Wed. Jan 22nd, 2025
തിരുവനന്തപുരം:

കലയുടെ മേഖലയിലും, പൊതുവിൽ സമൂഹത്തിലും, വർദ്ധിച്ചുവരുന്ന സവർണ്ണ മേധാവിത്തത്തിനും, മറ്റു അനീതികൾക്കും എതിരെ പ്രതിഷേധ സൂചകമായി നടത്തുന്ന ചിത്രപ്രദർശനത്തിന് ഇന്ന് തിരുവനന്തപുരം മാനവീയം വീഥിയിൽ തുടക്കമാവും.

ബിജോയ് എസ്.ബി എന്ന സ്വതന്ത്ര ചിത്രകാരനാണ്, ‘നമ്മവര’ എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനത്തിലൂടെ, തന്റെ ചിത്രങ്ങൾ ജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ ബിജോയ്, വിവിധ സാമൂഹിക വിഷയങ്ങളിൽ തന്റെ നിലപാടു വ്യക്തമാക്കിക്കൊണ്ടും, പ്രതിഷേധ സൂചകമായും വരച്ചിരിക്കുന്ന ചിത്രങ്ങളാണ് മാനവീയം വീഥിയിൽ പ്രദർശിപ്പിക്കുക.

ലക്ഷങ്ങളുടെ തുക വാടകയായി നൽകേണ്ടി വരുന്ന ആർട്ട്ഗാലറികൾ സാധാരണ കലാകാരന്മാർക്ക് അപ്രാപ്യമാണെന്നും, അത്തരം ഇടങ്ങൾ സവർണ്ണ മേധാവിത്തത്തിന്റെ ഇടങ്ങളാണെന്നുമുള്ള തിരിച്ചറിവിൽ നിന്നാണ്, പൊതുവിടങ്ങളിൽ പ്രദർശനം നടത്താൻ ബിജോയിയെ പ്രേരിപ്പിച്ചത്.

കലാസ്ഥാപനങ്ങൾ ദളിതരായ കലാകാരന്മാരെ കണ്ടില്ലെന്ന് നടിക്കുന്നതിന് എതിരെയുള്ള പ്രതിഷേധം കൂടിയാണ്, ബിജോയ് എസ്.ബിയുടെ ചിത്രപ്രദർശനം. ചിത്രകലയെ തെരുവിലേക്ക് കൊണ്ടുവന്ന് പൊതുജനങ്ങൾക്ക് മുന്നിൽ പ്രാദർശിപ്പിക്കുന്നതിലൂടെ, അക്കാദമികളുടെയും, ആർട്ട്ഗാലറികളുടെയും വ്യവസ്ഥിതിയുടെ പൊളിച്ചെഴുത്തുകൂടിയാണ് ബിജോയ് ‘നമ്മവര’യിലൂടെ ഉദ്ദേശിക്കുന്നത്.

ജനുവരി 8 ന് നെയ്യാറ്റിൻകരയിലാണ് ആദ്യപ്രദർശനം നടന്നത്. തുടർന്ന്, ആലപ്പാട്, എറണാകുളം, നിംസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ പ്രദർശനം നടന്നിരുന്നു. കേരളത്തിൽ, തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലെയും പൊതുവിടങ്ങളിൽ ചിത്രപ്രദർശനം നടത്താനാണ് ബിജോയിയുടെ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *