ചിറ്റൂർ, പാലക്കാട്:
സമരം നടത്തുന്ന ജനങ്ങളോട് സര്‍ക്കാര്‍ നടത്തുന്നത് വാഗ്ദാന ലംഘനമാണെന്ന് പ്ലാച്ചിമട സമരസമിതി. പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ രൂപീകരിക്കുമെന്ന ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിലെ വാഗ്ദാന ലംഘനത്തിനെതിരെയും, കൊക്കൊകോളയെ വീണ്ടും പ്ലാച്ചിമടയിലേക്കെത്തിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയും പ്ലാച്ചിമടയിലെ സമരക്കാര്‍, മുഖ്യമന്ത്രിയുടെ വസതിയിലേക്ക്, ബഹുജന പ്രതിഷേധമാര്‍ച്ച് നടത്തി.
നിയമം നടപ്പിലാക്കേണ്ട ഭരണാധികാരികള്‍ നിയമം ലംഘിക്കുന്ന കുറ്റവാളികളായി മാറിയിരിക്കുന്നു. നവോത്ഥാനം പറയുന്ന കേരളത്തില്‍ സംവാദങ്ങളും, ചര്‍ച്ചകളുമാണ് നടത്തുന്നത്. എന്നാല്‍ അടിസ്ഥാന വര്‍ഗ്ഗം പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്നില്ലെന്നും സമരസമിതി പറഞ്ഞു. ജനാധിപത്യമൂല്യമുളള രാജ്യത്ത് മുഖ്യമന്ത്രി നല്‍കിയ വാക്ക് പാലിക്കണം. വികസനത്തില്‍ ഞങ്ങള്‍ എതിരല്ലെന്നും, സര്‍ക്കാര്‍ വികസന തീവ്രവാദികളാകരുതെന്നും പ്രധിഷേധമാര്‍ച്ചില്‍ സമരസമിതി വ്യക്തമാക്കി.
പ്രതിഷേധമാര്‍ച്ചിനുശേഷവും, സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍, വരുന്ന തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ, വ്യാപകമായി പ്രചരണ പരിപാടികള്‍ നടത്തുമെന്നും സമരസമിതി അറിയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍, ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ രൂപീകരിക്കുമെന്നത്. എന്നാല്‍, പിണറായി സര്‍ക്കാര്‍ ഇതുവരെയും ട്രൈബ്യൂണല്‍ രൂപീകരിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും, ഇരകള്‍ക്ക് അവശ്യമായ നഷ്ടപരിഹാരം നല്‍കാതെ, കോളക്കമ്പനിയെ വീണ്ടും പ്ലാച്ചിമടയിലേക്ക് എത്തിക്കുകയാണെന്നും ആരോപിച്ചാണ് പ്ലാച്ചിമട കൊക്കൊകോള വിരുദ്ധ സമരസമിതി പ്രതിഷേധമാര്‍ച്ച് നടത്തിയത്. നഷ്ടപരിഹാരം നല്‍കാതെ, പ്ലാച്ചിമടയില്‍ കൊക്കൊകോള കമ്പനി പ്രവര്‍ത്തനം തുടങ്ങാന്‍ അനുവദിക്കില്ലെന്നും, സമര സമിതി അറിയിച്ചു. നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ വേഗത്തില്‍ ഇടപെടണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.