോദിയുടെ ഭരണത്തില്‍ നടന്ന ജനവിരുദ്ധ നടപടികളൊന്നും, ഇനി സ്വാഭാവികമായും നമ്മുടെ മാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്യില്ല. മനോരമ എഴുതിയതുപോലെ താല്കാലികമായെങ്കിലും, മറ്റെല്ലാ വിഷയങ്ങളേയും മറക്കാന്‍ ഈ ആക്രമണങ്ങള്‍ മോദിയെ സഹായിക്കും. പ്രതിപക്ഷ കക്ഷികളടക്കം, രാജ്യസ്നേഹത്തിന്റെ ചൂരില്‍ മനംമയങ്ങി നില്ക്കുന്നു. അഴിമതിയും, സമുദായ കലാപങ്ങളും, ദളിതുപീഡനങ്ങളുമൊക്കെ മറക്കപ്പെടുന്നു. ഗ്യാസിന്റേയും, പെട്രോളിന്റേയും, മറ്റു നിത്യോപയോഗ സാധനങ്ങളുടേയും വില വര്‍ദ്ധനവ് മറക്കപ്പെടുന്നു. മന്‍മോഹന്‍ സിംഗിന്റെ ഭരണകാലത്തെക്കാള്‍ അഴിമതിയുടെ തോത് ഇരട്ടിയോളമായത് മറക്കപ്പെടുന്നു. എല്ലാവരും രാജ്യസ്നേഹത്തിന്റെ വക്താക്കളായി വേഷംകെട്ടിയാടുന്നു.
“Today I assure the countrymen, the country is in safe hands” എന്നാണ് മോഡി അവകാശപ്പെടുന്നത്. ഞാന്‍ തന്നെയാണ് ഈ രാജ്യമെന്നും എനിക്കുമാത്രമേ സംരക്ഷിക്കാന്‍ കഴിയൂ എന്നുമുള്ള ധാരണകളാണ് മോദി പരത്താന്‍ ശ്രമിക്കുന്നത്. അതിര്‍ത്തികളില്‍ സംഘര്‍ഷമുണ്ടാക്കി അധികാരത്തില്‍ തുടരാനുള്ള പോംവഴികള്‍ തേടുന്നതു മാത്രമല്ല രാജ്യത്തിന്റെ സുരക്ഷ എന്നു പറയുന്നത്. ബാഹ്യമായ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനൊപ്പം, സാധാരണ ജനതയുടെ ജീവിതത്തെ സുഗമമാക്കുന്ന നടപടികള്‍ കൂടി സ്വീകരിച്ചുകൊണ്ട് അഴിമതിയും, കെടുകാര്യസ്ഥതയും, കലാപങ്ങളും അവസാനിപ്പിക്കുകയെന്നതും രാജ്യ സുരക്ഷയുടെ പരിധിയില്‍ വരുന്നതാണ്.
എന്നാല്‍, മോദിയുടെ ഭരണം, പാവപ്പെട്ടവരെ മുഖവിലക്കെടുക്കാതെ പണക്കാരുടെ മാത്രം താല്പര്യങ്ങളെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. കോടിക്കണക്കിനു രൂപ തട്ടിപ്പു നടത്തിയവരെ സുഖമായി രാജ്യം വിടാന്‍ അനുവദിച്ചയാള്‍ ഇപ്പോള്‍ ഏതു രാജ്യസുരക്ഷയെപ്പറ്റിയാണ് വാചാലനാകുന്നത്? മോദി എന്നും നല്ല നാടകക്കാരനായിരുന്നു. നോട്ടുനിരോധനക്കാലത്ത് തൊണ്ണൂറ്റി മൂന്നു വയസ്സായ സ്വന്തം അമ്മയെപ്പോലും ക്യൂനിറുത്തി അദ്ദേഹം നടത്തിയ നാടകം ലോകം കണ്ടതാണ്. അമ്പതു ദിവസത്തിനു ശേഷം നോട്ടുനിരോധനത്തിന്റെ കുഴപ്പങ്ങള്‍ ശരിയായില്ലെങ്കില്‍, തന്നെ കത്തിച്ചു കളഞ്ഞോളൂ എന്നു പ്രഖ്യാപിക്കുന്ന മോദിയേയും നാം കണ്ടതാണ്.
2014 ലെ ഇലക്ഷന്‍ പ്രചാരണക്കാലത്ത് 15 ലക്ഷം രൂപ ഓരോ പൌരന്റേയും അക്കൌണ്ടുകളിലേക്ക് ഇട്ടുകൊടുക്കുമെന്ന് വീമ്പുപറഞ്ഞ മോദിയേയും നമുക്കു പരിചയമുണ്ട്. ഇലക്ഷന്‍ കാലമായതോടെ പുതിയ പുതിയ നാടകങ്ങളുമായി വീണ്ടും മോദി രംഗത്തിറങ്ങിയിരിക്കുന്നു. പി എം കിസാന്‍ അത്തരത്തിലുള്ള ഒരു നാടകമാണ്. കേവലം രണ്ടായിരം രൂപയ്ക്ക് ഇന്ത്യയിലെ കര്‍ഷകമനസ്സിനെ വിലയ്ക്കെടുക്കാന്‍ കഴിയുമെന്നാണ് മോദി പ്രതീക്ഷിക്കുന്നത്. രണ്ടു ശുചീകരണ തൊഴിലാളികളെ വിളിച്ചിരുത്തി കാലു കഴുകിക്കൊടുക്കുന്ന മോദിയുടെ ചിത്രം ലാളിത്യത്തിന്റെ പ്രതീകമായി ആഘോഷിക്കുന്നവരേയും നാം കണ്ടു കഴിഞ്ഞു.
എത്ര അപഹാസ്യമാണ് ഈ നാട്യങ്ങള്‍! ഇനിയും എത്രയോ നാടകങ്ങള്‍ ഇന്ത്യന്‍ ജനത കാണാനിരിക്കുന്നു.
കഴിഞ്ഞ അഞ്ചുകൊല്ലക്കാലം അനുഭവിച്ച കെടുതികളൊക്കെയും, ഈ ചുരുങ്ങിയ രണ്ടു മാസംകൊണ്ട് നാം മറക്കുകയാണെങ്കില്‍, വരാനിരിക്കുന്ന നാളെകള്‍ ഇന്ത്യന്‍ ജനതയ്ക്കു സമ്മാനിക്കുക വറുതിയുടെ കാലമായിരിക്കും. രാജ്യസുരക്ഷയുടെ പേരില്‍ നടക്കുന്ന അടിയുടേയും തിരിച്ചടിയുടേയും പേരില്‍ മനംമയങ്ങി നാം നിന്നു പോകരുതെന്ന് സ്വയം ശാസിക്കുക. അതാണ് ഇക്കാലത്ത് ജനതയില്‍ നിന്നും രാജ്യം പ്രതീക്ഷിക്കുന്നത്.
മനോജ് പട്ടേട്ട്, വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി.
നല്ല എഴുത്തു